ഓട്ടിസം ബാധിച്ച മകന് അഡ്മിഷന്‍ നിഷേധിച്ച് 22 സ്‌കൂളുകള്‍; ഒരു സ്‌പെഷ്യല്‍ സ്‌കൂള്‍ തന്നെ തുടങ്ങി അമ്മ, ഇതു സ്‌നേഹത്തില്‍ ചാലിച്ച പ്രതികാരത്തിന്റെ കഥ
ദുബൈ: ഓട്ടിസം ബാധിച്ച മകന് 22 സ്‌കൂളുകള്‍ അഡ്മിഷന്‍ നിഷേധിച്ചപ്പോള്‍ സ്വന്തമായി സ്‌പെഷ്യല്‍ കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ തുടങ്ങിയ റാണ അക്കാദ് എന്ന മാതാവിന്റെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ മകന്‍ നേരിട്ട ദുര്‍ഗതി മറ്റൊരു കുട്ടിക്കും വരില്ലെന്ന് റാണ പറഞ്ഞു.
'എന്റെ മകന്‍ ജാദ് ദുബൈയിലെ 22 സ്‌കൂളുകളില്‍ നിന്ന് നിരസിക്കപ്പെട്ടു. വിലകുറഞ്ഞതും ചെലവേറിയതും ഉയര്‍ന്ന നിലവാരമുള്ളതും കുറഞ്ഞതുമായ എല്ലാം ഞാന്‍ പരീക്ഷിച്ചു. ഞാന്‍ അവനെ ഒരു പ്രത്യേക കേന്ദ്രത്തില്‍ ആക്കാന്‍ പോലും ശ്രമിച്ചു. പക്ഷേ അവിടെയുള്ള കേസുകള്‍ അവനെക്കാള്‍ കഠിനമായിരുന്നു. ജാദ് അങ്ങനെ അധികമായി സംസാരിക്കാറുണ്ടായിരുന്നില്ല. ചില പെരുമാറ്റ പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും അവന് ശാരീരിക വൈകല്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.' റാണ അക്കാദ് പറഞ്ഞു.
'22 വര്‍ഷം മുമ്പ് സിറിയയില്‍ നിന്ന് ദുബൈയിലേക്ക് താമസം മാറിയതാണ് റാണ. വളരെ ചെറുപ്പം തൊട്ടുതന്നെ ജാദ് മറ്റുള്ളവരുമായി ഇടപഴകുകയോ സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിരുന്നില്ല. ഒരു കളിപ്പാട്ട ഫോണ്‍ പിടിച്ച് അവന്‍ അമ്മ, ബാബ, ബോള്‍, ഹലോ എന്നൊക്കെ പറയുമായിരുന്നു, പക്ഷേ പെട്ടെന്നുതന്നെ അതു മാഞ്ഞുപോയി.' റാണ പറഞ്ഞു.
തുടര്‍ന്നാണ് ജാദിന് ഓട്ടിസം ഉണ്ടെന്ന് ക്ലിനിക്കല്‍ രോഗനിര്‍ണയത്തിലൂടെ കണ്ടെത്തിയത്. അവന്റെ അവസ്ഥയെ എങ്ങനെ നേരിടണമെന്ന് കുടുംബം പഠിച്ചെങ്കിലും ഒരു സ്‌കൂളിനായുള്ള ശ്രമം യഥാര്‍ത്ഥത്തില്‍ ഒരു പോരാട്ടമായി മാറി.
'അവസാനം 22 സ്‌കൂളുകള്‍ അഡ്മിഷന്‍ നിരസിച്ചതിനു ശേഷം ഒരു സ്‌കൂളില്‍ പ്രവേശനം ലഭിച്ചപ്പോള്‍, അതു കൂടുതല്‍ വഷളാവുകയാണുണ്ടായത്,' റാണ പറഞ്ഞു.
'കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അധികാരികള്‍ അടച്ചുപൂട്ടിയ ഒരു സ്‌കൂളില്‍ അവനെ ചേര്‍ത്തു,' അവര്‍ പറഞ്ഞു.
'ജാദ് അവന്റെ ഷാഡോ ടീച്ചറുടെ കൂടെ സ്‌കൂളില്‍ പോകാന്‍ തുടങ്ങി. ഇംഗ്ലീഷ് സംസാരിക്കാത്ത കുട്ടിയാണെന്ന് കരുതി മറ്റ് വിദ്യാര്‍ത്ഥികള്‍ അവനെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. ദുഃഖകരമെന്നു പറയട്ടെ, കാലക്രമേണ അവര്‍ അവനുമായി ഇടപഴകുന്നത് നിര്‍ത്തി. ഒരു ദിവസം അവനെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോള്‍ ഞാന്‍ അവന്റെ അരികിലൂടെ നടന്നുവരുന്നത് ശ്രദ്ധിക്കാതെ അവന്‍ മറ്റെന്തോ ശ്രദ്ധിക്കുകയായിരുന്നു.'
