ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ചരല്‍ തെറിപ്പിച്ചു; കുന്നംകുളം ആര്‍ത്താറ്റ് ഹോളി ക്രോസ് വിദ്യാലയത്തിലെ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം
തൃശൂര്‍:ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ചരല്‍ തെറിപ്പിച്ചതിന് നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം. കുന്നംകുളം ആര്‍ത്താറ്റ് ഹോളി ക്രോസ് വിദ്യാലയത്തിലെ വിദ്യാര്‍ഥി ഏദന്‍ ജോസഫി(9)നാണ് അധ്യാപകന്റെ ക്രൂരമര്‍ദനം ഏറ്റത്. ഇടവേള സമയത്ത് സഹപാഠികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ചരല്‍ തെറിപ്പിച്ചു എന്നാരോപിച്ചായിരുന്നു സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പാള്‍ ഫാദര്‍ ഫെബിന്‍ കൂത്തൂര്‍ കുട്ടിയെ ക്രൂരമായി മര്‍ദനത്തിനിരയാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്.
കുട്ടിയെ ചെവിയില്‍ പിടിച്ച് നൂറ് മീറ്ററോളം വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ചെന്നും വടികൊണ്ട് ദേഹമാസകലം ക്രൂരമായി മര്‍ദിക്കുകയും കൈകളില്‍ നുള്ളി പരിക്കേല്‍പ്പിച്ചതുമായാണ് പരാതി. മര്‍ദനത്തെ തുടര്‍ന്ന് അവശനിലയിലായ കുഞ്ഞിനെ വീട്ടുകാര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
ആശുപത്രി അധികൃതര്‍ കുന്നംകുളം പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ജുവനെയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസുടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."