UAE Weather Updates...യുഎഇ കാലാവസ്ഥ; അബൂദബിയിലും അല്‍ഐനിലും കനത്ത മൂടല്‍മഞ്ഞ്, റോഡുകളില്‍ ദൃശ്യപരത കുറവ്, ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
ദുബൈ: യുഎഇയിലുടനീളം വാഹനമോടിക്കുന്നവര്‍ ഇന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദേശം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് കനക്കാന്‍ സാധ്യതയുള്ളതിനാല്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) യെല്ലോ, റെഡ് അലെര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ദൃശ്യപരത ഗണ്യമായി കുറയാന്‍ സാധ്യതയുള്ളതിനാല്‍ റോഡുകളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.
അബൂദബിയിലും അല്‍ഐനിലും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. അബൂദബിയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, അല്‍ അജ്ബാന്‍, സ്വീഹാന്‍ റോഡ്, അല്‍ വത്ബ, അല്‍ ഫയ, അല്‍ ഐനിലെ അല്‍ ഖസ്ന തുടങ്ങിയ പ്രധാന പ്രദേശങ്ങളെയാണ് ഇതു പ്രധാനമായും ബാധിച്ചിരിക്കുന്നത്. അല്‍ ദഫ്രയിലെ അല്‍ മിര്ഫയിലേക്കുള്ള അബു അല്‍ അബ്യാദ് പാലത്തിലും ഇന്ന് രാവിലെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു. രാവിലെ 9:30 വരെ മൂടല്‍മഞ്ഞ് നിലനില്ക്കും.
മൂടല്‍മഞ്ഞ് കാരണം റോഡുകളില്‍ ദൃശ്യപരത കുറവായതിനാല്‍ ഡ്രൈവര്‍മാര്‍ സാവധാനത്തിലും ശ്രദ്ധയോടെയും വാഹനമോടിക്കാന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദ്ദേശിച്ചു.
NCM അനുസരിച്ച്, കാലാവസ്ഥ ഭാഗികമായി മേഘാവൃതമോ അല്ലെങ്കില്‍ പൂര്‍ണമായോ മേഘാവൃതമായിരിക്കും. പ്രത്യേകിച്ച് വൈകുന്നേരത്തോടെ വടക്കന്‍, കിഴക്ക്, തീരപ്രദേശങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്.
രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ പരമാവധി താപനില 23 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 22 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയും പര്‍വതങ്ങളില്‍ 15 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും.
നേരിയതോ മിതമായതോ ആയ കാറ്റ് വീശാനിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."