ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത്തിനൊപ്പം ഓപ്പണറായി അവനെ കൊണ്ടുവരണം: സെവാഗ്
ഡൽഹി: വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മക്കൊപ്പം ആരാണ് ഓപ്പൺ ചെയ്യേണ്ടതെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. യശ്വസി ജെയ്‌സ്വാളിന്റെ പേരാണ് സെവാഗ് പറഞ്ഞത്. ടെസ്റ്റ്, ട്വന്റി ട്വന്റി എന്നീ ഫോർമാറ്റുകളിലെ ജെയ്‌സ്വാളിന്റെ പ്രകടനങ്ങൾ നോക്കുമ്പോൾ ജെയ്‌സ്വാളിന് ഏകദിനത്തിലും ഓപ്പൺ ചെയ്യാൻ കഴിയുമെന്നാണ് സെവാഗ് പറഞ്ഞത്. സ്വിച്ച് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സെവാഗ്.
'സെലക്ടർമാർക്കുള്ള എൻ്റെ ഒരു ഉപദേശം എന്തെന്നാൽ ജെയ്‌സ്വാളിന് 50 ഓവറിൽ അവസരം നൽകുക എന്നതാണ്. ടെസ്റ്റിലും ട്വന്റി ട്വന്റിയിലും അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി നോക്കുമ്പോൾ അദ്ദേഹത്തിന് ഏകദിനവും അനുയോജ്യമായ ഫോർമാറ്റാണ്. ജെയ്‌സ്വാൾ തീർച്ചയായും ഇന്ത്യയുടെ ഏകദിന ടീമിൻ്റെ ഭാഗമാകണം,' സെവാഗ് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിലും ട്വന്റി ട്വന്റിയിലും മികച്ച പ്രകടനങ്ങൾ നടത്തികൊണ്ട് ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ച ജെയ്‌സ്വാളിന് ഏകദിനത്തിൽ ഇതുവരെ അരങ്ങേറ്റം കുറിക്കാൻ സാധിച്ചിട്ടില്ല. നിലവിൽ രോഹിതിനൊപ്പം ശുഭ്മാൻ ഗില്ലാണ് ഏകദിനത്തിൽ ഓപ്പണർ ആയി കളിക്കാനുള്ള സാദ്ധ്യതകൾ ഉള്ളത്. എന്നാൽ നിലവിലെ ജെയ്‌സ്വാളിന്റെ പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ താരം ടീമിൽ ഇടം പിടിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."