ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി
കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ വീണ്ടും പരിഹസിച്ചിരിക്കുകയാണ് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജസ്റ്റിന്‍ ട്രൂഡോയെ കാനഡയുടെ ഗവര്‍ണര്‍ എന്നു വളിച്ചായിരുന്നു പരിഹാസം. രണ്ടാഴ്ച മുമ്പും സമാനമായ രീതിയില്‍ ട്രംപ് ട്രൂഡോയെയും ഒപ്പം കാനഡയെയും പരിഹസിച്ചിരുന്നു. കാനഡയ്ക്ക് അമേരിക്കന്‍ ഐക്യനാടുകളുടെ 51ാം സ്റ്റേറ്റാവാമെന്നും ട്രൂഡോയ്ക്ക് അതിന്റെ ഗവര്‍ണറാവാമെന്നുമായിരുന്നു പരിഹാസം. ട്രംപ് എന്ന വ്യക്തിയുടെ പ്രസംഗങ്ങളും ഇടപെടലുകളുമെല്ലാം കാണുന്നവരെ സംബന്ധിച്ച് അതൊരു ഭ്രാന്തന്‍ തമാശയെന്ന് പറഞ്ഞ് തള്ളാനാവുമെങ്കിലും അമേരിക്കയില്‍ അധികാരത്തിലേറാന്‍ പോവുന്ന പ്രസിഡന്റ്, അയല്‍ രാജ്യത്തോടും അവിടത്തെ പ്രധാന മന്ത്രിയോടും ഇങ്ങിനെ പെരുമാറുന്നത് അമേരിക്ക തുടര്‍ന്നുപോരുന്ന അധിനിവേശ മനസ്ഥിതിയുടെ ഭാഗമാണെന്നതില്‍ സംശയമില്ല.
2018ല്‍ സമാന രീതിയില്‍ ട്രംപ് ഏര്‍പ്പെടുത്തിയ നികുതിക്കെതിരേ കാനഡയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടത്തിയ പ്രതികരണത്തിന് പിന്നാലെ യുഎസിന് അത് പിന്‍വലിക്കേണ്ടിവന്ന ചരിത്രം ഓര്‍ക്കാത്തതിനാലോ ഭരണാധികാരി സഹിഷ്ണുത കാണിക്കണമെന്ന ചിന്തയാലോ എന്നറിയില്ല ട്രംപിന്റെ ആദ്യ പരിഹാസത്തോട് മതിയായ രീതിയില്‍ പ്രതികരിക്കാന്‍ ട്രൂഡോക്കും കൂട്ടര്‍ക്കും കഴിയാതെ പോയതും ആദ്യമൊന്നമ്പരന്നതും ട്രംപിനെ വീണ്ടും കടുത്ത പരിഹാസത്തിന് പ്രേരിപ്പിച്ചുവെന്ന് വേണം കരുതാന്‍. ഏതായാലും ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങളില്‍ ട്രൂഡോ ഇത്തരം സഹിഷ്ണുതയൊന്നും കാണിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ട്രംപിന്റെ പ്രഖ്യാപനവും പരിഹാസവുമെല്ലാം മറ്റൊരു വ്യാപാര യുദ്ധത്തിലേക്കാണ് ലോകത്തെ നയിക്കുന്നത് എന്ന് തന്നെയാണ് കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
ട്രംപിന്റെ പരിഹാസം
നവംബര്‍ 30ന് അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപിന്റെ ഗോള്‍ഫ് റിസോര്‍ട്ടായ 'മാര്‍എലാഗോ'യില്‍ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ആദ്യ പരിഹാസം. കാനഡയുടെ തെക്കന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ക്കെതിരേയും നിയമവിരുദ്ധമായ ലഹരിക്കടത്തിനെതിരേയും നടപടിയെടുത്തില്ലെങ്കില്‍ കാനഡയ്ക്കുമേല്‍ 