സംഘ്പരിവാറിന്റെ ജീര്‍ണിച്ച പ്രത്യയശാസ്ത്രമാണ് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്; സുരേഷ്‌ഗോപിക്കെതിരെ വി.ടി ബല്‍റാം
പാലക്കാട്: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം. സുരേഷ് ഗോപി പറയുന്നതിലെ മനുഷ്യവിരുദ്ധതയും സവര്‍ണതയും അദ്ദേഹത്തിന് മനസിലാകുന്നില്ലെങ്കില്‍ എന്ത് പറയാനാണെന്ന് അദ്ദേഹം പറഞ്ഞു. 'ഉന്നതകുലജാതര്‍' എന്ന ഒരു വര്‍ഗം തന്നെയുണ്ടായത് മറ്റ് അധ്വാനിക്കുന്ന മനുഷ്യരെ നൂറ്റാണ്ടുകളോളം ചൂഷണം ചെയ്തിട്ടാണ് എന്ന് എത്ര തവണ പറഞ്ഞാലാണ് മനസിലാകുകയെന്നും ബല്‍റാം ചോദിച്ചു. മനുസ്മൃതിയിലൂന്നിയ സംഘ് പരിവാറിന്റെ ജീര്‍ണ്ണിച്ച പ്രത്യയശാസ്ത്രമാണ് ഇദ്ദേഹത്തേക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബല്‍റാമിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഇതെന്തൊരു കഷ്ടമാണ്!
എത്ര പേര്‍, എത്ര തവണ, എത്ര അവസരങ്ങളില്‍ ഏതെല്ലാം രീതിയില്‍ ചൂണ്ടിക്കാട്ടിയിട്ടും ഈപ്പറയുന്നതിലെയൊക്കെ മനുഷ്യവിരുദ്ധതയും പുളിച്ചു തികട്ടുന്ന സവര്‍ണതയും ഇദ്ദേഹത്തിന് മനസ്സിലാകുന്നില്ല എന്ന് വച്ചാല്‍ എന്ത് ചെയ്യാനാണ്! 'ഉന്നതകുലജാതര്‍' ഒരു സര്‍ക്കാര്‍ വകുപ്പിന്റെയല്ല, ഈ നാടിന്റെ തന്നെ മൊത്തം അധികാരവും കയ്യാളി തന്നിഷ്ടത്തിനനുസരിച്ച് ഭരിച്ചിരുന്ന പഴയ രാജഭരണകാലത്തൊക്കെ ഇവിടത്തെ ദലിതര്‍ക്കും ആദിവാസികള്‍ക്കുമൊക്കെ പിന്നെ സ്വര്‍ഗമായിരുന്നല്ലോ!
ഈ 'ഉന്നതകുലജാതര്‍' എന്ന ഒരു വര്‍ഗം തന്നെയുണ്ടായത് മറ്റ് അധ്വാനിക്കുന്ന മനുഷ്യരെ നൂറ്റാണ്ടുകളോളം ചൂഷണം ചെയ്തിട്ടാണ് എന്ന് എത്ര തവണ പറഞ്ഞാലാണ് ഈ ചരിത്രബോധവിഹീനര്‍ക്ക് മനസ്സിലാവുക? മനുസ്മൃതിയിലൂന്നിയ സംഘ് പരിവാറിന്റെ ജീര്‍ണ്ണിച്ച പ്രത്യയശാസ്ത്രമാണ് ഇദ്ദേഹത്തേക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്.
ബഹുമാനപ്പെട്ട കേന്ദ്രമന്ത്രിക്ക് ഇടപെടാവുന്ന ചില കാര്യങ്ങള്‍ ധന്യ റാമിനേപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ വകുപ്പിന് കീഴില്‍ കേരളത്തില്‍ത്തന്നെ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കായി 100ഓളം പെട്രോള്‍ പമ്പുകള്‍ അനുവദിച്ചിട്ടുണ്ട്. അതൊക്കെ ഇപ്പോള്‍ ആരാണ് കൈവശപ്പെടുത്തിയിരിക്കുന്നത് എന്നും ആദിവാസികളുടെ പേരില്‍ ആരാണ് കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നും ബഹു. കേന്ദ്രമന്ത്രി തന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ വഴി കൃത്യമായി അന്വേഷിച്ച് നടപടി സ്വീകരിക്കാമോ?
ഇദ്ദേഹം മന്ത്രിയായതിന് ശേഷം അനുവദിച്ചവയാണ് ഈ എല്ലാ പമ്പുകളും എന്ന് പറയുന്നില്ല, എന്നാല്‍ നിലവില്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ അധികാരമുള്ളത് സ്വയം 'ഉന്നതകുലജാതനാ'യ ഇദ്ദേഹത്തിനാണ്. എന്തെങ്കിലും നടപടി ഉണ്ടാവുമോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."