'സംസ്ഥാനത്തെ അപമാനിച്ച ജോര്‍ജ് കുര്യന്‍ മാപ്പ് പറയണം'; കേന്ദ്രമന്ത്രിക്കെതിരെ വി.ഡി സതീശന്‍
തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് പിന്നാലെ കേരളത്തെ അപമാനിച്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ പ്രതിഷേധം ശക്തം. മന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ അവഹേളിച്ച ജോര്‍ജ് കുര്യന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. പ്രസ്താവന പിന്‍വലിച്ച് ജോര്‍ജ് കുര്യന്‍ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റില്‍ കേരളമെന്ന വാക്ക് പോലുമില്ല. കേരളം ഉന്നയിച്ച ഒരു ആവശ്യവും പരിഗണിച്ചില്ല. ഇതൊരു രാഷ്ട്രീയ വിമര്‍ശനമായി ഉന്നയിക്കുമ്പോള്‍ കേരളീയരെയാകെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ നിന്നുള്ള മറ്റൊരു കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും ഇതേ അഭിപ്രായം തന്നെയാണോയെന്ന് വ്യക്തമാക്കണം.
കേരളത്തിന്റെ നേട്ടങ്ങളില്‍ ബി.ജെ.പിക്കും സംഘ്പരിവാറിനും എന്ത് പങ്കാണുള്ളത് സംസ്ഥാനത്തിന് ആവശ്യമായത് നേടിയെടുക്കാനുള്ള ആര്‍ജ്ജവമോ ഇച്ഛാശക്തിയോ ജോര്‍ജ് കുര്യനോ സുരേഷ് ഗോപിക്കോ ഇല്ല. ബി.ജെ.പിയുടെ താളത്തിന് തുള്ളുന്ന കളിപ്പാവകളയി കേന്ദ്ര മന്ത്രിമാര്‍ അധപതിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള അതിരുവിട്ട ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ബജറ്റിന്റെ വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. കാലാകാലങ്ങളായി കേരളം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കുകയാണ് സംഘ്പരിവാറിന്റെ ശ്രമം. അതിനുള്ള നീക്കങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സംഘ്പരിവാര്‍ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് ജോര്‍ജ് കുര്യന്റെ വാക്കുകളില്‍ കാണുന്നത്. ബി.ജെ.പി മന്ത്രിയാണെങ്കിലും ജോര്‍ജ് കുര്യന്‍ കേരളീയനാണെന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റില്‍ വയനാടിനു സഹായം പ്രഖ്യാപിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ സഹായം നല്‍കാമെന്നാണ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മറുപടി നല്‍കിയത്. കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വിദ്യാഭ്യാസപരമായും സാമൂഹികമായും അടിസ്ഥാന സൗകര്യമേഖലയിലും പിന്നോക്കമാണെന്നു പറഞ്ഞാല്‍ അതു കമ്മിഷന്‍ പരിശോധിക്കും. നിലവില്‍ കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിലാണ് കൂടുതല്‍ ശ്രദ്ധ. എയിംസ് ബജറ്റില്‍ അല്ല പ്രഖ്യാപിക്കുന്നതെന്നും കൂര്യന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."