25 ശതമാനം ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ട്രൂഡോ ട്രംപിന്റെ റിസോര്‍ട്ടിലെത്തിയത്. പൊതുസുരക്ഷാമന്ത്രി ഡൊമിനിക് ലെബ്ലാങ്കും ട്രൂഡോയ്‌ക്കൊപ്പമുണ്ടായിരുന്നു. വീഴ്ച തുടര്‍ന്നാല്‍, കാനഡ , മെക്‌സിക്കോ ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നും ജനുവരി 20ന് പുതിയ യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ആദ്യ ദിവസം തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ അനധികൃത കുടിയേറ്റവും ലഹരിക്കടത്തും തടയാമെന്ന് വ്യക്തമാക്കിയ ട്രൂഡോ, നികുതി പരാമര്‍ശം ട്രംപ് ആവര്‍ത്തിച്ചതോടെയാണ് നികുതി വര്‍ധന കനേഡിയന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് പറഞ്ഞത്. പിന്നാലെയായിരുന്നു നികുതി താങ്ങാനാവുന്നില്ലെങ്കില്‍ കാനഡയ്ക്ക് അമേരിക്കയുടെ 51ാമത് സംസ്ഥാനമായി മാറാമെന്നും ട്രൂഡോയെ ഗവര്‍ണറായി നിയമിക്കാം എന്നുമുള്ള ട്രംപിന്റെ പരാമര്‍ശം.
100 ബില്യന്‍ ഡോളര്‍ അമേരിക്കയില്‍നിന്ന് കൊള്ളയടിക്കാതെ താങ്കളുടെ രാജ്യത്തിന് അതിജീവിക്കാന്‍ കഴിയില്ലേയെന്നും അങ്ങനെയാണെങ്കില്‍ 51ാമത്തെ സംസ്ഥാനമായി കാനഡയ്ക്ക് അമേരിക്കയ്‌ക്കൊപ്പം ചോമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ പരാമര്‍ശം കേട്ട് ട്രൂഡോ പരിഭ്രാന്തിയോടെ ചിരിച്ചു എന്നാണ് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. അന്നത് പലരും പെട്ടെന്നുള്ളൊരു പ്രതികരണമായി മാത്രമാണ് കണക്കിലെടുത്തതെങ്കില്‍ ഇക്കഴിഞ്ഞദിവസം ട്രംപ് വീണ്ടും ട്രൂഡോയെ ഗവര്‍ണര്‍ എന്ന് വിളിച്ചുകൊണ്ട് രംഗത്തെത്തിയത്, ട്രംപ് അക്കാര്യം തീരുമാനിച്ചു തന്നെ പറഞ്ഞതാണ് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജസ്റ്റിന്‍ ട്രൂഡോയെ ഗവര്‍ണര്‍ എന്നു വിശേഷിപ്പിച്ച്, തന്റെ തന്നെ സ്വന്തം സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് പരിഹാസക്കുറിപ്പിട്ടത്. 'ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് കാനഡയുടെ ഗവര്‍ണര്‍ ജസ്റ്റിന്‍ ട്രൂഡോയ്‌ക്കൊപ്പം കഴിഞ്ഞ രാത്രി അത്താഴം കഴിച്ചത് സന്തോഷം നല്‍കിയ കാര്യമായിരുന്നു. നികുതിയും വ്യാപാരവും സംബന്ധിച്ച ആഴത്തിലുള്ള ചര്‍ച്ചകള്‍ തുടരുന്നതിന് ഗവര്‍ണറെ ഉടന്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിന്റെ ഫലം മനോഹരമായിരിക്കും.' എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.
