സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ
ഗസ്സ: ഗസ്സയില്‍ വംശഹത്യ തുടര്‍ന്ന് ഇസ്‌റാഈല്‍. സ്‌കൂളുകളും വീടുകളും ഉള്‍പെടെ മനുഷ്യവാസ കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍. നുസൈറത്ത് അഭയാര്‍ഥി ക്യാംപില്‍ നടത്തിയ കൂട്ടക്കൊലക്കു പിന്നാലെ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ 52 പേരെയാണ് കൊന്നൊടുക്കിയത്.
കുടുംബങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ് ഇസ്‌റാഈല്‍. ജബലിയയിലെ ഒരു വീടിന് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സഅദല്ലാ കുടുംബത്തിലെ നാലു പേരാണ് കൊല്ലപ്പെട്ടത്. നോര്‍ത്ത് ഈസ്റ്റ് ഗസ്സയിലെ സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ട് പേരും ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാംപിന് നേരെ നടത്തിയ ആക്രമണത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടതെന്ന് വഫ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച നടന്ന വ്യോമാക്രമണങ്ങളില്‍ 18 പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ ദാറുല്‍ ബലാഹില്‍ മുനിസിപ്പാലിറ്റി കെട്ടിടത്തിനുനേരെ നടന്ന ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. കാല്‍നടയാത്രക്കാരും റിക്ഷയിലുള്ളവരും കാറിലുള്ളവരുമാണ് കൊല്ലപ്പെട്ടത്. മധ്യ ഗസ്സയില്‍ ഹമാസ് പ്രാദേശിക ഭരണകൂടം മേധാവിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഗസ്സ സിറ്റിയിലെ വടക്കു പടിഞ്ഞാറ് ജാല നഗരത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു.
വീടുകള്‍, ആശുപത്രികള്‍, അഭയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലുള്ള സാധാരണക്കാരെ തെരഞ്ഞുപിടിച്ച് ബോംബിട്ട് കൊല്ലുകയാണ് അധിനിവേശ സൈനികര്‍. ഗസ്സ സിറ്റിയിലെ രണ്ട് സ്‌കൂളുകളും ഇസ്‌റാഈല്‍ തകര്‍ത്തു. കഴിഞ്ഞദിവസം നുസൈറത്ത് അഭയാര്‍ഥി ക്യാംപിലുണ്ടായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."