ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?
ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക വിവിധകോണുകളില്‍ നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. റഷ്യ ഉക്രെയിനില്‍ അധിനിവേശം തുടങ്ങിയപ്പോഴും ഫലസ്തീനികള്‍ പുതിയ പോരാട്ടത്തിന് തുക്കമിട്ടപ്പോഴും സിറിയയില്‍ 12 ദിവസം മുമ്പ് ആഭ്യന്തര യുദ്ധം തുടങ്ങിയപ്പോഴുമെല്ലാം പുതിയൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന രീതിയിലായിരുന്നു ചര്‍ച്ചകള്‍. യുദ്ധങ്ങള്‍ മനുഷ്യരാശിക്ക് നഷ്ടങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളൂവെങ്കിലും ആയുധവ്യാപാരികളുടെ യുദ്ധക്കൊതിക്ക് മുന്നില്‍ ലോകത്തെ വിവിധ രാജ്യങ്ങള്‍ പരാചയപ്പെടുന്ന കാഴ്ചയ്ക്കാണ് ലോകം നാളിതുവരെ സാക്ഷ്യംവഹിച്ചത്.
സിറിയയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചപ്പോള്‍ ബാബ വംഗ എന്ന ബള്‍ഗേറിയന്‍ വയോധികയുടെ പ്രവചനങ്ങള്‍ കൂടി മേമ്പൊടിയായി ചേര്‍ത്താണ് മൂന്നാം ലോക മഹായുദ്ധത്തിന്റെ ആരംഭമെന്ന പ്രചാരണമുണ്ടായത്. ബാല്‍ക്കണിലെ നോസ്ട്രഡാമസ് എന്നറിയപ്പടുന്ന ബാബ വംഗ 1911ല്‍ ബള്‍ഗേറിയയിലാണ് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ അവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, 1996ല്‍ മരിക്കുന്നതിന് മുമ്പ് അവര്‍ സിറിയയില്‍ നിന്ന് മൂന്നാം ലോക മഹായുദ്ധത്തിന് തുടക്കം കുറിക്കുമെന്ന് പറഞ്ഞിരുന്നുവെന്നായിരുന്നു പ്രചാരണം. 'സിറിയ വീഴുമ്പോള്‍, പടിഞ്ഞാറും കിഴക്കും തമ്മില്‍ ഒരു വലിയ യുദ്ധം പ്രതീക്ഷിക്കുക. ഒരു വസന്തകാലത്ത്, കിഴക്ക് ഒരു യുദ്ധം ആരംഭിക്കും. ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകും. പടിഞ്ഞാറിനെ നശിപ്പിക്കുന്ന കിഴക്കന്‍ യുദ്ധം' ഇതായിരുന്നു വാംഗയുടെ വാക്കുകള്‍. സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന ആക്രമണത്തെകുറിച്ച് അവര്‍ മുന്‍കൂട്ടി പറഞ്ഞിരുന്നുവെന്നും അതുകൊണ്ട് തന്നെ സിറിയയില്‍ തുടക്കമിട്ടിരിക്കുന്നത് മൂന്നാം ലോകമഹായുദ്ധമാണെന്നുമായിരുന്നു ഇത്തരം പ്രചാരകരുടെ പക്ഷം. ബാബ വംഗയുടെ പ്രവചനങ്ങളെന്തായിരുന്നാലും ശരി, സിറിയയില്‍ തല്‍ക്കാലം ആഭ്യന്തര യുദ്ധങ്ങള്‍ അവസാനിച്ചിരിക്കുന്നു. എന്നാല്‍, എത്രനാള്‍ അവിടെ സമാധാനം തുടരുമെന്ന് പറയാനാവത്ത വിധമാണ് അവിടത്തെ സാഹചര്യങ്ങള്‍.
സിറിയന്‍ വിമതരെ ലോകം അംഗീകരിക്കുമോ?