'ഞാന്‍ അവനെ വിളിച്ചുകൊണ്ടിരുന്നു, പക്ഷേ അവന്‍ എന്നെ അവഗണിച്ചു. അവന്‍ മറ്റെവിടെയോ നോക്കികൊണ്ടിരിക്കുകയായിരുന്നു. അവന്‍ എവിടെയാണ് നോക്കുന്നതെന്ന് ഞാന്‍ കണ്ടു. അവന്റെ സുഹൃത്തുക്കളെല്ലാം ഒരു കുട്ടിയുടെ വീട്ടിലേക്ക് കാറില്‍ പോകുന്നത് ഞാന്‍ കണ്ടു. എന്റെ മകന്റെ കണ്ണുകളിലെ സങ്കടം എന്നെ കൊല്ലുന്നതു പോലെ തോന്നി എനിക്ക്.' റാണ ഓര്‍ത്തു.
ജാദിനും അവനെപ്പോലുള്ളവര്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തനിക്ക് തോന്നിയത് അപ്പോഴാണെന്ന് റാണ പറയുന്നു.
'ജാദ് ഒരു മുഖ്യധാരാ സ്‌കൂളില്‍ പഠിക്കുന്നതിനുവേണ്ടിയുള്ള ഈ പോരാട്ടം അവനുവേണ്ടിയല്ല, മറിച്ച് എന്റെ മകന്‍ എവിടെയോ ഉള്ളവനാണെന്ന എന്റെ സ്വന്തം അഹംഭാവത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണെന്ന് ഞാന്‍ മനസ്സിലാക്കി. ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനുവേണ്ടി സ്വര്‍ഗ്ഗവും ഭൂമിയും ചലിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി. എന്നാല്‍ തന്റെ മകനുമായി സൗഹൃദം സ്ഥാപിക്കാന്‍ ഒമ്പത് വയസ്സുകാരനെ കൈക്കൂലി നല്‍കാനോ നിര്‍ബന്ധിക്കാനോ കഴിയില്ല. ഞാന്‍ തെറ്റായി പോരാടുകയും എന്റെ ശക്തി പാഴാക്കുകയും എന്റെ മകനെ അവനു ഒട്ടും യോജിക്കാത്തൊരിടത്തേക്ക് പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് എനിക്ക് തോന്നി.' റാണ പറഞ്ഞു.
നാല് വര്‍ഷത്തെ പഠനത്തിനും ആസൂത്രണത്തിനും ശേഷം 2016 ഒക്ടോബറില്‍ ജാദ് ഉള്‍പ്പെടെ 11 വിദ്യാര്‍ത്ഥികളുമായി റാണ മോഡേണ്‍ ആള്‍ട്ടര്‍നേറ്റീവ് എഡ്യൂക്കേഷന്‍ എന്ന പേരില്‍ ഒരു പ്രത്യേക കേന്ദ്രം സ്ഥാപിച്ചു.
'ഞാന്‍ സ്‌കൂള്‍ തുറക്കുമ്പോഴേക്കും ജാദ് വിഷാദാവസ്ഥയിലായിരുന്നു. എന്നാല്‍ പുതിയ കേന്ദ്രത്തില്‍, അവന്റെ കണ്ണുകളിലേക്ക് സന്തോഷവും തിളക്കവും തിരികെ വരുന്നത് കാണാന്‍ എനിക്കു കഴിഞ്ഞു. അവിടെ വെച്ച് അവന്‍ അവന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സുഹൃത്തുക്കളെ കണ്ടുമുട്ടി.'
എന്നിരുനാനലും ദൗര്‍ഭാഗ്യവശാല്‍ രണ്ടു വര്‍ഷത്തിന് ശേഷം പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ജാദ് മരിച്ചു. മരണത്തിന് അവന്റെ ഓട്ടിസവുമായി ബന്ധമില്ലെന്ന് റാണ വ്യക്തമാക്കി. 'അവന്‍ ഉറങ്ങാന്‍ പോയി, എന്നാല്‍ ഒരിക്കലും ഉണര്‍ന്നില്ല, അവന്റെ ഹൃദയം എന്നേക്കുമായി നിലച്ചു.' റാണ വിശദീകരിച്ചു.
ജാദിന്റെ മരണശേഷം കേന്ദ്രം തുടരാനുള്ള റാണയുടെ ദൃഢനിശ്ചയം കൂടുതല്‍ ശക്തിപ്പെടുത്തി. ഇപ്പോള്‍ ഈ കേന്ദ്രത്തിന്റെ പേര് ജാദ്‌സ് ഇന്‍ക്ലൂഷന്‍ എന്നാക്കി മാറ്റി. ജാദിനു ശേഷവും ജാദിന്റെ ഓര്‍മ്മകളില്‍ റാണ അക്കാദ് തന്റെ യാത്ര തുടരുകയാണ്, പോരാട്ടങ്ങള്‍ തളരാനുള്ളതല്ലെന്ന ഉറച്ച വിശ്വാസത്തോടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."