ഫെബ്രുവരി അഞ്ചിന് ഡല്‍ഹി ബൂത്തിലേക്ക്, വോട്ടെണ്ണല്‍ എട്ടിന്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്ത് വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനര്‍ രാജീവ് കുമാര്‍ ആണ് തീയതികള്‍ പ്രഖ്യാപിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിനെ ആം ആദ്മിയും ബിജെപിയും കോണ്‍ഗ്രസും അഭിമാന പോരാട്ടമായാണ് കാണുന്നത്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ രാജ്യതലസ്ഥാനത്ത് അധികാരം പിടിക്കാനുള്ള പേരാട്ടത്തിലാണ് ബിജെപി.
70 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി മുഴുവന്‍ സീറ്റുകളിലേക്കും നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രഛാരണത്തില്‍ സജീവമാണ്. 29 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി.ജെ.പിയും 48 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസും പുറത്തുവിട്ടിരുന്നു.
ദേശീയതലത്തില്‍ എ.എ.പി ഇന്‍ഡ്യാ മുന്നണിയുടെ ഭാഗം ആണെങ്കിലും ഡല്‍ഹിയില്‍ കോണ്‍ഗ്രസും എ.എ.പിയും പരസ്പരം മത്സരിക്കുകയാണ്. കൂടാതെ സി.പി.എം, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍, ബി.എസ്.പി എന്നീ കക്ഷികളും പോരിനുണ്ട്.
2020ലെ തെരഞ്ഞെടുപ്പില്‍ 70ല്‍ 63 ഉം നേടിയാണ് അരവിന്ദ് കെജരിവാളിന് ഡല്‍ഹിയില്‍ ഭരണത്തുടര്‍ച്ച ലഭിച്ചത്. ബി.ജെ.പിയാണ് ബാക്കിയുള്ള ഏഴിടത്തും ജയിച്ചത്. 2015ല്‍ 70ല്‍ 67 ഉം എ.എ.പിക്കായിരുന്നു.
അതേസമയം ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി. പര്‍വേഷ് വര്‍മ്മ, രമേഷ് ബിധുരി, മഞ്ജീന്ദര്‍ സിംഗ് സിര്‍സ തുടങ്ങിയ പ്രമുഖ നേതാക്കളാണ് ആദ്യ പട്ടികയിലുള്ളത്.
ആദ്യ പട്ടികയില്‍ 29 സ്ഥാനാര്‍ഥികളാണുള്ളത്. 70 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. പട്ടികയനുസരിച്ച് ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ മുന്‍ എംപി പര്‍വേഷ് വര്‍മയാണ് മത്സരിക്കുന്നത്.
നിലവിലെ മുഖ്യമന്ത്രി അതിഷിക്കെതിരെ കല്‍കജി മണ്ഡലത്തില്‍ നിന്ന് ബിജെപി നേതാവും സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള മുന്‍ എംപിയുമായ രമേഷ് ബിധുരി മത്സരിക്കും. ഇതോടെ കല്‍കജിയില്‍ വാശിയേറിയ പോരാട്ടമാണെന്ന് ഉറപ്പായി. മുന്‍ എഎപി നേതാവ് കൂടിയായ അല്‍ക്ക ലാംബയെയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന കൈലാഷ് ഗെലോട്ട് ബിജ്വാസന്‍ സീറ്റില്‍ മത്സരിക്കും. മുന്‍ കോണ്‍ഗ്രസ് നേതാവും ഷീലാ ദീക്ഷിത് സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന അരവിന്ദര്‍ സിങ് ലവ്‌ലി ഈസ്റ്റ് ഡല്‍ഹിയിലെ ഗാന്ധിനഗര്‍ സീറ്റില്‍നിന്ന് ബിജെപിക്കായി മത്സരിക്കും.
മദ്യനയ കേസില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ആംആദ്മിയുടെ ബലപരീക്ഷണം കൂടിയാകും തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."