ഒടുവിൽ ഇസ്രായേൽ സമ്മതിച്ചു, ഇസ്മായിൽ ഹനിയയെ കൊന്നത് ഞങ്ങൾ തന്നെ
ടെൽ അവീവ്: ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായിൽ ഹനിയയെ തങ്ങൾ കൊലപ്പെടുത്തിയെന്ന് പരസ്യമായി സമ്മതിച്ചു ഇസ്രായേൽ. ഇസ്രായേൽ യുദ്ധകാര്യ മന്ത്രി കാറ്റ്സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് ആദ്യമായി ആണ് ഹനിയയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്വം സയണിസ്റ്റ് രാജ്യം ഏറ്റെടുക്കുന്നത്. ഇറാൻ പ്രസിഡൻ്റിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിന് തെഹ്റാനിൽ എത്തിയ ഹനിയ താമസിച്ച റൂമിൽ റിമോട്ട് കൺട്രോൾ ബോംബ് വെച്ചാണ് ഇസ്രായേൽ കൃത്യം നടത്തിയത്. പിന്നാലെ ഇസ്രായേലിൽ ഇറാൻ ഇരുനൂറോളം ബോംബുകൾ വർഷിച്ചിരുന്നു. ഇത് കഴിഞ്ഞു രണ്ട് മാസത്തിന് ശേഷം ആണ് ഇസ്രായേലിൻ്റെ കുറ്റസമ്മതം.
യെമൻ ആസ്ഥാനമായുള്ള ഹൂതികൾക്കും കടുത്ത പ്രഹരം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്നലെ ഇസ്രായേൽ സമയം വൈകുന്നേരം പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുക ആയിരുന്നൂ അദ്ദേഹം. "തിന്മയുടെ അച്ചുതണ്ടിന് ഇസ്രായേൽ കനത്ത പ്രഹരമേല്പിച്ചു, കൂടാതെ യെമനിലെ ഹൂതികൾക്കും ഞങ്ങൾ കനത്ത തിരിച്ചടി നൽകും. ഇസ്രയേലിനുനേരെ നിരന്തരം മിസൈലുകൾ തൊടുത്തുവിടുന്ന വ്യക്തമായ മുന്നറിയിപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു: ഞങ്ങൾ ഹമാസിനെ പരാജയപ്പെടുത്തി, ഞങ്ങൾ ഹിസ്ബുള്ളയെ പരാജയപ്പെടുത്തി, ഞങ്ങൾ ഇറാൻ്റെ പ്രതിരോധ സംവിധാനങ്ങളെ അന്ധരാക്കി, അവരുടെ സംവിധാനങ്ങൾ തകർത്തു. സിറിയയിലെ ബശ്ശാറുൽ അസദ് ഭരണകൂടത്തെ ഞങ്ങൾ താഴെയിറക്കി”- എന്നാണ് കാറ്റ്സ് പറഞ്ഞത്.
ഹൂതികളുടെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കും. ഞങ്ങൾ അവരുടെ നേതാക്കളുടെ തലയറുക്കും. ഹനിയ, സിൻവാർ, നസ്‌റല്ല എന്നിവരെ ചെയ്തത് പോലെ. തെഹ്‌റാൻ, ഗാസ, ലെബനൻ എന്നിവിടങ്ങളിൽ ചെയ്തതുപോലെ - ഞങ്ങൾ അത് [യമനിലെ] ഹൊദൈദയിലും സൻആയിലും ചെയ്യും- കാറ്റ്സ് ഭീക്ഷണി മുഴക്കി.
ശനിയാഴ്ച ടെൽ അവീവിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ ഒരു ഡസനിലധികം ആളുകൾക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ ആണ് ഇസ്രായേൽ യുദ്ധ മന്ത്രിയുടെ ഭീഷണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."