ട്രംപിനോടുള്ള ട്രൂഡോയുടെ പ്രതികരണം
ട്രംപിന്റെ ആദ്യപരിഹാസത്തോട് പെട്ടെന്ന് പ്രതികരിക്കാതിരുന്ന ട്രൂഡോ, ദിവസങ്ങള്‍ക്ക് ശേഷം ട്രംപിന്റെ നികുതിഭീഷണിക്കെതിരേ ഒറ്റക്കെട്ടായിനില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും യു.എസുമായുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ 10 കനേഡിയന്‍ പ്രവിശ്യകളുടെയും പ്രീമിയര്‍മാരുടെ യോഗം വിളിച്ചുകൂട്ടുകയും ചെയ്തു. ട്രംപിന്റെ നികുതി പ്രഖ്യാപനത്തോട് ശക്തമായി പ്രതികരിക്കുമെന്നും 2018ല്‍ സമാനമായി ട്രംപ് നികുതി ഏര്‍പ്പെടുത്തിയപ്പോള്‍ ട്രംപ് ഭരണകൂടം നേരിട്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൂടി ഓര്‍മിപ്പിച്ച് ട്രൂഡോ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ട്രംപ് വിവാദ പരാമര്‍ശം ആവര്‍ത്തിച്ചത്. കാനഡ ബ്രിട്ടീഷ് രാജവാഴ്ചയുടെ ഭാഗമായി നിലകൊള്ളുന്ന രാജ്യമാണെന്നതും ഇതിന് പ്രേരിപ്പിച്ചിരിക്കാം. ഇപ്പോഴും കാനഡയുടെ പരമാധികാരി ബ്രിട്ടീഷ് രാജ്ഞി അല്ലെങ്കില്‍ രാജാവാണ്. എലിസമ്പത്ത് രാജ്ഞിക്ക് ശേഷം ചാള്‍സ് മൂന്നാമന്‍ രാജാവാണ് നിലവില്‍ ആ പദവി വഹിക്കുന്നത്. രാജാവിന്റെ പ്രതിനിധിയായി എല്ലാ സംസ്ഥാനങ്ങള്‍ക്കും ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരും ഉണ്ട്. 10 സംസ്ഥാനങ്ങളും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളും ചേരുന്നതാണ് കാനഡ. ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ന്യൂ ബ്രണ്‍സ്വിക്, ന്യൂഫൌണ്ട്‌ലാന്‍ഡ് ആന്‍ഡ് ലബ്രാഡൊര്‍, നോവാ സ്‌കോഷ്യ, ഒന്റാറിയോ, പ്രിന്‍സ് എഡ്വേഡ് ഐലന്‍ഡ്, ക്യുബെക്, സസ്‌കാച്വാന്‍ എന്നിവയാണു സംസ്ഥാനങ്ങള്‍. നൂനവുട്, വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങള്‍, യുകോണ്‍ എന്നിവ കേന്ദ്രഭരണ പ്രദേശങ്ങളും. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രഭരണ പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സ്വയംഭരണാധികാരങ്ങളുണ്ട്. സംസ്ഥാനങ്ങളുടെ മൊത്തം വരുമാനം കേന്ദ്രത്തിന്റെ വരുമാനത്തേക്കാള്‍ കൂടുതലാണെന്നതാണ് മറ്റൊരു പ്രത്യേകത. ലോകത്ത് മറ്റൊരു രാജ്യത്തുമില്ലാത്ത സ്ഥിതിവിശേഷമാണിത്. കേന്ദ്ര സര്‍ക്കാരിന് പ്രത്യേക നിയമ നിര്‍മാണത്തിലൂടെ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ഇടപെടാമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഇത്തരം കേന്ദ്രനിയമങ്ങള്‍ തള്ളിക്കളയാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ടെന്നതും മറ്റൊരു പ്രത്യകതയാണ്. ഈ സാഹചര്യത്തില്‍ കൂടിവേണം ട്രംപിന്റെ പ്രസ്താവനയെ വിലയിരുത്താന്‍.
