മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ
കോഴിക്കോട്: മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേരള വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കോഴിക്കോട് റൂറൽ എസ്പിയോടാണ് കമ്മീഷൻ അടിയന്തരമായി റിപ്പോർട്ട് ആവിശ്യപ്പെട്ടത്. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അതേ സമയം യുവതി കെട്ടിടത്തിൽ നിന്ന് ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ കുടുംബം പുറത്തുവിട്ടു. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് കുടുംബം പുറത്തുവിട്ടത്. മുക്കം പൊലീസ് പ്രതിചേർത്ത ഹോട്ടൽ ഉടമ ദേവദാസ്, ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവർ ഇപ്പോഴും പിടിയിലായിട്ടില്ല.
ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടുത്ത നേരത്താണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി മുക്കം പൊലീസിന് മൊഴി നൽകിയത്. പ്രതികളിൽ നിന്ന് കുതറിമാറി പ്രാണ രക്ഷാർത്ഥം പെൺകുട്ടി കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു. അതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്.
മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലിൽ ജോലി ചെയ്വരുകയായിരുന്നു. പെൺകുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടൽ ഉടമ പ്രലോഭനത്തിന് ശ്രമം നടത്തിയിരുന്നുവെന്ന് കുടുബം പറഞ്ഞു. ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടന്നും കുടുംബം പറഞ്ഞു. വനിതാ സഹപ്രവർത്തകർ അവധിയിൽ പോയ തക്കം നോക്കി വീട്ടിൽ അതിക്രമിച്ച് കയറിതടക്കം ഗുരുതര കുറ്റം ചെയ്തിട്ടും, പ്രതികൾ ആരെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടും നടപടികൾ വൈകുന്നതിൽ കുടുംബം നിയമ വിവസ്ഥിതിയുടെ വീഴ്ചയെ ചൂണ്ടി കാണിക്കുന്നുണ്ട്.
നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഹോട്ടലിലെ സിസിടിവി അടക്കം വീണ്ടെടുത്ത് പരിശോധിക്കേണ്ടതുണ്ടെന്നും ഒളിവിലുള്ള മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."