പ്രസവാവധി 12 ആഴ്ച നീട്ടും, വിവേചനം നിരോധിക്കും; സഊദിയിലെ തൊഴില്‍ നിയമത്തിലെ പുതിയ ഭേദഗതികള്‍ വൈകാതെ പ്രാബല്യത്തില്‍
റിയാദ്: കരാര്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ട് തൊഴില്‍ വ്യവസ്ഥയില്‍ വരുത്തിയ ഭേദഗതികള്‍ ഈ മാസം 18 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ മാസം മുതല്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രസവാവധി 10 ആഴ്ചയില്‍ നിന്ന് 12 ആഴ്ചയായി ഉയര്‍ത്തും.
സഊദിയിലെ മാനവവിഭവശേഷി മന്ത്രാലയമാണ് തൊഴിലാളി ക്ഷേമം ലക്ഷ്യമിട്ട് ഭേദഗതികള്‍ പ്രഖ്യാപിച്ചത്. കുടുംബബന്ധങ്ങള്‍ ഏകീകരിക്കുന്നതിനായി ജീവിതപങ്കാളി മരണപ്പെട്ടാല്‍ അഞ്ച് ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്ക് സഊദി അറേബ്യയിലെ തൊഴിലാളിക്ക് അവകാശമുണ്ടെന്ന് പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. അതുപോലെ, കുടുംബസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിന് വിവാഹശേഷം അഞ്ച് ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്കും തൊഴിലാളിക്ക് അര്‍ഹതയുണ്ട്.
തൊഴിലാളി തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള നോട്ടീസ് 30 ദിവസം മുമ്പെങ്കിലും നല്‍കണം. തൊഴിലുടമയാണ് തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതെങ്കില്‍ 60 ദിവസം മുമ്പെങ്കിലും നോട്ടീസ് നല്‍കണം.
കൂടാതെ, ഏറ്റവും പുതിയ ഭേദഗതികളില്‍ ഓവര്‍ടൈം സമയത്തെക്കുറിച്ചും പറയുന്നുണ്ട്. അവധി ദിവസങ്ങളിലും ഈദിലും (മുസ്ലിം ഉത്സവങ്ങള്‍) ചെയ്യുന്ന എല്ലാ ജോലികളും ഓവര്‍ടൈം ജോലിയായി കണക്കാക്കും. ഈ അവസരങ്ങളില്‍ തൊഴിലാളികള്‍ക്ക് അവരുടെ ജോലിക്ക് അധിക പ്രതിഫലം ഉറപ്പാക്കുന്നതു സംബന്ധിച്ച് ഭേദഗതി വ്യക്തമാക്കുന്നുണ്ട്.
മറ്റൊരു പ്രധാന ഭേദഗതി ട്രയല്‍ അടിസ്ഥാനത്തില്‍ ജോലിയുടെ കാലാവധി പരമാവധി 180 ദിവസമാക്കും എന്നതാണ്. നീതിയുടെയും സമത്വത്തിന്റെയും തത്ത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വംശം, നിറം, ലിംഗം, വൈകല്യം അല്ലെങ്കില്‍ സാമൂഹിക നില എന്നിവയെ അടിസ്ഥാനമാക്കിയുള്ള തൊഴിലിലെ വിവേചനങ്ങള്‍ ഒഴിവാക്കാനും ഈ മാറ്റങ്ങള്‍ തൊഴിലുടമയെ ബാധ്യസ്ഥമാക്കുന്നു.
കൂടാതെ ലൈസന്‍സില്ലാത്ത തൊഴിലാളികളെ ജോലിക്കെടുക്കുന്ന തൊഴിലുടമയെ കാത്തിരിക്കുന്നത് വമ്പന്‍ പിഴയായിരിക്കും. ഈ ഭേദഗതികള്‍ തൊഴില്‍ വിപണിയുടെ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിന് വേണ്ടി കൂടിയാണ് നടപ്പാക്കുന്നത്.
കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന പരിഷ്‌കാരങ്ങളിലൂടെ തൊഴില്‍ മൊബിലിറ്റി അനുവദിക്കുകയും തൊഴിലുടമകളുടെ അനുമതിയില്ലാതെ പ്രവാസി തൊഴിലാളികള്‍ക്ക് എക്‌സിറ്റ്, റീ എന്‍ട്രി വിസ അനുവദിക്കുന്നത് നിയന്ത്രിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."