യുഎഇ; ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍, ടിക്കറ്റിന് യഥാര്‍ത്ഥ വിലയേക്കാള്‍ ആറിരട്ടി വരെ
ദുബൈ: ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരമടക്കമുള്ള ടീം ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. പാകിസ്ഥാനിലാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നതെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയിലാണ് നടക്കുക. അതിനാല്‍ തന്നെ പ്രവാസി ഇന്ത്യക്കാര്‍ ഒന്നടങ്കം ആവേശത്തിലാണ്.
ഫെബ്രുവരി മൂന്നിന് ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ-പാകിസ്താന്‍ മത്സരമടക്കമുള്ള ടീം ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ ലഭ്യമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ യഥാര്‍ത്ഥ വിലയേക്കാള്‍ ഏകദേശം ആറിരട്ടി വിലയ്ക്കാണ് കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ 500 ദിര്‍ഹമായിരുന്നു ടിക്കറ്റു വില. ഇതേ ടിക്കറ്റുകള്‍ ഇപ്പോള്‍ ഫേസ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സിലും മറ്റ് ക്ലാസിഫൈഡ് സൈറ്റുകളിലും 3,500 ദിര്‍ഹത്തിനാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
തിങ്കളാഴ്ച നിരവധി ക്രിക്കറ്റ് പ്രേമികള്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ മണിക്കൂറുകളോളം ഓണ്‍ലൈനില്‍ ചെലവഴിച്ചെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിറ്റുതീരുകയായിരുന്നു. ഇപ്പോള്‍, അതേ ടിക്കറ്റുകളാണ് അമിത വിലയ്ക്ക് വില്‍ക്കപ്പെടുന്നത്. ഷാര്‍ജയില്‍ താമസിക്കുന്ന ക്രിക്കറ്റ് പ്രേമിയായ അബ്ദുള്‍ കരീം, ഔദ്യോഗിക വെബ്‌സൈറ്റ് വഴി ടിക്കറ്റ് സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
'ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ ഞാന്‍ മണിക്കൂറുകളോളം പേജില്‍ തുടര്‍ന്നു. പക്ഷേ എന്റെ ഊഴം വന്നപ്പോഴേക്കും ടിക്കറ്റെല്ലാം കഴിഞ്ഞിരുന്നു. ഇപ്പോള്‍, റീസെല്ലര്‍മാര്‍ 3,500 ദിര്‍ഹമോ അതില്‍ കൂടുതലോ ആണ് ചോദിക്കുന്നത്. ഇത് അങ്ങേയറ്റം നിരാശാജനകമാണ്,' അദ്ദേഹം പറഞ്ഞു.
'യഥാര്‍ത്ഥ വിലയേക്കാള്‍ 200 ദിര്‍ഹം വരെ കൂടുതല്‍ നല്‍കാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ കരിഞ്ചന്തയിലെ വില്പ്പനക്കാരനോട് ഇക്കാര്യം പറഞ്ഞിരുന്നു. അപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടുകൊണ്ട് ഈ മത്സരത്തിന്റെ മൂല്യം എനിക്കറിയാമോ എന്ന് തിരിച്ചു ചോദിക്കുകയായിരുന്നു,' കരീം കൂട്ടിച്ചേര്‍ത്തു.
മറ്റൊരു ക്രിക്കറ്റ് പ്രേമിയായ ഹരീഷ് ദാസ് കരിഞ്ചന്തയിലെ വിലക്കയറ്റത്തില്‍ നിരാശ പ്രകടിപ്പിച്ചു.
'ടിക്കറ്റ് വാങ്ങാന്‍ ഞാന്‍ 500 ദിര്‍ഹം മാറ്റിവെച്ചിരുന്നു, പക്ഷേ മത്സരത്തിന് 1,000 ദിര്‍ഹത്തില്‍ കൂടുതല്‍ എനിക്ക് താങ്ങാന്‍ കഴിയില്ല. അമിത വില നല്‍കി കാണാന്‍ കഴിയുന്ന ആളുകള്‍ക്ക് മാത്രമുള്ളതാണ് ഈ മത്സരങ്ങള്‍ എന്നാണ് എനിക്ക് തോന്നുന്നത്,' ഹരീഷ് നിരാഷയോടെ പറഞ്ഞു.
'ഇന്ത്യയിലെ ടിക്കറ്റു വിലയെ അപേക്ഷിച്ച് ദുബൈയിലെ ടിക്കറ്റ് വില വളരെ കൂടുതലാണ്. അവസാന ഓപ്ഷന്‍ മത്സരം ടിവി സ്‌ക്രീനില്‍ കാണുക എന്നതു മാത്രമാണ്,' ദാസ് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28നാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."