സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ
ദമസ്‌കസ്: സിറിയയിലെ വിമത സേനയുടെ മുന്നേറ്റം തുടരുന്നതിനിടെ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ ഭരണത്തില്‍ നിന്ന് തൂത്തെറിയുമെന്ന് വിമത നേതാവ്. സിറിയയിലെ മൂന്നാമത്തെ നഗരമായ ഹുംസും പിടിച്ചെടുക്കാന്‍ ഒരുങ്ങവെയാണ് വിമത സേനയുടെ പ്രഖ്യാപനം. ഇന്നലെ രാത്രി വിമത സേന ഹുംസിന്റെ ഒരു കിലോമീറ്റര്‍ അടുത്തുവരെ എത്തി.
വിമത സംഘടനയായ ഹയാത് തഹ്രീര്‍ അല്‍ ശാം (എച്ച്.ടി.എസ്) നേതാവ് അബു മുഹമ്മദ് അല്‍ ജലാനി ആണ് അസദ് ഭരണത്തെ തുടച്ചുനീക്കും വരെ പോരാട്ടം തുടരുമെന്ന് അറിയിച്ചത്. സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
അലെപ്പോക്ക് പിന്നാലെ ഹുംസിലും വിമത സേന മുന്നേറ്റം തുടങ്ങി. വെള്ളിയാഴ്ച രാവിലെ ഹുംസിന്റെ അഞ്ച് കി.മി അടുത്തുവരെ വിമതര്‍ എത്തിയിരുന്നുവെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചിരുന്നു. ഹുംസിനും അലെപ്പോക്കും ഇടയിലുള്ള ഹമ നഗരവും ഇന്നലെ വിമതര്‍ പിടിച്ചെടുത്തിരുന്നു. ഒരാഴ്ചയ്ക്കുള്ളിലാണ് വിമതര്‍ രണ്ടു പ്രധാന നഗരങ്ങള്‍ പിടിച്ചെടുത്തത്.
നവംബര്‍ 27 മുതലാണ് എച്ച്.ടി.എസിന്റെ നേതൃത്വത്തില്‍ വിമതര്‍ മുന്നേറ്റം ശക്തിപ്പെടുത്തിയത്. ഇറാനും റഷ്യയുമാണ് സിറിയയിലെ അസദ് ഭരണകൂടത്തെ പിന്തുണയ്ക്കുന്നത്. വിമതരെ തുരത്താന്‍ റഷ്യ വ്യോമാക്രമണം ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും ലക്ഷ്യം കണ്ടിട്ടില്ല.
വെള്ളിയാഴ്ച സിറിയന്‍ വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദന്‍ റഷ്യന്‍, ഇറാന്‍ വിദേശകാര്യ മന്ത്രിമാരെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. വാരാന്ത്യത്തില്‍ ഖത്തറില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തുക. അതിനിടെ സിറിയയില്‍ പലായനം രൂക്ഷമാണ്. കിഴക്കന്‍ സിറിയയിലെ ദാറുല് സൗറും കുര്‍ദിഷ് പിന്തുണയുള്ള വിമതര്‍ ഇന്നലെ കീഴടക്കി.
സിറിയയുടെ പ്രധാന സഖ്യകക്ഷിയായ റഷ്യ തങ്ങളുടെ പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് അറിയിച്ചു. സിറിയന്‍ അതിര്‍ത്തിയില്‍ ഭീഷണി അനുവദിക്കില്ലെന്ന് ഇസ്റാഈല്‍ അറിയിച്ചു. ഗൊലാന്‍ കുന്നുകളില്‍ കര, വ്യോമ സേനകളുടെ സാന്നിധ്യം വര്‍ധിപ്പിക്കും. സിറിയയുമായുള്ള അതിര്‍ത്തി ജോര്‍ദാനും അടച്ചു. ജോര്‍ദാന്‍ ആഭ്യന്തര മന്ത്രി മാസെന്‍ അല്‍ ഫറായ ആണ് ജാബര്‍ അതിര്‍ത്തി അടയ്ക്കുന്നതായി അറിയിച്ചത്. സിറിയയുടെ നസീബ് ഗേറ്റിന് എതിര്‍വശത്താണ് ഈ ജാബര്‍ അതിര്‍ത്തി പോസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."