നിറമില്ലെന്ന് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന് കുരുക്ക് മുറുകുന്നു; കൂടുതല്‍ വകുപ്പുകള്‍ ചുമത്തി
കൊണ്ടോട്ടി: നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തെതുടര്‍ന്ന് കൊണ്ടോട്ടിയില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കുരുക്ക് മുറുക്കി പൊലിസ്. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകള്‍ മരിച്ച ഷഹാന മുംതാസിന്റെ (19) ഭര്‍ത്താവ് മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുല്‍ വാഹിദിനെതിരെ ഭാരതീയ ന്യായ സംഹിത 85 വകുപ്പുകൂടി ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഭര്‍ത്താവോ ബന്ധുക്കളോ സ്ത്രീകളോട് ക്രൂരമായി പെരുമാറുന്നതിനെതിരെയാണ് ഈ വകുപ്പനുസരിച്ച് കേസെടുക്കുക. കൊണ്ടോട്ടി ഡിവൈ.എസ്.പി കെ.സി. സേതു ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്ത ശേഷമാണ്, അസ്വാഭാവിക മരണത്തിനു മാത്രം രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി തുടരന്വേഷണം നടത്തുന്നത്.
ചൊവ്വാഴ്ച രാവിലെയാണ് ഷഹാനയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവിന്റെ പീഡനം മൂലമാണ് മുംതാസ് ജീവനൊടുക്കിയതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. 2024 മേയ് 27നാണ് നിക്കാഹ് കഴിഞ്ഞത്. പിന്നീട് വിദേശത്തേക്കു പോയ ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് നിറമില്ലെന്ന പേരില്‍ ഫോണിലൂടെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും വിവാഹബന്ധം ഒഴിയുകയാണെന്നറിയിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് യുവതി തൂങ്ങിമരിച്ചതെന്നും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവ് അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരേയാണ് കൊണ്ടോട്ടി പൊലിസ് കേസെടുത്തത്. വാഹിദ് നിലവില്‍ വിദേശത്താണ്. കൊണ്ടോട്ടി ഗവ. കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ഷഹാന.
സംഭവത്തില്‍ വനിത കമീഷനും യുവജന കമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു. ഭര്‍ത്താവിനെ നാട്ടിലെത്തിച്ച് നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."