കാനഡ ആരും മോഹിക്കുന്ന സുഹൃദ് രാജ്യം
അമേരിക്കയേക്കാള്‍ വലിപ്പമുള്ള, സ്വതന്ത്ര വികസിത രാജ്യമായ കാനഡ, തന്റെ രാജ്യത്തിന്റെ സ്റ്റേറ്റാവണമെന്ന ട്രംപിന്റെ വാക്കുകള്‍, അപേക്ഷയുടേതല്ല, ഭീഷണിയുടേതായിരുന്നു എന്ന് തന്നെയാണ് വ്യക്തമാവുന്നത്. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ സ്ഥിതിചെയ്യുന്ന കാനഡ, ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭൂപ്രദേശമുള്ള രണ്ടാമത്തെ രാജ്യമാണ്. ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള രാജ്യമെന്ന ഖ്യാതിയും കാനഡയ്ക്കാണ്. വലിപ്പത്തില്‍ മുന്നിലാണെങ്കിലും സമീപമുള്ള അമേരിക്കയെ അപേക്ഷിച്ച് കാനഡയില്‍ ജനവാസം കുറവാണ്. ആര്‍ട്ടിക് പ്രദേശത്തോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ മിക്ക സ്ഥലങ്ങളും മഞ്ഞുമൂടി തണുത്ത് ജനവാസ യോഗ്യമല്ലെന്നതാണതിന് കാരണം. ഭൂരിപക്ഷം ജനങ്ങളും ഇംഗ്ലീഷ്, യൂറോപ്യന്‍ വംശജരാണ്. തദ്ദേശ വംശജരായ ഇന്ത്യന്‍സും മറ്റ് രാജ്യങ്ങളില്‍ നിന്നും കുടിയേറ്റക്കാരും ഇവിടെയുണ്ട്. കാനഡയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഏകമണ്ഡല നിയമസഭയാണുള്ളത്. സംസ്ഥാനനിയമസഭയുടെ തലവന്‍ പ്രീമിയര്‍ എന്നാണ് അറിയപ്പെടുന്നത്. പ്രീമിയര്‍ എന്നാല്‍ പ്രധാനമന്ത്രി എന്നാണ് അര്‍ഥമെങ്കിലും കനേഡിയന്‍ പ്രധാനമന്ത്രിയുമായി സംശയമുണ്ടാകാതിരിക്കുവാന്‍ വേണ്ടി സംസ്ഥാന ഭരണത്തലവന്മാരെ പ്രീമിയര്‍ എന്ന് മാത്രമേ വിളിക്കാറുള്ളൂ.
ട്രൂഡോയുടെ ഭീഷണി വെറും വാക്കല്ല
2018 ആവര്‍ത്തിക്കുമെന്ന ട്രൂഡോയുടെ ഭീഷണി വെറും വാക്കല്ല. 2018ല്‍ ട്രംപിന്റെ നികുതിക്കെതിരേ കാനഡ നടത്തിയ പ്രതികരണത്തില്‍ നഷ്ടം സംഭവിച്ചത് കൂടുതലും അമേരിക്കക്കയാരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇക്കാര്യം ട്രൂഡോയുടെ കഴിഞ്ഞദിവസങ്ങളിലെ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്. 'കാനഡ അന്യായമായ താരിഫുകളോട് പല തരത്തില്‍ പ്രതികരിക്കും. പ്രതികരിക്കാനുള്ള ശരിയായ വഴികള്‍ ഞങ്ങള്‍ ഇപ്പോഴും നോക്കുകയാണ്. അന്യായമായ സ്റ്റീല്‍, അലുമിനിയം താരിഫുകളോടുള്ള ഞങ്ങളുടെ പ്രതികരണങ്ങള്‍ നിങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. 