അമേരിക്കയുടെ കണ്ണില്‍ കൊടും ഭീകരനും ബശ്ശാറുല്‍ അസദിന്റെ പലായനത്തിലേക്ക് നയിച്ച സിറിയന്‍ ആഭ്യന്തര പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഹയാത് തഹ്‌രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്) തലവനുമായ അബു മുഹമ്മദ് അല്‍ ജുലാനിയുടെ തലയ്ക്ക് ഒരു കോടി ഡോളറാണ് യു.എസ് ഇനാം പ്രഖ്യാപിച്ചത്. സിറിയയെ നല്ലരീതിയില്‍ മുന്നോട്ടുപോകാന്‍ ജുലാനിയെ അവര്‍ എങ്ങിനെ അനുവദിക്കുമെന്നതുള്‍പ്പെടെ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ബശ്ശാര്‍ വീണ ഉടന്‍ തന്നെ ഇസ്‌റാഈല്‍ ചെയ്ത കാര്യങ്ങളും ഭാവി അത്രമേല്‍ ശുഭകരമായിരിക്കില്ലെന്ന സൂനചനയാണ് നല്‍കുന്നത്. ബശ്ശാരിന്റെ വീഴ്ചയ്ക്ക് പിന്നാലെ, അതിലുപരി വിമതസേന അധികാരം പിടിച്ച ഉടന്‍ സിറിയയില്‍ വ്യോമാക്രമണം നടത്തിയും ഗോലന്‍ കുന്നുകള്‍ കൈപ്പിടിയിലൊതുക്കിയുമാണ് ഇസ്‌റാഈല്‍ പ്രതികരിച്ചത്. സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസില്‍ സൈനികത്തലവന്‍ ഉള്‍പെടെ താമസിക്കുന്ന സുരക്ഷാ സമുച്ചയത്തിനും മിസൈലുകള്‍ വികസിപ്പിക്കാന്‍ ഇറാന്‍ ഉപയോഗിച്ചിരുന്നുവെന്ന് പറയപ്പെടുന്ന ഗവേഷണ കേന്ദ്രത്തിനും നേരെയായിരുന്നു ആക്രമണം. പതിറ്റാണ്ടുകളായി ഒരു രാജ്യമെന്ന നിലയില്‍ സിറിയ സൂക്ഷിച്ചിരുന്ന രാസായുധങ്ങളും മറ്റ് യുദ്ധസാമഗ്രികളും മിസൈലുകളും വിമതരുടെ കൈകളില്‍ എത്താതെ തടയുകയയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നാണ് റിപോര്‍ട്ട്. ഗോലന്‍ കുന്നുകളിലെ സിറിയയുടെ പ്രദേശം കൈവശപ്പെടുത്തിയ ഇസ്‌റാഈല്‍, കുന്നുകളിലെ ബഫര്‍ സോണിന്റെ നിയന്ത്രണം തങ്ങളുടെ സൈന്യം ഏറ്റെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു. വിമതര്‍ രാജ്യം പിടിച്ചടക്കിയതോടെ 1974ല്‍ സിറിയയുമായി ഉണ്ടാക്കിയ ഉടമ്പടി തകര്‍ന്നുവെന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് ഇസ്രഈല്‍ സൈന്യം ഈ പ്രദേശം കൈവശപ്പെടുത്തിയത്. ഇവിടത്തെ അഞ്ച് സിറിയന്‍ ഗ്രാമങ്ങളിലെ ജനങ്ങളോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നും ഇസ്രാഈല്‍ സൈന്യം നിര്‍ദേശിച്ചിട്ടുണ്ട്.
