റിജിത്ത് വധക്കേസ്: 9 ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി 7 ന്
കണ്ണൂര്‍: കണ്ണപുരം ചുണ്ടയില്‍ സി.പി.എം പ്രവര്‍ത്തകന്‍ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍.എസ്.എസ്- ബി.ജെ.പി. പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍. കേസില്‍ ചൊവ്വാഴ്ച ശിക്ഷ വിധിക്കും.20 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് കോടതി ശിക്ഷ വിധിക്കുന്നത്.
വിവി സുധാകരന്‍, കെടി ജയേഷ്, സിപി രജിത്ത്, പിപി അജീന്ദ്രന്‍, ഐവി അനില്‍, പിവി ശ്രീകാന്ത്, വിവി ശ്രീജിത്ത്, പിപി രാജേഷ്, പിവി ഭാസ്‌കരന്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ ജനുവരി എഴിന് വിധിക്കും. കേസിലെ മൂന്നാം പ്രതിയായിരുന്ന കെടി അജേഷ് വിചാരണക്കിടെ മരിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കി.
2005 ഒക്ടോബര്‍ 3നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ കണ്ണപുരത്തെ സജീവ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ റിജിത്തിനെ ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ചുണ്ട തച്ചങ്കണ്ടിയാലിനടുത്ത പഞ്ചായത്ത് കിണറിന് സമീപംവെച്ച് പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ റിജിത്ത് സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെടുകയും കൂടെയുണ്ടായിരുന്ന മൂന്ന് സി.പി.എം പ്രവര്‍ത്തകരായ നികേഷ്, വിമല്‍, വികാസ് എന്നിവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
വിധിയില്‍ ആശ്വാസമുണ്ടെന്നും ഇതിനായി നീണ്ടകാലം കാത്തിരിക്കേണ്ടി വന്നുവെന്നും റീജിത്തിന്റെ അമ്മ ജാനകിയും സഹോദരി ശ്രീജയും പ്രതികരിച്ചു.
പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതില്‍ സന്തോഷമുണ്ട്. 19 വര്‍ഷവും മൂന്നു മാസവും കാത്തിരിക്കേണ്ടി വന്നു. 17 വര്‍ഷം വരെ അച്ഛന്‍ കാത്തിരുന്നു. 2 വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചു. ഇപ്പോള്‍ തനിച്ചായെന്നും മറ്റൊന്നും പറയാനില്ലെന്നും അമ്മ പറഞ്ഞു. വിധി കേള്‍ക്കാന്‍ അച്ഛനില്ലാതെ പോയെന്ന് സഹോദരിയും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."