'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു
ദമസ്‌കസ്: '1100..അതായിരുന്നു എന്റെ പേര്' ഇനിയും വിട്ടുമാറാത്ത ഭീതിയുടെ ഉലച്ചിലില്‍ ഹാല പറയുന്നു. ഏറെ നാളായി തന്നെ വിളിച്ചിരുന്നു നാലക്ക നമ്പറിനപ്പുറം തനിക്കൊരു പേരുണ്ടായിരുന്നു എന്നോര്‍ക്കാനാവാതെ..നമ്പറുകള്‍ മായ്ച്ചു കളഞ്ഞ് ഹാല എന്നൊരു പേരിനെ തന്നിലേക്ക് ചേര്‍ത്തു വെക്കാന്‍ സ്വാതന്ത്ര്യത്തിന്റെ വിശാല വായുവിലേക്ക് കാലുകുത്തിയപ്പോഴും അവര്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. അത്രയേറെ കാലമായല്ലോ അവരങ്ങിനൊരു വിളി കേട്ടിട്ട്. ഹാല ഇത്തരത്തിലുള്ള ആയിരങ്ങളിലൊരാളാണ്. ബശ്ശാറിന്റെ അധികാരക്കോട്ട തകര്‍ത്തെറിഞ്ഞ് സിറിയ വിമതര്‍ പിടിച്ചടക്കിയപ്പോള്‍ ജയിലഴികള്‍ തുറന്ന് പുറംലോകത്തേക്കിറക്കപ്പെട്ട ആയിരങ്ങളിലൊരാള്‍.
2019ലാണ് ബശ്ശാര്‍ ഭരണകൂടം ഹാലയെ അറസ്റ്റ് ചെയ്തത്. ഭീകരക്കുറ്റമാരോപിച്ചായിരുന്നു അറസ്റ്റ്. സര്‍ക്കാറിനെ എതിര്‍ക്കുന്നവര്‍ക്കെല്ലാം ചാര്‍ത്തിക്കