സെന്‍സസ് നടപടികള്‍ 2025ല്‍ ആരംഭിക്കും; റിപ്പോര്‍ട്ട് 2026ല്‍
ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള സെന്‍സസ് അടുത്തവര്‍ഷം (2025ല്‍)
ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. 2026ല്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 13 വര്‍ഷം മുമ്പ് 2011 ലാണ് ഇന്ത്യയില്‍ അവസാനമായി സെന്‍സസ് നടന്നത്. വിവര ശേഖരണത്തിനായുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ജാതി സെന്‍സസ് വേണമെന്ന് നിരവധി പ്രതിപക്ഷ പാര്‍ട്ടികളും എന്‍.ഡി.എ ഘടക കക്ഷികളും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഉണ്ടാകില്ലെന്നാണ് സൂചന. സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
വരാനിരിക്കുന്ന സെന്‍സസില്‍ മതത്തെയും സാമൂഹിക വിഭാഗത്തെയും കുറിച്ചുള്ള സാധാരണ സര്‍വേകളും ജനറല്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ എണ്ണവും ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. കൂടാതെ ജനറല്‍, എസ്‌സിഎസ്ടി വിഭാഗങ്ങളിലെ ഉപവിഭാഗങ്ങളെയും സര്‍വേ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) അപ്‌ഡേറ്റ് ചെയ്യുന്നതിനായി സാധാരണ ഓരോ പത്ത് വര്‍ഷത്തിലും നടത്തുന്ന സെന്‍സസ് 2021ല്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും കൊവിഡ് കാരണം മാറ്റിവെക്കേണ്ടി വന്നിരുന്നു. നാല് വര്‍ഷത്തെ കാലതാമസത്തിന് ശേഷമാണ് 2025 ല്‍ രാജ്യത്തെ ജനസംഖ്യയുടെ ഔദ്യോഗിക സര്‍വെയായ സെന്‍സസ് രേഖപ്പെടുത്താന്‍ പോകുന്നത്.
നിലവില്‍ രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ മൃതുഞ്ജയ് കുമാര്‍ നാരായന്റെ കേന്ദ്ര ഡെപ്യൂട്ടേഷന്‍ 2026 ഓഗസ്റ്റ് വരെ നീട്ടിയിട്ടുണ്ട്.
2011 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 121.1 കോടിയാണ്. അതില്‍ 52 ശതമാനം പുരുഷന്മാരും 48 ശതമാനം സ്ത്രീകളുമാണ്. ഈ സെന്‍സസ് സമയത്താണ് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡറുകളെ കണക്കില്‍ ഉള്‍പ്പെടുത്തുന്നത്. 20 കോടിയോളം ജനങ്ങളുള്ള ഉത്തര്‍പ്രദേശാണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം. ആറ് ലക്ഷത്തോളം ജനങ്ങളുള്ള സിക്കിമിലാണ് ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."