ലോകത്തിലെ മികച്ച താരമാവാനല്ല, ആ താരങ്ങൾക്കൊപ്പം കളിക്കാനാണ് ഞാൻ ബാഴ്സ വിട്ടത്: നെയ്മർ
2017ലാണ് നെയ്മർ ബാഴ്സലോണ വിട്ട് ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെർമെയ്‌നിലേക്ക് കൂടുമാറിയത്. ൨൨൨ ദശലക്ഷം യൂറോക്കായിരുന്നു നെയ്മറെ പാരീസ് സ്വന്തമാക്കിയത്. ഇപ്പോൾ ബാഴ്സയിൽ നിന്നും പോയതിന്റെ കാരണത്തെക്കുറിച്ച് നെയ്മർ സംസാരിച്ചിരിക്കുകയാണ്. ബ്രസീലിയൻ ഇതിഹാസമായ റൊമാരിയോയുമായുള്ള അഭിമുഖത്തിലാണ് നെയ്മർ ഇക്കാര്യം പറഞ്ഞത്.
'ലോകത്തിലെ ഏറ്റവും മികച്ച താരമാവാനല്ല ഞാൻ ബാർസ വിട്ട് പിഎസ്ജിയിലേക്ക് പോയത്. ഈ സമയത്ത് മെസി എന്നോട് പറഞ്ഞു നീ എന്തിനാണ് പോകുന്നത്? ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എനിക്ക് നിന്നെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാക്കാൻ കഴിയും എന്ന്. ഇത് വ്യക്തിപരമായ കാര്യമാണെന്ന് ഞാൻ മെസിയോട് പറഞ്ഞു.
ബാഴ്‌സലോണയിൽ ഉള്ളതിനേക്കാൾ സാമ്പത്തികമായി മികച്ചതായിരുന്നു എനിക്ക് അവിടെ ഉണ്ടായിരുന്നത്. അവിടെയും ധാരാളം ബ്രസീൽ താരങ്ങൾ ഉണ്ടായിരുന്നു. അവരോടൊപ്പം കളിക്കാൻ ഞാൻ ആഗ്രഹിച്ചു. തിയാഗോ സിൽവ, ഡാനി ആൽവസ്, മാർക്വിനോസ്, ലൂക്കാസ് മൗറ എന്നിവർ അവിടെ കളിച്ചിരുന്നു. ഇവർ എന്റെ സുഹൃത്തുക്കൾ ആയിരുന്നു,' നെയ്മർ പറഞ്ഞു.
നെയ്മർ പിഎസ്ജിയിൽ എത്തിയതിനു നാല് വർഷങ്ങൾക്ക് ശേഷം മെസിയും പാരീസിലേക്ക് ചേക്കേറിയിരുന്നു. ഇരുവരും വീണ്ടും രണ്ട് വര്ഷം ഒരുമിച്ച് പാരീസിൽ പന്തുതട്ടി. ഒടുവിൽ 2023ലാണ് ഇരുവരും ക്ലബ് വിട്ടത്. മെസി ഇന്റർ മയാമിയിലേക്കും നെയ്മർ അൽ ഹിലാലിലേക്കുമാണ് ചേക്കേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."