2018 ലെ വസന്തകാലത്ത് ട്രംപ് കനേഡിയന്‍ സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് താരിഫ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ബര്‍ബണ്‍, ഹാര്‍ലി ഡേവിഡ്‌സണ്‍സ്, പ്ലേയിങ് കാര്‍ഡുകള്‍, ഹെയ്ന്‍സ് കെച്ചപ്പ് എന്നിവ പോലുള്ളവയെയും സെന്‍സിറ്റിവായ മറ്റു ഇനങ്ങളെയും ഞങ്ങള്‍ ടാര്‍ഗെറ്റുചെയ്തത് നിങ്ങള്‍ക്ക് ഗുരുതര പ്രത്യഘാതങ്ങളാണ് ഉണ്ടാക്കിയത്. അങ്ങനെ അമേരിക്കക്കാര്‍ക്ക് യഥാര്‍ഥത്തില്‍ അനുഭവപ്പെടുന്ന രീതിയില്‍ തിരിച്ചടിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു' ട്രൂഡോ പറഞ്ഞു. താരിഫുകള്‍ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ ട്രംപ് കാര്യങ്ങളെ ഗൗരവമായി കാണണമെന്നും കനേഡിയന്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. 'അദ്ദേഹത്തിന്റെ സമീപനം പലപ്പോഴും ആളുകളെ വെല്ലുവിളിക്കുക, ചര്‍ച്ച ചെയ്യുന്ന പങ്കാളിയെ അസ്ഥിരപ്പെടുത്തുക, ജനാധിപത്യത്തിന്റെയും സ്ഥാപനങ്ങളുടെയും സുസ്ഥിരമായ ഇടനാഴികളിലേക്ക് അനിശ്ചിതത്വവും ചിലപ്പോള്‍ അല്‍പ്പം അരാജകത്വവും വാഗ്ദാനം ചെയ്യുക എന്നിവയാണ്. ട്രംപിന് മറ്റ് പ്രചോദനങ്ങളും ഉണ്ടാകുമെന്നാണ് കഴിഞ്ഞകാല ചരിത്രം കാണിക്കുത്' ട്രൂഡോ പറഞ്ഞു. പരിഭ്രാന്തരാകരുതെന്നും ട്രംപുമായി ഒരു കരാറിലെത്താനും രണ്ട് സമ്പദ്‌വ്യവസ്ഥകളെയും ദോഷകരമായി ബാധിക്കാതിരിക്കാനും കാനഡ ചിന്തനീയവും ഐക്യത്തോടെയുള്ളതുമായ സമീപനം സ്വീകരിക്കുമെന്നും ട്രൂഡോ പറഞ്ഞു.
ഒന്റാരിയോ പ്രവിശ്യാ സര്‍ക്കാരും യു.എസിനെതിരേ കടുത്ത നടപടിയെടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. യു.എസ് നിര്‍മിത മദ്യം നിരോധിക്കുമെന്നും പല യു.എസ് സംസ്ഥാനങ്ങളിലേക്കുമുള്ള വൈദ്യുതി കയറ്റുമതി തടയുമെന്നുമാണ് പ്രവിശ്യാ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. മിഷിഗണ്‍, ന്യൂ യോര്‍ക്ക്, വിസ്‌കോണ്‍സിന്‍ സംസ്ഥാനങ്ങള്‍ക്കു വൈദ്യുതി നിഷേധിക്കാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ 1.5 മില്യണ്‍ യുഎസ് വീടുകള്‍ക്ക് വൈദ്യുതി നല്‍കുന്നുണ്ട്. ഞങ്ങളുടെ മേല്‍ തീരുവ ചുമത്തിയാല്‍ അമേരിക്കക്കാര്‍ക്ക് ഇലെക്ട്രിസിറ്റി വില താങ്ങാന്‍ കഴിയാതെ വരും. നിങ്ങള്‍ ഒന്റാരിയോയെ ആക്രമിച്ചാല്‍ നിങ്ങള്‍ ഒന്റാരിയോയിലെയും കാനഡയിലെയും ജനങ്ങളുടെ ഉപജീവനം തടയാന്‍ ശ്രമിച്ചാല്‍, അതു പ്രതിരോധിക്കാന്‍ ഞങ്ങളുടെ ആയുധപ്പുരയിലെ എല്ലാ ആയുധവും ഞങ്ങള്‍ എടുക്കും' പ്രീമിയര്‍ പറഞ്ഞു. യുഎസില്‍ നിര്‍മിക്കുന്ന ഇലക്ട്രിക്ക് കാറുകള്‍ക്കു അനിവാര്യമായ മിനറലുകള്‍ നല്‍കാന്‍ ഒന്റാരിയോ വിസമ്മതിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മെക്‌സിക്കോയുടെയും കാനഡയുടെയും മേല്‍ തീരുവ ചുമത്തിയാല്‍ യുഎസില്‍ വാഹനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഇന്ധനത്തിനും മറ്റും വില കുതിച്ചുയരുമെന്നാണ് അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസി ആസ്ഥാനയി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമ്പത്തിക ഗവേണ സ്ഥാപനമായ പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷനല്‍ ഇക്കണോമിക്‌സ് പറയുന്നത്. 