HOME
DETAILS

ബുര്‍ജീല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് യു.എസില്‍ തുറന്നു; മെഡിക്കല്‍ ചികിത്സാ, ഗവേഷണ രംഗങ്ങളില്‍ ആഗോള സഹകരണം ലക്ഷ്യം

  
Web Desk
July 05 2024 | 11:07 AM

Burjeel Institute for Global Health opens in US; Global cooperation in medical treatment and research is the goal

അബൂദബി/ന്യൂയോര്‍ക്ക്: ചികിത്സാ, ഗവേഷണ രംഗങ്ങളില്‍ ആഗോള തലത്തിലുള്ള മുന്നേറ്റത്തിനായി യു.എസില്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. ന്യൂയോര്‍ക്കില്‍ ആരംഭിച്ച ബുര്‍ജീല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് പരിചരണം മെച്ചപ്പെടുത്താനുള്ള ഗവേഷണവും ആഗോള തലത്തിലുള്ള സഹകരണവുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 

യു.എ.ഇ വിദേശ വ്യാപാര സഹ മന്ത്രി ഡോ. ഥാനി ബിന്‍ അഹ്‌മദ് അല്‍ സിയൂദി, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, ന്യൂയോര്‍ക്ക് സിറ്റി ഡിപാര്‍ട്മെന്റ് ഓഫ് ഹെല്‍ത് ആന്‍ഡ് മെന്റല്‍ ഹൈജീന്‍ കമ്മിഷണര്‍ ഡോ. അശ്വിന്‍ വാസന്‍, നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ സയന്റിഫിക് അഡൈ്വസര്‍ ഡോ. ഒഫിറ ജിന്‍സ്ബര്‍ഗ് തുടങ്ങിയവര്‍ ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. 

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളിലൊന്നായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മികച്ച ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍ എന്നിവരെ കണ്ടെത്താനും അതുവഴി വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, ഗവേഷണം എന്നീ മേഖലകളില്‍ നൂതന മാറ്റത്തിനുമാണ് പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ ലക്ഷ്യമിടുന്നത്. യു.എ.ഇയും ആഗോള പങ്കാളികളുമായുള്ള ആഴത്തിലുള്ള സഹകരണവും ഇതിലൂടെ ഉറപ്പാക്കും. ബുര്‍ജീലിന്റെ ചികിത്സാ, ഗവേഷണ മേഖലകള്‍ക്ക് കരുത്തേകാനും ആഗോള ആരോഗ്യ സേവന ദാതാവെന്ന നിലയില്‍ പ്രാമുഖ്യം ഉയര്‍ത്താനും ഇന്‍സ്റ്റിറ്റ്യൂട്ട് വഴിയൊരുക്കും. 

പ്രമുഖ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുമായും കമ്പനികളുമായും സഹകരിക്കുക, അന്താരാഷ്ട്ര തലത്തില്‍ ബുര്‍ജീലിന്റെ സംഭാവനകള്‍ വര്‍ധിപ്പിക്കുക, ചികിത്സയിലും സാങ്കേതികവിദ്യയിലും മുന്നേറ്റങ്ങള്‍ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബുര്‍ജീല്‍ യു.എസില്‍ പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. അര്‍ബുദം പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ആഗോള കൂട്ടായ്മ അനിവാര്യമാണെന്നും ബുര്‍ജീല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ളോബല്‍ ഹെല്‍ത് അതിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ഡോ. അല്‍ സിയൂദി പറഞ്ഞു. കാന്‍സര്‍  ഗവേഷണം, ചികിത്സ, മരുന്ന് വികസനം, പരിചരണം എന്നിവയുടെ കേന്ദ്രമാകുന്നതോടൊപ്പം മികച്ച ആരോഗ്യ പങ്കാളിത്തം ഉറപ്പാക്കാനും കേന്ദ്രത്തിനാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.  

ആരോഗ്യ സംരക്ഷണത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍, നയങ്ങള്‍, കാന്‍സര്‍ പരിചരണത്തിന്റെ ഭാവി എന്നിവ സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത വിദഗ്ധര്‍ തുടക്കമിട്ടു. ഇതുസംബന്ധിച്ച സജീവമായ തുടര്‍ ചര്‍ച്ചകളും പങ്കാളിത്തങ്ങളും വരുംമാസങ്ങളില്‍ ഉണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."