ഇസ്‌റാഈലിന്റെ ഇടപെടലുകള്‍
ശത്രുതാപരമായ ഒരു ശക്തിയെയും തങ്ങളുടെ അതിര്‍ത്തിയില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ പ്രദേശങ്ങള്‍ കൈവശപ്പെടുത്തിയതെങ്കിലും ഡമസ്‌കസിലെ ആക്രമണത്തിനും ഗോലന്‍ കുന്നുകള്‍ കൈവശപ്പെടുത്തിയതിനും പിന്നില്‍ ഇസ്‌റാഈലിന്റെ കടുത്ത ഭയം തന്നെയാണെന്നതില്‍ സംശയമില്ല. വെറും 11 ദിവസം കൊണ്ടാണ് ബശ്ശാര്‍ അല്‍ അസദില്‍നിന്ന് വിമതര്‍ രാജ്യംപിടിച്ചെടുത്തത്. ആഭ്യന്തരം യുദ്ധം ആരംഭിച്ച് 13 വര്‍ഷത്തിന് ശേഷം ചുരുങ്ങിയ ദിവസം കൊണ്ട് വിമതര്‍ക്ക് സിറിയ കീഴടക്കാനായിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ അമേരിക്കയുള്‍പ്പെടെയുള്ള ശക്തികളുടെ പിന്തുണയുണ്ടായിട്ടുണ്ടാവാമെന്ന സാധ്യതയാണ് തെളിഞ്ഞുവരുന്നത്. തുര്‍ക്കിയുടെ അനുമതിയോടെയാണ് പുതിയ നീക്കങ്ങള്‍ നടന്നതെന്നും റിപോര്‍ട്ടുകളുണ്ട്. ബശ്ശാറു അസദിനെ എക്കാലവും പിന്തുണച്ചുപോന്ന റഷ്യയെയും ഇറാനെയും ഉന്നമിട്ട് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കാര്‍മികത്വത്തിലാണ് സിറിയയില്‍ ആഭ്യന്തര കലാപത്തിന് തുടക്കമിട്ടതെന്ന സംശയം ബലപ്പെടുത്തുന്ന തരത്തിലാണ് അവിടെ കാര്യങ്ങള്‍ നടന്നത്. ബശ്ശാറിന്റെ വീഴ്ചയോടെ ഈ രണ്ട് രാജ്യങ്ങള്‍ക്കു കൂടിയാണ് അടികിട്ടിയതെന്നതിലും സംശയമില്ല.
ബശ്ശാറിന്റെ പതനം ഇറാനുള്ള പ്രഹരം
ഇറാന്‍ ഒഴികെയുള്ള ഭൂരിഭാഗം മുസ് ലിം രാജ്യങ്ങളും പലപ്പോഴും ബശ്ശാറിനെതിരായ നീക്കങ്ങളെ പിന്തുണച്ചവരാണ്. ബശ്ശാറിനുള്ള പിന്തുണയുള്‍പ്പെടെയുള്ള വിവിധ നിലപാടുകള്‍ മുസ് ലിം രാജ്യങ്ങളും ഇറാനും തമ്മില്‍ പലപ്പോഴും ഭിന്നതയ്ക്ക് കാരണമായിട്ടുമുണ്ട്. എന്നാല്‍, ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരതയും അത് മുസ് ലിം പക്ഷത്തുണ്ടാക്കിയ പ്രതിഫലനവും മുസ് ലിം രാജ്യങ്ങളും ഇറാനും തമ്മില്‍ മെച്ചപ്പെട്ട ബന്ധം വളര്‍ന്നുവരുന്നതിനും നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാവുന്നതിനും വഴിയൊരുക്കുകയും എല്ലാവരും ഒരുമിച്ച് നില്‍ക്കാനുള്ള സാധ്യത പോലും രൂപപ്പെടുകയും ചെയ്തിരുന്നു. യുദ്ധക്കൊതിയന്മാരായ അമേരിക്ക, ഇസ്‌റാഈല്‍ തുടങ്ങിയ രാജ്യങ്ങളെ സംബന്ധിച്ചടത്തോളം ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. പശ്ചിമേഷ്യയെ ഫലസ്തീനിനപ്പുറം ഭീതിതമായ അവസ്ഥയില്‍ നിലനിര്‍ത്തുന്നതിന് ഇത് തടസ്സമാവുകയും ചെയ്യുമായിരുന്നു. സ്വാഭാവികമായും ഇറാനും മറ്റ് അറേബ്യന്‍ രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങേണ്ടത് അവരുടെ സുപ്രധാന ആവശ്യമാണ്. ഇത്തരമൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇറാന്റെ സുപ്രധാന സുഹൃത്തായ സിറിയയിലെ ആഭ്യന്തര കലാപത്തിന് ടാങ്കുകള്‍ ഉള്‍പ്പെടെ പുതിയ പടക്കോപ്പുകള്‍ നല്‍കി സഹായിക്കാന്‍ അമേരിക്കയും കൂട്ടാളികളും തയ്യാറായതെന്നും കരുതാനാവും വിധമാണ് കാര്യങ്ങള്‍ നീങ്ങിയത്. മുന്‍ പ്രസിഡന്റിന്റെ മരണവും മുന്‍ സൈനിക മേധാവി കൊല്ലപ്പെട്ടതുമുള്‍പ്പെടെയുള്ള സംഭവങ്ങളാല്‍ പൊതുവെ അഭിമാനത്തിന് ക്ഷതമേറ്റ അവസ്ഥയില്‍ കഴിയുന്ന ഇറാന്‍, ബശ്ശാര്‍ കൂടി വീണതോടെ നട്ടെല്ലൊടിഞ്ഞ അവസ്ഥയിലായിട്ടുണ്ട്.