'അമേരിക്കന്‍ ഉപഭോക്താക്കളും സ്ഥാപനങ്ങളും അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. ഓരോ വീടുകള്‍ക്കും ചെലവ് കൂടും. ഏറ്റവും കൂടുതല്‍ ഭാരം വരുമാനം കുറഞ്ഞവര്‍ക്കാവും.' ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസ്താവയില്‍ വ്യക്തമാക്കി. അതായത് 2018ലെ വ്യാപാര യുദ്ധത്തിലേതെന്ന പോലെ അമേരിക്കയെ തന്നെയാണ് ഇത്തവണയും പരാജയം കാത്തിരിക്കുന്നത് എന്നതാണ് അമേരിക്കന്‍ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
യു.എസിന് കാനഡയെ ആശ്രയിക്കാതെ കഴിയില്ല
അമേരിക്കന്‍ ബിസിനസുകള്‍ക്ക് കാനഡ ഒരു വലിയ വിപണിയാണെന്നത് യാഥാര്‍ഥ്യമാണ്. അതേസമയം, കഴിഞ്ഞ വര്‍ഷം കാനഡ നടത്തിയ കയറ്റുമതിയുടെ മുക്കാല്‍ ഭാഗവും യുഎസിലേക്ക് ആയിരുന്നു. ഊര്‍ജ കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന ചുരുക്കം ചില വികസിത രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. ലോകത്തെ നാലാമത്തെ വലിയ എണ്ണയുല്‍പാദകരും ആറാമത്തെ പാചകവാതക ഉല്‍പാദകരുമായ കാനഡ, എണ്ണയിലധികവും യു.എസിലേക്കാണ് കയറ്റിയയക്കുന്നത്. അറ്റ്‌ലാന്റിക് കാനഡയില്‍ പ്രകൃതിവാതകത്തിന്റെ വലിയ കടല്‍ത്തീര നിക്ഷേപമുണ്ട്. ആല്‍ബര്‍ട്ട ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ശേഖരമുള്ളയിടമാണ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിതരണക്കാരുമാണ് കാനഡ. ഗോതമ്പ്, കനോല, മറ്റ് ധാന്യങ്ങള്‍ എന്നിവയുടെ ഏറ്റവും പ്രധാനപ്പെട്ട ആഗോള ഉല്‍പാദനം കനേഡിയന്‍ പ്രേയീസ് മേഖലയിലാണ്. സിങ്ക്, യുറേനിയം, സ്വര്‍ണം, നിക്കല്‍, പ്ലാറ്റിനോയിഡുകള്‍, അലുമിനിയം, സ്റ്റീല്‍, ഇരുമ്പയിര്, കോക്കിങ് കല്‍ക്കരി, ലെഡ്, ചെമ്പ്, മോളിബ്ഡിനം, കോബാള്‍ട്ട്, കാഡ്മിയം എന്നിവയുടെ കയറ്റുമതിയിലും രാജ്യം മുന്‍നിരയിലാണ്. ഓട്ടോമൊബൈല്‍സ്, എയറോനോട്ടിക്‌സ് എന്നിവയും മത്സ്യബന്ധന വ്യവസായവും സമ്പദ്‌വ്യവസ്ഥയെ സമ്പന്നമാക്കുന്നു. അതായത് ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ എന്ന് വ്യക്തം.
These are reasons why Trump mocks Canada and Trudeau
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."