സ്വഛ് സർവേക്ഷൻ സൂപ്പർ ലീഗിലേക്ക് 12 നഗരങ്ങൾ; കേരളത്തിൽ നിന്ന് ഒന്നുപോലുമില്ല
തിരുവനന്തപുരം: ശുചിത്വ പദ്ധതിയായ സ്വഛ് സർവേക്ഷന്റെ 9ാം പതിപ്പിൽ കേരളത്തിൽ നിന്ന് നഗരങ്ങളൊന്നുമില്ല. വിവിധ സംസ്ഥാനങ്ങളിൽ പെട്ട 12 നഗരങ്ങളാണ് സ്വഛ് സർവേക്ഷൻ സൂപ്പർ ലീഗിലുള്ളത്. ദക്ഷിണേന്ത്യയിൽ നിന്ന് ആന്ധ്ര പ്രദേശിലെ തിരുപ്പതിയും ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നഗരങ്ങളിൽ ശുചിത്വം കൊണ്ടുവരുന്നതിനായി കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് വർഷം തോറും സ്വഛ് ഭാരത് മിഷന്റെ കീഴിൽ സ്വഛ് സർവേക്ഷൻ സർവേ നടപ്പിലാക്കിയത്.
രാജ്യത്തെ 446 നഗരങ്ങളിലായാണ് ശുചിത്വ സർവേ നടന്നുവരുന്നത്. എല്ലാ നഗരങ്ങളും ശുചിത്വത്തിൽ ഏറെ പുരോഗതി കൈവരിച്ചിട്ടുമുണ്ട്. കേരളത്തിലും പദ്ധതിയുടെ ഭാഗമായി ശുചിത്വ സർവേകളും പദ്ധതികളും സർക്കാർ നടത്തിവരുന്നുണ്ട്. 2023ൽ നഗരങ്ങളുടെ ശുചിത്വ ലിസ്റ്റിൽ കൊച്ചി 416ാം സ്ഥാനത്തായിരുന്നു എന്നറിയുമ്പോൾ കേരളം എത്ര പിന്നിലാണെന്ന് മനസിലാകും. 2021ൽ 324ാം സ്ഥാനത്തുനിന്ന് 2022ൽ 298ാം സ്ഥാനത്തെത്തിയ ശേഷമാണ് ശുചിത്വ സർവേക്കുതന്നെ വെല്ലുവിളി ഉയർത്തി കൊച്ചി ലിസ്റ്റിന്റെ അവസാനത്തിലേക്ക് തളർന്നുവീണത്.
മാലിന്യ നീക്കത്തിലെ വീഴ്ച, വൃത്തിഹീനമായ പൊതു ശൗചാലയങ്ങൾ, നഗരവീഥിയിൽ മലമൂത്രവിസർജനം, പൊതുജന പരാതി പരിഹാരത്തിൽ വീഴ്ച എന്നിവയൊക്കെ കൊച്ചിക്ക് വിനയായി. ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം കൊച്ചിയുടെ റാങ്ക് പിന്നിലേക്കാകാൻ പ്രധാന കാരണങ്ങളിലൊന്നായി മാറി. 2016ൽ വെളിയിട വിസർജനത്തിൽ നിന്ന് മുക്തമാകാനായതാണ് കേരളത്തിന്റെ ശുചിത്വ നേട്ടമായി എടുത്തുപറയാനാവുന്നത്.
നിലവിൽ സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ശുചിത്വ മിഷൻ വൻ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. എന്നാലും വീട്ട് മാലിന്യത്തിന്റെ കാര്യത്തിൽ ഇപ്പോഴും നിയന്ത്രണം കൈപ്പിടിയിൽ കൊണ്ടുവരാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. സ്വഛ് സർവേക്ഷൻ സർവേയിൽ കോർപറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും മാലിന്യം കൈകാര്യം ചെയ്യുന്നതിലെ മികവിന്റെ അടിസ്ഥാനത്തിൽ റാങ്കും നഗരങ്ങളിലെ ശുചിത്വ നിലവാരം അളന്ന് സർട്ടിഫിക്കറ്റുകളും നൽകുന്നുണ്ട്. ഖര മാലിന്യ നിർമാർജനത്തിൽ ഏഴ് മാനദണ്ഡങ്ങളിൽ ശരാശരി മാർക്ക് നേടുന്ന നഗരങ്ങൾ മാലിന്യ രഹിത നഗരം (ജി.എഫ്.സി) ആയി പരിഗണിക്കപ്പെടാൻ അർഹത നേടും.
നിലവിൽ സംസ്ഥാനത്തുനിന്ന് കൽപ്പറ്റ മുനിസിപ്പാലിറ്റിയും തൃശൂർ കോർപറേഷനും ഫൈവ് സ്റ്റാർ റേറ്റിങിനായും കോതമംഗലം മുനിസിപ്പാലിറ്റി ഫസ്റ്റ് സ്റ്റാർ റേറ്റിങിനായയും അപേക്ഷ നൽകിയിട്ടുണ്ട്. കന്റോൺമെന്റ് ഉൾപ്പെടെ 94 മുനിസിപ്പാലിറ്റികൾ ത്രീ സ്റ്റാർ റേറ്റിങിനും അപേക്ഷിച്ചിട്ടുണ്ട്. സ്വഛ് ഭാരത് മിഷൻ, ഒ.ഡി.എഫ് പ്ലസ്, ഒ.ഡി.എഫ് പ്ലസ് പ്ലസ്, വാട്ടർ പ്ലസ് എന്നീ സർട്ടിഫിക്കറ്റുകൾ നേടാൻ നഗരങ്ങൾക്ക് അപേക്ഷ നൽകാം.
2023ലെ കണക്കുപ്രകാരം ഒ.ഡി.എഫ് പ്ലസ് പ്ലസ് സർട്ടിഫിക്കറ്റ് നേടിയ കേരളത്തിലെ ഏക നഗരം കൽപ്പറ്റയാണ്. കൽപ്പറ്റയും തിരുവനന്തപുരം കോർപറേഷനും വാട്ടർ പ്ലസ് സർട്ടിഫിക്കേഷന് അപേക്ഷ നൽകിയിരുന്നു. മാർച്ച് 30ന് അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തിൽ സമ്പൂർണ ശുചിത്വ കേരളം പ്രഖ്യാപനം നടത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."