'കണ്ണു തുറപ്പിക്കാന്‍ അവര്‍ കണ്ണുകെട്ടി'; ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യമായി തലശ്ശേരി ചിറക്കര എച്ച്.എസ്.എസിന്റെ കോല്‍ക്കളി
'ഒരു കുഞ്ഞുമോളുടെ ചിതറിയ ചിരി വാരി മലക്കുകള്‍ റബ്ബിന്റെ മുമ്പില്‍ വന്നു. അരുവികളൊഴുകുന്ന ആരാമങ്ങള്‍ തോറും അവളെ കൊണ്ടവര്‍ നടന്നു വന്നു ഇനിയെന്തുവേണമെന്നാരാഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ ഭൂമിയിലേക്ക് താണു. ഗസയില്‍ തന്നെ പോയ് പാര്‍ക്കണം ഇനിയും ശഹീദായ് മടങ്ങേണമെന്നവണ്ണം...' പതിഞ്ഞ താളത്തില്‍ അവര്‍ പാടിത്തുടങ്ങി. കറുത്ത തുണികൊണ്ട് കണ്ണുകള്‍ മൂടിക്കെട്ടി കഫിയയോട് സാമ്യമുള്ള തറുപ്പും വെളുപ്പും നിറത്തിലുള്ള കള്ളിമുണ്ടുടത്ത് അവര്‍ കോലടിച്ച് അവര്‍. പതിയെ പതിയെ താളം മുറുകി. ഇസ്‌റാഈല്‍ ഗസ്സക്കുമേല്‍ വര്‍ഷിച്ചു കൊണ്ടിരിക്കുന്ന ക്രൂരതക്കുമേല്‍ പ്രതിഷേധമായി ആ താളം ഉച്ചസ്ഥായിയിലേക്ക്...ഇന്നോളം കാണാത്ത ആ അതിശയപ്പെയ്ത്തിനു മേല്‍ കാണികള്‍ ആരവമായി.
സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലെ കോല്‍ക്കളി മത്സരത്തില്‍ നിന്നുള്ളതായിരുന്നു ഹൃദയം തൊടുന്ന ഈ കാഴ്ച. തലശ്ശേരി ചിറക്കര എച്ച്.എസ്.എസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യമായുള്ള കോല്‍ക്കളിയുമായെത്തിയത്.
'പാട്ടായ് കാത്തിരിക്കേണ്ട നീ എന്നെ ഞാന്‍ പടയായ് പുറപ്പെട്ടു മുന്നേ പകലിരവില്ലാതെ ക്രൂരത പെയ്യും ഫലസ്തീനിലേക്കായ് തന്നെ..' യുദ്ധക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളോട് ഐക്യപ്പെട്ട് കണ്ണൂരിലെ കുട്ടിക്കോല്‍ക്കളിക്കൂട്ടം വേദിയില്‍ തീയായി. താളച്ചുവടുകള്‍ മുറുകുന്നതോടൊപ്പം അവരുടെ വരികളിലും കണ്‍കെട്ടിയ ലോകത്തോടുള്ള പ്രതിഷേധം തിളച്ചു പെയ്യുകയായിരുന്നു. കോല്‍ക്കളിപാട്ടിലെ വരികള്‍ മുഴുവന്‍ ഫലസ്തീനില്‍ ഇസ്‌റാഈല്‍ ചെയ്യുന്ന ക്രുരതയോടുള്ള പ്രതിഷേധമായിരുന്നു,
'ഞങ്ങളുടെ ആവശ്യം എ ഗ്രേഡ് അല്ല, യുദ്ധക്കൊതിയന്മാരുടെ തീരുമാനങ്ങളില്‍ ഇരകളായവര്‍ക്കായുള്ള ഐക്യദാര്‍ഢ്യമാണ് ഞങ്ങളുടെ ലക്ഷ്യം. അതിനു വേണ്ടി തന്നെയാണ് ഇത്രയും ദൂരം സഞ്ചരിച്ച് ഇവിടെയെത്തിയത്.ഇത്രയും വലിയൊരു വേദിയില്‍ ഇത് ഞങ്ങളുടെ ഒരു ഓര്‍മപ്പെടുതലാണ്'കളി കഴിഞ്ഞ ശേഷം ഈ കുഞ്ഞു മിടുക്കന്‍മാര്‍ പ്രതികരിച്ചതിങ്ങനെ.
ടീം ലീഡര്‍ ഷഫിന്‍, മിസ്ഹബ്, മില്‍ഹാന്‍, മസിന്‍, ശാസ്, റാഹിദ്, നജാല്‍, റഷ്ദന്‍, ഹാദി, മിറാസ്, സിനാന്‍, അഹ്ബാന്‍ എന്നിവരാണ് ടീം അംഗങ്ങള്‍. അല്‍ മുബാറക് കോല്‍ക്കളി സംഘത്തിലെ അബ്ബാസ് ഗുരുക്കളും വടകര മുഹമ്മദ് റബിനുമാണ് ഇവരെ പരിശീലിപ്പിച്ചത്.
ജില്ല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തില്‍ പോവുമ്പോള്‍ ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി യുദ്ധത്തിനെതിരെ കണ്‍കെട്ടി കോല്‍ക്കളി കളിച്ചാലോ എന്ന് പരിശീലകര്‍ ചോദിച്ചു. ഒപ്പം ഇതിനു പിന്നിലെ റിസ്‌ക്കും ബോധ്യപ്പെടുത്തി. എ ഗ്രേഡ് ഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും പരിശീലകര്‍ അവരെ ഓര്‍മപ്പെടുത്തി. എന്നാല്‍ ഇതൊന്നും ഈ കൊച്ചു മിടുക്കര്‍ക്ക് പ്രശ്‌നമല്ലായിരുന്നു. ലോകത്തിന്റെ മൗനത്തിനെതിരെ ആളിക്കത്തേണ്ട തീജ്വാലയിലേക്കൊരു കുഞ്ഞു കനലാവാന്‍ ആ 12 പേര്‍ കണ്ണുംകെട്ടിയിറങ്ങി. ഒരു മാസം നീണ്ട കണ്‍കെട്ടി പരിശീലനത്തില്‍ ചിലര്‍ക്ക് പരിക്കു പറ്റി. ഇതിനിടെ കലോത്സവ ദിവസം ഒരാള്‍ക്ക് പനിയും പിടിച്ചു. അവസാനം എല്ലാ പ്രതിസന്ധികളും തരണം ചെയ്തവര്‍ വേദിയില്‍ ആ കനലൂതി ജ്വലിപ്പിച്ചു. പതിഞ്ഞ് കത്തി തീക്കാറ്റായി മാറിയ ആ പ്രകടനത്തിന് സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ഫലം വന്നപ്പോള്‍ എ ഗ്രേഡും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."