സർക്കാർ പാക്കേജില്ല; അടച്ചുപൂട്ടലിൻ്റെ വക്കിൽ സ്‌പെഷൽ സ്‌കൂളുകൾ
കണ്ണൂർ: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്പെഷൽ സ്‌കൂളുകൾക്കുള്ള സർക്കാർ പാക്കേജ് ഇതുവരെ ലഭിച്ചില്ല. ആദ്യ ഗഡു ഒക്ടോബറിൽ നൽകുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ഇതുവരെ അപേക്ഷ പോലും സ്വീകരിച്ചിട്ടില്ലെന്ന് സ്‌പെഷൽ സകൂൾ അധികൃതർ പറയുന്നു. ഇതോടെ മിക്ക സ്‌കൂളുകളുടെയും പ്രവർത്തനം പ്രതിസന്ധിയിലാണ്. ഒരുവർഷത്തേക്കാണ് പാക്കേജ് അനുവദിക്കുന്നത്. കഴിഞ്ഞവർഷവും കൃത്യസമയത്ത് ലഭിച്ചിരുന്നില്ല.
പത്തുമാസത്തോളം എൻ.ജി.ഒയുടെ കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ഓണറേറിയം മുടങ്ങിയിരുന്നു. തടുർന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചതിന്റെ തലേദിവസമാണ് പാക്കേജിനുള്ള അപേക്ഷ സർക്കാർ വിളിച്ചത്.
തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ ബഡ്‌സ് സ്‌കൂൾ പ്രവർത്തനം തുടങ്ങിയശേഷം എൻ.ജി.ഒയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌പെഷൽ സ്‌കൂളുകളെ സർക്കാർ അവഗണിക്കുകയാണെന്ന് ഇവർക്ക് വ്യാപക പരാതിയുണ്ട്.
18 വയസുവരെയുള്ള കുട്ടികൾക്ക് മാത്രമാണ് സർക്കാർ ഗ്രാൻഡ് അനുവദിക്കുന്നത്. 20 കുട്ടികൾ നിർബന്ധമായും വേണം. ഇത് 19 ആണെങ്കിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകില്ല. അത്തരത്തിൽ പൂട്ടിപ്പോയ സ്‌കൂളുകളുമുണ്ട്. ഇത്തരം സ്‌കൂളുകളിൽ 18ന് മുകളിലുള്ള കുട്ടികൾ ധാരാളമെത്തുന്നു. സർക്കാർ തലത്തിൽ മറ്റ് സംവിധാനങ്ങൾ ഇല്ലാത്തതിനാൽ രക്ഷിതാക്കൾ ഇത്തരം സ്‌കൂളുകളിലാണ് കുട്ടികളെ എത്തിക്കുന്നത്. എട്ട് കുട്ടികൾക്ക് ഒരു സ്‌പെഷൽ എജുക്കേറ്റർ, അതിനനുസരിച്ചുള്ള തെറാപ്പിസ്റ്റുകൾ എന്നിങ്ങനെയാണ് നിയമനം വേണ്ടത്.
എന്നാൽ സർക്കാർ അതും അനുവദിച്ചിട്ടില്ല. സ്പെഷൽ സ്‌കൂളുകൾക്ക് ഗ്രേഡിങ് നൽകുന്നതിൽ വലിയ അപാകതയുണ്ടെന്ന് സംഘടനകൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് കഴിഞ്ഞവർഷം ഗ്രേഡിങ് സംവിധാനം ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 44 സ്കൂളുകൾക്ക് ഗ്രാൻ്റ് ലഭിച്ചിട്ടില്ല. ഇതിൽ പലതും ഇപ്പോൾ പൂട്ടിപ്പോയിരിക്കുകയാണ്. സംസ്ഥാനത്താകെ 314 സ്പെഷൽ സ്‌കൂളുകളാണുള്ളത്. ഇവിടങ്ങളിൽ 25000നടുത്ത് വിദ്യാർഥികൾ പരിശീലനം നേടുന്നു. അധ്യാപകർ, അനധ്യാപകർ, ആയമാർ, ക്ലർക്ക്, വിവിധ തെറാപ്പിസ്റ്റുകൾ, ഡ്രൈവർ എന്നീ തസ്തികകളിലായി ആറായിരത്തോളം ജീവനക്കാരുമുണ്ട്. സർക്കാർ ഉത്തരവ് പ്രകാരം സ്പെഷൽ സ്‌കൂൾ പ്രധാനഅധ്യാപകന് 36,000 രൂപയും മറ്റ് അധ്യാപകർക്ക് 32,650 രൂപയുമാണ് ഓണറേറിയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."