കിടപ്പുരോഗികള്‍ക്ക് ആശ്വാസമേകാന്‍ ഇനി 'കെയര്‍ കേരള'
കോഴിക്കോട്: കിടപ്പുരോഗികള്‍ക്ക് ഏത് സേവനവും ഇനി 'കെയര്‍ കേരള'യിലൂടെ അതിവേഗം അരികിലെത്തും. സംസ്ഥാനത്തെ പാലിയേറ്റീവ് സംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കി ആരോഗ്യ വകുപ്പാണ് വെബ്സൈറ്റ് ഒരുക്കുന്നത്.
2025 ജനുവരിയില്‍ പ്രകാശിപ്പിക്കും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെല്ലാം പ്രാദേശിക കൂട്ടായ്മയുടെ പിന്തുണയില്‍ സേവനം കാലതാമസമില്ലാതെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിചരണം, മരുന്ന്, മെഡിക്കല്‍ ഉപകരണം തുടങ്ങി ഏത് സേവനവും വെബ്സൈറ്റിലൂടെ ആവശ്യപ്പെടാം. പാലിയേറ്റീവ് യൂണിറ്റ്, സന്നദ്ധ സംഘടന, വാര്‍ഡ് പ്രതിനിധി എന്നിവരിലേക്കും തത്സമയം ഈ സന്ദേശം എത്തും. രോഗികള്‍ക്ക് ഭക്ഷണമുള്‍പ്പെടെ ഉറപ്പാക്കാനുമാകും. ഒരു പാലിയേറ്റീവ് യൂണിറ്റില്‍ ഇല്ലാത്ത സേവനം തൊട്ടടുത്ത യൂണിറ്റില്‍നിന്ന് ലഭ്യമാക്കാനുള്ള ക്രമീകരണം കാലതാമസമില്ലാതെ ഇതിലൂടെ നടത്താനാകും.
വീല്‍ ചെയര്‍, വാക്കര്‍ തുടങ്ങിയ സഹായ ഉപകരണങ്ങളെത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യവും ഉറപ്പാക്കും. ആദ്യഘട്ടത്തില്‍ കിടപ്പുരോഗികള്‍ക്കാണ് കൂടുതല്‍ പരിഗണന. അടുത്തഘട്ടത്തില്‍ രോഗത്താല്‍ പ്രയാസമനുഭവിക്കുന്ന മുഴുവന്‍ പേരിലേക്കും വ്യാപിപ്പിക്കും. പാലിയേറ്റീവ് യൂണിറ്റ് വഴി മുഴുവന്‍ കിടപ്പുരോഗികളെയും ഇതില്‍ രജിസ്റ്റര്‍ ചെയ്യും. മറ്റു വിഭാഗങ്ങളെ ബന്ധപ്പെട്ടവര്‍ കണ്ടെത്തി അംഗങ്ങളാക്കണം. മൊബൈല്‍ ഫോണിലും ഉപയോഗിക്കാവുന്ന രീതിയില്‍ എന്‍എച്ച്എമ്മാണ് (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) പദ്ധതി തയ്യാറാക്കിയത്. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്നാണ് വെബ്സൈറ്റ് ഒരുക്കിയത്. പൂര്‍ണരീതിയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ ആറുമാസമെടുക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."