HOME
DETAILS

പെന്‍ഷനും ഗ്യാസിനും മസ്റ്ററിങ്: ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ നെട്ടോട്ടം

  
എം. അപർണ
July 05 2024 | 03:07 AM

Mastering for Pension and Gas: Fighting to prove alive - public facing issues



കോഴിക്കോട്: പാചകവാതകത്തിനും ക്ഷേമപെന്‍ഷനും മസ്റ്ററിങ് നിര്‍ബന്ധമാക്കിയതോടെ വലഞ്ഞ് ഗുണഭോക്താക്കള്‍. ഭിന്നശേഷിക്കാരുടെയും രോഗികളുടെയും വയോധികരുടെയും നീണ്ടനിര അക്ഷയ കേന്ദ്രങ്ങൾക്ക് മുന്നിലുണ്ട്. സാമൂഹികക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ് ജൂണ്‍ 25നാണ് ആരംഭിച്ചത്. അവസാനിക്കുന്നത് ഓഗസ്റ്റ് 24നാണ്. 
രണ്ടുമാസ കാലാവധി ഉണ്ടെങ്കിലും മാറ്റിവയ്ക്കാതെ എല്ലാവരും അക്ഷയ കേന്ദ്രങ്ങളില്‍ എത്തുകയാണ്. ബയോമെട്രിക് സംവിധാനത്തിന് തടസം നേരിട്ടതോടെ നേരത്തെ  പലര്‍ക്കും മസ്റ്ററിങ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതോടെ പെന്‍ഷനും മുടങ്ങിയിരുന്നു. ഇതൊഴിവാക്കാനാണ് നേരത്തെ തന്നെ എത്തുന്നത്.

പെൻഷൻ മസ്റ്ററിങ്ങിന് അനുമതിയുള്ളത് അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമാണ്. അതിരാവിലെ ആളുകൾ എത്തുന്നു. തിരക്കുകൂടിയതോടെ മിക്കയിടങ്ങളിലും ടോക്കണ്‍ സൗകര്യം ഏര്‍പ്പെടുത്തി. സൈറ്റും പണിമുടക്കാന്‍ തുടങ്ങി. മിനിറ്റുകൾക്കുള്ളിൽ കഴിയുന്ന പ്രക്രിയ മണിക്കൂറുകളോളം നീളുന്നു. 


പാചകവാതക കണക്ഷനും മസ്റ്ററിങ് നിര്‍ബന്ധമാക്കിയതോടെ ഗ്യാസ് ഏജന്‍സികളിലും തിരക്കാണ്. ഇവിടെ അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. രണ്ടുമാസം മുമ്പ് കമ്പനികള്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ഫലപ്രദമായിരുന്നില്ല. ഗ്യാസ് സിലിണ്ടറുകള്‍ മറിച്ചു നല്‍കുകയും മരിച്ചവരുടേത് മറ്റുള്ളവര്‍ ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം. വാർഷിക പെൻഷൻ മസ്റ്ററിങ്ങും ഇതേ സമയമായതിനാൽ ഇവ തമ്മിൽ  മാറിപ്പോകുന്നുണ്ട്. ഒന്ന് പൂർത്തിയായി വരുമ്പോഴാണ് അടുത്തതിനെ കുറിച്ചറിയുന്നത്. പലരും അറിഞ്ഞുവരുന്നേയുള്ളൂ എന്ന് ഏജൻസികളും പറയുന്നു. ജോലി ഒഴിവാക്കിയാണ് ആളുകൾ എത്തുന്നത്. തുടർ വർഷങ്ങളിലും ഇതുതന്നെ ആവർത്തിക്കേണ്ടി വരുമോ എന്ന ചോദ്യവുമുയരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."