പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270
തിരുവന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ പുരപ്പുറ സോളാർ സ്ഥാപിച്ച സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്ത്. കേരളത്തിൽ ഇതുവരെ 5270 വീടുകളുടെ മുകളിലാണ് സൗരോർജ പാനലുകൾ സ്ഥാപിച്ചത്. 43,321 അപേക്ഷകളാണ് കെ.എസ്.ഇ.ബിക്ക് ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി സൂര്യഘർ പദ്ധതിയുടെ (പി.എം.എസ്.ജി.എം.ബി.വൈ) ഭാഗമായാണ് രാജ്യത്ത് പുരപ്പുറ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നത്. രാജ്യത്ത് പുരപ്പുറ സോളാറിൽ ഒന്നാം സ്ഥാനത്ത് ഗുജറാത്താണ്. 26,012 വീടുകൾക്കുമുകളിലാണ് ഇവിടെ പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 5279 വീടുകളിലാണ് പാനലുകൾ സ്ഥാപിച്ചത്. ഇവിടെ അപേക്ഷകരുടെ എണ്ണം 71,097 ആണ്.
അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ പുരപ്പുറ സോളാർ പാനലുകൾക്കുവേണ്ടി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് അസമിലാണ്. 16,67,370 വീടുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, ഇവിടെ ഇതുവരെ 24 വീടുകളിൽ മാത്രമേ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുള്ളൂ.
കേരളത്തിൽ കെ.എസ്.ഇ.ബിയുടെ മേൽനോട്ടത്തിൽ ഏജൻസികളാണ് പദ്ധതിപ്രകാരം വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് നിലവിൽ 147 ഏജൻസികളാണ് പാനലുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗുജറാത്തിൽ ഇത്തരം ഏജൻസികളുടെ എണ്ണം 5632ഉം മഹാരാഷ്ട്രയിൽ 1092ഉം ആണ്.
തമിഴ്‌നാട്ടിൽ അമ്പത്താറായിരത്തിലേറെ അപേക്ഷകരുള്ളപ്പോൾ ഇതുവരെ 1558 വീടുകളിൽ മാത്രമാണ് സോളാർ പാനലുകൾ സ്ഥാപിക്കാനായത്. കർണാടകയിലാകട്ടെ അപേക്ഷകരുടെ എണ്ണം പതിനൊന്നായിരത്തിലേറെയും സ്ഥാപിച്ചത് 192 വീടുകളിൽ മാത്രവുമാണ്.ലക്ഷദ്വീപിലാണ് ഏറ്റവും കുറവ് അപേക്ഷകർ. 12. ഇവിടെ ഇതുവരെ ഒരിടത്തും സോളാർ പാനലുകൾ വയ്ക്കാനായിട്ടില്ല.
രാജ്യത്ത് അടുത്ത മാർച്ചോടെ പത്തുലക്ഷം വീടുകളിൽ സൗരോർജ പാനലുകളെത്തിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഓൺലൈനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഏത് ഏജൻസിയാണ് തന്റെ വീട്ടിൽ പാനൽ സ്ഥാപിക്കേണ്ടതെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. വീടുകളിലെ സൗരോർജ പാനലുകൾക്ക് കേന്ദ്ര സർക്കാർ സബ്‌സിഡി നൽകുന്നുണ്ട്. ഒരു കിലോവാട്ട് ഉൽപാദനത്തിന് 30,000, 2 കിലോവാട്ടിന് 60,000, മൂന്ന് കിലോവാട്ടിനും അതിൽ കൂടുതലിനും 78,000 എന്നിങ്ങനെയാണ് സബ്‌സിഡി. ആവശ്യത്തിലധികമുള്ള വൈദ്യുതി അതത് സംസ്ഥാനത്തെ വൈദ്യുതി കമ്പനികൾക്ക് വിൽക്കാമെന്നതാണ് മറ്റൊരു കാര്യം. ആവശ്യം കൂടുതലാകുമ്പോൾ നൽകിയ വൈദ്യുതി തിരികെ ആവശ്യപ്പെടാനുമാവും.
രാജ്യത്ത് സൗരോർജ പാനൽ വൈദ്യുതി ഉൽപാദനത്തിലൂടെ 720 ദശലക്ഷം ടൺ കാർബൺ പുറംതള്ളൽ ഇല്ലാതാക്കാനാകുമെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."