പ്രിയങ്കാ ഗാന്ധി വയനാട്ടില്‍; കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും
കല്‍പ്പറ്റ: പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും. മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക സന്ദര്‍ശിക്കും. രാവിലെ 11ന് കണ്ണൂരില്‍ വിമാനമിറങ്ങുന്ന പ്രിയങ്ക റോഡ് മാര്‍ഗം മാനന്തവാടിയിലെത്തി 12.15 ഓടെയാണ് രാധയുടെ വീട്ടിലെത്തുക. തുടര്‍ന്ന് അന്തരിച്ച വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണും.
കല്‍പ്പറ്റ കലക്ടറേറ്റില്‍ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന യു.ഡി.എഫ് മലയോര ജാഥയ്ക്ക് മേപ്പാടിയില്‍ നല്‍കുന്ന സ്വീകരണത്തിലും പ്രിയങ്ക പങ്കെടുക്കും.
അതേസമയം, ജില്ലയില്‍ അടിക്കടി കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച്ച വരെ ജനകീയ തെരച്ചില്‍ നടത്തുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജനവാസകേന്ദ്രങ്ങളുമായി അതിരിടുന്ന വനമേഖലകളിലും, കടുവയുടെ സാന്നിധ്യമുണ്ടായതായി സ്ഥിരീകരിച്ച മറ്റിടങ്ങളിലുമാണ് പരിശോധന നടത്തുക. നരഭോജിക്കടുവയെ ചത്തനിലയില്‍ കണ്ടെത്തിയെങ്കിലും ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് പഞ്ചാരക്കൊല്ലിയിലും സമീപപ്രദേശങ്ങളിലും തിരച്ചില്‍ നടത്തും. നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളിലും വയനാട് വന്യജീവി സങ്കേതത്തിലെയും ആറു റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുക. സര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കൊപ്പം നിലകൊള്ളും. വന്യജീവികളില്‍നിന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ എല്ലാകാര്യങ്ങളും ചെയ്യും. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് ശാശ്വതപരിഹാരം കാണുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
വനാതിര്‍ത്തികളിലെ അടിക്കാടുകള്‍ വെട്ടിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. സ്വകാര്യതോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടിമാറ്റാന്‍ ത്രിതല പഞ്ചായത്ത് അധികൃതര്‍ മുഖേന നോട്ടീസയക്കുന്നുണ്ട്. കാടുകള്‍ വെട്ടിമാറ്റാത്ത തോട്ടമുടമകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. വനത്തിനുപുറത്തുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യത്തിന് കാരണമാകുന്ന അടിക്കാടുകള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ വെട്ടിമാറ്റും. വനാതിര്‍ത്തികളില്‍ സോളാര്‍ തൂക്കുവേലി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. നബാര്‍ഡിന്റെ സഹായത്തോടെ 15 കോടി രൂപയുടെ തൂക്കുവേലി പ്രതിരോധം തീര്‍ക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുഖേനയും ഫണ്ട് ലഭ്യമാക്കും.
വന്യജീവികള്‍ക്ക് വനത്തില്‍ ആവാസം സൃഷ്ടിക്കുന്നതിന് പുതിയ മുന്നൂറുകുളങ്ങള്‍ ജില്ലയില്‍ കുഴിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വന്യമൃഗങ്ങളുടെ സാന്നിധ്യവും നീക്കവും മനസ്സിലാക്കുന്നതിനായി ആയിരം ലൈവ് ക്യാമറകള്‍ സ്ഥാപിക്കും. പഞ്ചാരക്കൊല്ലിയില്‍ കടുവയിറങ്ങിയതുമൂലം തൊഴില്‍ നഷ്ടപ്പെട്ട പ്രിയദര്‍ശിനി എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ഈ ദിവസങ്ങളിലെ വേതനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."