HOME
DETAILS

ഓൺലൈൻ തട്ടിപ്പ്: ആറ് മാസത്തിനുള്ളിൽ തട്ടിയെടുത്തത് 15.34 കോടി

  
July 05 2024 | 02:07 AM

Online Fraudsters Siphon Off ₹15.34 Crore from Kozhikode in the Past Six Months


കോഴിക്കോട്: ഓൺലൈൻ വഴിയുള്ള നിക്ഷേപ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ആറ് മാസത്തിനിടെ കോഴിക്കോട് സിറ്റി പൊലിസ് പരിധിയിൽ നഷ്ടപ്പെട്ടത് 15.34 കോടി രൂപ. ഈ വർഷം നഷ്ടപ്പെട്ടതിൽ 10 ശതമാനം തുക മാത്രമേ തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുള്ളു. കഴിഞ്ഞ വർഷം  13.37 കോടി നഷ്ടപ്പെട്ടിരുന്നു.  തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 1.53 കോടിയുടെയും ഈ വർഷം 2.79 കോടിയുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.  തട്ടിപ്പിനിരയായവർക്ക് പണം തിരിച്ചു ലഭിക്കുന്നതിനാവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. 


ഈ വർഷം 61 സൈബർ കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം ഇത് 110 ആയിരുന്നു. കഴിഞ്ഞ വർഷം 25 പേരെയും ഇക്കൊല്ലം 18 പേരെയും സൈബർ കേസിൽ അറസ്റ്റുചെയ്തിട്ടുണ്ട്. സൈബർ തട്ടിപ്പിനിരയായവർ എൻ.സി.ആർ പോർട്ടലിലാണ് രജിസ്റ്റർ ചെയ്യുന്നത്. ഇത് പ്രകാരമാണ് സൈബർ പൊലിസ് കേസെടുക്കുന്നത്. കഴിഞ്ഞ വർഷം 1,029 പേരായിരുന്നു രജിസ്റ്റർ ചെയ്തത്. ഈ വർഷം ഇതുവരെ 948 പേരായി. ഓൺലൈൻ തട്ടിപ്പ് കേസുകളിലെ പ്രതികൾ ലോകത്തിന്റെ വിവധ ഭാഗങ്ങളിലുള്ളവർ ആയതിനാൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടാൻ വൈകുന്നതാണ് അറസ്റ്റ് വൈകാൻ കാരണമെന്ന് സിറ്റി പൊലിസ് കമ്മിഷണർ രാജ്പാൽ മീണ അറിയിച്ചു.  

ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സൗജന്യ ട്രേഡിങ് ക്ലാസുകളെക്കുറിച്ചുള്ള പരസ്യങ്ങൾ നൽകിയാണ് ഇരകളെ വലയിലാക്കുന്നത്. പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുമ്പോൾ വാട്‌സാപ്പിലേയൊ ടെലിഗ്രാമിലെയൊ ഗ്രൂപ്പിലേക്കാണ് എത്തുന്നത്. വൻതുക വാഗ്ദാനം ചെയ്ത് നിക്ഷേപം നടത്താനും പ്രേരിപ്പിക്കും.

കുറച്ചുദിവസം കഴിഞ്ഞാൽ സ്റ്റോക്കുകൾ ട്രേഡ് ചെയ്യുന്നതിനും വലിയ ലാഭം നേടുന്നതിനുമായി തട്ടിപ്പുകാർ നൽകുന്ന ട്രേഡിങ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും.ഡിജിറ്റൽ വാലറ്റിൽ വ്യാജലാഭം പ്രദർശിപ്പിക്കുകയും ചെയ്യും. ഇരകൾ ഡിജിറ്റൽ വാലറ്റിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ 50 ലക്ഷമോ അതിൽ കൂടുതലോ ലാഭത്തിൽ എത്തിയാൽ മാത്രമേ സാധ്യമാകൂ എന്നറിയിക്കുകയുമാണ് ചെയ്യുന്നത്. മികച്ചനേട്ടം വാഗ്ദാനം നൽകുന്ന നിക്ഷേപങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കമ്മിഷണർ  വാർത്താസമ്മേളനത്തിൽ പറഞ്ഞു.

  • തട്ടിപ്പ് രീതി, 2023–2024 വർഷങ്ങിളിൽ                                      
    ജോലി/ടാസ്‌ക്-–24,10 
    ട്രേഡിങ്/നിക്ഷേപം–9, 26 
    ക്വറിയർ / ഫെഡ് എക്‌സ്–1, 3          
    ക്രഡിറ്റ് കാർഡ് തട്ടിപ്പ്–12, 1 
    കെ.എസ്.ഇ.ബി ബിൽ പേയ്‌മെന്റ്–1, 0
    മാട്രിമോണിയർ തട്ടിപ്പ്–1, 0
    എ.ഐ ഡീപ്പ് ഫേക്ക്–1,0
    ഒ.എൽ.എക്‌സ് തട്ടിപ്പ്–7,0
    കെ.വൈ.സി അപ്‌ഡേറ്റഡ്–5,4
    ഗിഫ്റ്റ് തട്ടിപ്പ്–2,1 
    സ്‌ക്രീൻ മിററിങ് തട്ടിപ്പ്–3,0 
    മറ്റ് സാമ്പത്തിക തട്ടിപ്പുകൾ–18,7 
    സോഷ്യൽ മീഡിയ തട്ടിപ്പുകൾ–26,9

 ബോധവൽക്കരണം ഇന്നുമുതൽ

കോഴിക്കോട്: ഓൺലൈൻ വഴിയുള്ള സൈബർ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ബോധവൽക്കരണവുമായി പൊലിസ്. വാർഡുതലത്തിൽ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഇന്നുമുതൽ ബോധവൽക്കരണം നടത്തുമെന്ന് സിറ്റി പൊലിസ് കമ്മിഷണർ രാജ്പാൽ മീണ. സൈബർ തട്ടിപ്പുകളിൽ ഇരയായവർക്ക് സഹായം നൽകാൻ 227 വളണ്ടിയർമാരെയും നിയോഗിക്കും. ഇതിൽ 100 വളണ്ടിയർമാർക്ക് ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്. 127 പേർ പരിശീലന ഘട്ടത്തിലാണ്.

കോഴിക്കോട് സിറ്റി പരിധിയിലെ വിവിധ റസിഡൻസ് അസോസിയേഷനുകളിൽ നിന്നുള്ളവരും വിദ്യാർഥികളും മറ്റുമുൾപ്പെടുന്നവരാണ് വളണ്ടിയർമാർ. തട്ടിപ്പിനിരയായവർക്ക് ആവശ്യമായ നിയമനടപടികളെ സംബന്ധിച്ചും മറ്റും വിശദമായ വിവരങ്ങൾ നൽകാൻ വളണ്ടിയർമാരുടെ സേവനം പൊതുജനങ്ങൾക്ക് സഹായകമാവും. 

Online Fraudsters Siphon Off ₹15.34 Crore from Kozhikode in the Past Six Months



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."