മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്
മുംബൈ: മുബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണിയിൽ വിശദ അന്വേഷണവുമായി പൊലിസ്. ഫോണിൽ വിളിച്ച അജ്ഞാത വ്യക്തിയാണ് ഒരു യാത്രക്കാരൻ സ്ഫോടന വസ്തുക്കളുമായി എത്തുമെന്ന തരത്തിൽ വിവരം നൽകിയത്. വിമാനത്താവളത്തിലെ ഒന്നാം നമ്പർ ഡൊമസ്റ്റിക് ടെർമിനലിലെ കൺട്രോൺ റൂമിലാണ് സന്ദേശം ലഭിച്ചതെന്ന് വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സംരക്ഷണ സേന വ്യക്തമാക്കി.
മുംബൈയിൽ നിന്ന് അസർബൈജാനിലേക്ക് പോകുന്ന മുഹമ്മദ് എന്ന യാത്രക്കാരൻ സ്ഫോടക വസ്തുക്കൾ കൊണ്ടുപോകുമെന്ന വിവരമാണ് ഫോൺ വിളിച്ചയാൾ കൈമാറിയത്. സന്ദേശം കിട്ടിയ ഉടനെ സിഐഎസ്എഫ് അധികൃതർ സഹർ പൊലിസ് സ്റ്റേഷനിലേക്ക് വിവരം നൽകി. പിന്നാലെ വിമാനത്താവളത്തിൽ വിശദമായ പരിശോധയും അരംഭിച്ചിച്ചു. വിളിച്ചയാൾ വിമാനത്തെക്കുറിച്ചോ മറ്റോ ഒരു വിശദാംശങ്ങളും നൽകാതെ പെട്ടെന്ന് തന്നെ ഫോൺ കോൾ കട്ട് ചെയ്യുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും ഇപ്പോൾ നടന്നു വരുകയാണ്.
അതേസമയം ജാഗ്രതാ നടപടി എന്ന നിലയിൽ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങളും പൊലിസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ ലഭിക്കുന്ന വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അധികൃതർക്ക് വലിയ തലവേദന സൃഷ്ടിക്കുന്നതിനിടയിലാണ് പുതിയൊരു സന്ദേശം കൂടി ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."