രാജ്യത്തെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി
ന്യൂഡല്‍ഹി: രാജ്യത്ത് വിവിധയിടങ്ങളിലെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി. വിമാനങ്ങള്‍ക്ക് നിരന്തരം ബോംബ് ഭീഷണികള്‍ ലഭിക്കുന്നതിന് പിന്നാലെയാണിത്. ഭീഷണിക്ക് പിന്നാലെ സ്‌കൂളുകളില്‍ സുരക്ഷാ പരിശോധന നടത്തി. സംശയകരമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശങ്ങളെത്തിയത്.
ഡല്‍ഹിയില്‍ രോഹിണിയിലെയും ദ്വാരകയിലെയും സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്ക് നേരെയായിരുന്നു ഭീഷണി സന്ദേശം. ഇന്നലെ രാത്രിയാണ് ഇമെയിലിലൂടെ ഭീഷണി സന്ദേശം എത്തിയത്. സ്‌കൂളുകള്‍ ബോംബ് വെച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. സ്‌കൂളുകളുടെ പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹി രോഹിണിയിലെ സി.ആര്‍.പി.എഫ് സ്‌കൂളിന് സമീപം ഞായറാഴ്ച രാവിലെ ശക്തമായ സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാട് സംഭവിച്ചിരുന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ല.
സ്‌ഫോടനം എന്‍.ഐ.എയും സി.ആര്‍.പി.എഫും എന്‍.എസ്.ജിയും അന്വേഷിക്കുകയാണ്. ഖലിസ്ഥാന്‍ വിഘടനവാദി സംഘടനകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ടെലഗ്രാമില്‍ ഖലിസ്ഥാന്‍ സംഘടനയുടെ പേരില്‍ പോസ്റ്റ് പ്രചരിച്ചിരുന്നു.
ഒക്ടോബര്‍ 14ന് ശേഷം നൂറിലേറെ ബോംബ് ഭീഷണികളാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്കുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."