ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ഋതു ജയന്‍റെ വീട് അടിച്ചുതകര്‍ത്ത് നാട്ടുകാര്‍, രണ്ടു പേര്‍ പിടിയിൽ
കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഋതുവിന്റെ വീട് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. നാട്ടുകാരെ പൊലീസെത്തി സ്ഥലത്ത് നിന്ന് മാറ്റി. അയൽവാസികളായ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ ദാരുണ കൂട്ടക്കൊലയിലെ പ്രതിയായ ഋതു ജയനെതിരെ നേരത്തെ തന്നെ നാട്ടുകാരിൽ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതിനിടെയാണ് നാട്ടുകാരിൽ ചിലര്‍ വീട് അടിച്ചുതകര്‍ത്ത്. വീടിന്‍റെ മുൻവശത്തെ സിറ്റ്ഔട്ട് അടിച്ചുതകര്‍ക്കുകയും വീട്ടിലെ കസേര ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. വീടിന്‍റെ ജനൽ ചില്ലുകളും പൂര്‍ണമായും അടിച്ചുതകര്‍ത്തു. സംഭവം അറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാളെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് അപേക്ഷ നൽകാനാരിക്കെയാണ് ഇത്തരമൊരു സംഭവം ഉണ്ടാവുന്നത്.
ഋതു ജയൻ പിടിയിലായതിന് പിന്നാലെ മാതാപിതാക്കള്‍ അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. ആക്രമണം നടക്കുമ്പോള്‍ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വരും ദിവസങ്ങളിൽ പ്രതിയുമായി സ്ഥലത്ത് തെളിവെടുപ്പ് ഉള്‍പ്പെടെ നടത്തേണ്ടതുണ്ട്. വലിയ പ്രതിഷേധം നിലനില്‍ക്കുന്നതിനാൽ തെളിവെടുപ്പ് ഉള്‍പ്പെടെ പൊലീസിന് വെല്ലുവിളിയായി മാറും. പ്രതിയെ സ്ഥലത്തെത്തിക്കുമ്പോള്‍ വലിയ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."