മുസ്ലിം രാജ്യങ്ങളുമായി റഷ്യക്ക് അടുപ്പം
റഷ്യയുമായും മുസ് ലിം രാജ്യങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം അടുപ്പം സൂക്ഷിക്കുന്ന നിലയാണ് ഇപ്പോഴുള്ളത്. സഊദി അറേബ്യ, ഖത്തര്‍ എന്നിവയുമായും തുര്‍ക്കിയുമായുമെല്ലാ റഷ്യ ഇപ്പോള്‍ മികച്ച ബന്ധത്തിലാണ്. ഈ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തും വിധമാണ് സിറിയന്‍ ആഭ്യന്തര യുദ്ധം നീങ്ങിയത്. ഉക്രൈനില്‍ വിജയം റഷ്യക്കാണോ അല്ലയോ എന്നത് ഇപ്പോഴും നിര്‍ണിതമായിട്ടില്ലെങ്കിലും റഷ്യക്ക് മേഖലയില്‍ അല്‍പം മേല്‍ക്കൈ നേടാന്‍ ഈ യുദ്ധം സഹായിച്ചിട്ടുണ്ടെന്നതില്‍ അഭിപ്രായാന്തരമുണ്ടാവാനിടയില്ല. ഈ അപ്രമാദിത്യം ഇല്ലാതാക്കാനും ബശ്ശാറിനെ കുടിയിറക്കുക വഴി സിറിയയിലെ ബശ്ശാര്‍നിയന്ത്രിത മേഖലയിലുടനീളം സൈനിക താവളങ്ങളുള്ള റഷ്യയെ തളര്‍ത്താനും അമേരിക്കയുള്‍പ്പെടുന്ന ശക്തികള്‍ക്ക് കഴിഞ്ഞു. എല്ലാറ്റിലുമപരി എണ്ണയുടെ വലിയ കരുതല്‍ ശേഖരമുള്ള സിറിയയെ തങ്ങളുടെ കൈപ്പിടിയിലൊതുക്കുക എന്ന പാശ്ചാത്യ ശക്തികളുടെ ലക്ഷ്യം കൂടി ആഭ്യന്തര യുദ്ധത്തിന് ആയുധങ്ങള്‍ നല്‍കി സഹായിച്ചതിന് പിന്നിലുണ്ട്. 2018ലെ കണക്കു പ്രകാരം സിറിയക്ക് 250 കോടി ബാരല്‍ എണ്ണയുടെ കരുതല്‍ ശേഖരമാണ് ഉണ്ടായിരുന്നത്. ഈ എണ്ണപ്പാടങ്ങളാണ് ഡീപ് സ്റ്റേറ്റിന്റെ ലക്ഷ്യമെന്നതിനാല്‍ മൂന്നാം ലോക മഹായുദ്ധമെന്ന മഹാവിപത്ത് ഡമോക്ലസിന്റെ വാള്‍ പോലെ ലോകത്തിന് മുന്നില്‍ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് തന്നെ വേണം കരുതാന്‍. എന്നാല്‍ ബാലിസ്റ്റിക് മിസൈലുകള്‍ അടക്കമുള്ള ശേഖരങ്ങളില്‍ റഷ്യയെ കടച്ചുവെക്കാന്‍ അമേരിക്കക്കാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിക്കെ അത്ര അപക്വമായ നീക്കങ്ങള്‍ പടിഞ്ഞാറില്‍നിന്ന് ഉണ്ടാകില്ലെന്നാണ് കരുതുന്നത്.
Is the world heading towards another great war?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."