'കല്‍ക്കാജിയിലെ റോഡുകള്‍ പ്രിയങ്കയുടെ കവിളുകള്‍ പോലെ മനോഹരമാക്കും'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്
ന്യൂഡല്‍ഹി: വയനാട് എം.പിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി. നേതാവ് രമേശ് ബിധുരി. താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുകള്‍ പോലെ മിനുസമുള്ളതാക്കുമെന്നായിരുന്നു മുന്‍ എം.പിയുടെ പരാമര്‍ശം. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കല്‍ക്കാജിയില്‍ നിന്നാണ് ബിധുരി മത്സരിക്കുന്നത്.
വിവാദ പ്രസ്താവനയില്‍ ബിധുരി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്ത്രീ വിരുദ്ധപാര്‍ട്ടിയാണ് ബി.ജെ.പിയെന്നും ഒരു ജനപ്രതിനിധിയില്‍ നിന്ന് ഇത്തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കുന്നത് ലജ്ജാകരവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് പ്രതികരിച്ചു. ഇതാണ് ബി.ജെ.പിയുടെ യഥാര്‍ഥ മുഖം ബിധുരിയുടെ വാക്കുകള്‍ അയാളുടെ മനോനിലയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ബിധുരിയുടെ പരാര്‍ശത്തിനെതിരെ ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. 'ഇത് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി, അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ...ഇങ്ങനെയാണ് ബി.ജെ.പി സ്ത്രീകളെ ആദരിക്കുന്നത്. ഇത്തരം നേതാക്കളുടെ കൈകളില്‍ ഡല്‍ഹിയിലെ സ്ത്രീകളുടെ സുരക്ഷ? എങ്ങനെയായിരിക്കും.?''-എ.എ.പി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് എക്‌സില്‍ കുറിച്ചു.
അതേസമയം, പരാമര്‍ശത്തെ രമേശ് ബിധുരി ന്യായീകരിച്ചു. മുമ്പൊരിക്കല്‍ ബിഹാറിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിളുകള്‍ പോലെയാക്കുമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞ വാക്കുകളാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചൂണ്ടിക്കാണിച്ചത്. ഹേമ മാലിനിക്കെതിരായ പരാമര്‍ശത്തില്‍ ലാലു പ്രസാദ് യാദവിനെ ഒറ്റപ്പെടുത്താത്തവര്‍ എങ്ങനെയാണ് തന്നെ ചോദ്യംചെയ്യുകയെന്നായിരുന്നു ബിധുരിയുടെ ചോദ്യം.
കല്‍ക്കാജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ ആണ് ബിധുരി നേരിടുക. ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസിന്റെ അല്‍ക ലാംപയും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."