മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ
ഭിവാനി:ഹരിയാനയിലെ ഭിവാനി ജില്ലയിലെ സ്കൂളിൽ ക്ലാസ് പരീക്ഷയിൽ വളരെ മാർക്ക് കുറഞ്ഞ വിദ്യാർത്ഥികളെ അധ്യാപിക ശകാരിച്ചതിന് പ്രതികാരമായി കസേരയ്ക്ക് അടിയിൽ പടക്കങ്ങൾ കൊണ്ട് ബോംബുണ്ടാക്കി വച്ച് റിമോട്ട് കൊണ്ട് പൊട്ടിച്ച് +2 വിദ്യാർത്ഥികളുടെ തമാശ.സയൻസ് അധ്യാപിക കസേരയിൽ ഇരുന്ന സമയത്താണ് വിദ്യാർത്ഥികൾ റിമോട്ട് ഉപയോഗിച്ച് പടക്ക ബോംബ് പൊട്ടിച്ചത്. കസേരയിൽ നിന്ന് നിലത്ത് വീണ അധ്യാപികയ്ക്ക് സംഭവത്തിൽ പരിക്ക് പറ്റിയിരുന്നു. ക്ലാസ് മുറിയിലെ സ്ഫോടനം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അടക്കം എത്തി അന്വേഷിച്ചപ്പോഴാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തിൽ 13 പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു.യുട്യൂബിൽ നിന്നാണ് വിദ്യാർത്ഥികൾ പടക്കം ഉപയോഗിച്ച് ബോംബ് ഉണ്ടാക്കുന്ന വിദ്യ പഠിച്ചെടുതത്. എന്നാൽ അധ്യാപികയെ പ്രാങ്ക് ചെയ്യാൻ മാത്രം ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്നാണ് വിദ്യാർത്ഥികളുടെ പറയുന്നത്. അധ്യാപികയ്ക്ക് പൊള്ളലേൽക്കുമെന്നും പരിക്കേൽക്കുമെന്നും കരുതിയിരുന്നില്ലെന്നുമാണ് വിദ്യാർത്ഥികൾ സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്.
15 പേരുള്ള ക്ലാസിലെ 13 പേരുടേയും അറിവോടെയായിരുന്നു സംഭവമെന്നതാണ് എല്ലാവരെയും ഞെട്ടിച്ചത്. അധ്യാപിക എത്തുന്നതിന് മുൻപായി പടക്ക ബോംബ് കസേരയ്ക്ക് കീഴിൽ വച്ച ശേഷം അധ്യാപിക സീറ്റിലിരുന്നതോടെ മറ്റൊരു വിദ്യാർത്ഥി റിമോർട്ട് ഉപയോഗിച്ച് പടക്ക ബോംബ് പൊട്ടിക്കുകയായിരുന്നു. 13 കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം അധ്യാപകരുടെ ഭാഗത്ത് നിന്ന് ഉയർന്നു വന്നിട്ടുണ്ട്. സംഭവം വലിയ രീതിയിൽ ചർച്ച ആയതോടെ പഞ്ചായത്ത് മീറ്റിംഗ് വിളിച്ച് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും കയ്യിൽ നിന്ന് സംഭവത്തിൽ ക്ഷമാപണവും എഴുതി വാങ്ങിയിട്ടുണ്ട്. നിലവിൽ ഒരു ആഴ്ചത്തേക്കാണ് വിദ്യാർത്ഥികളെ ഡിഇഒ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."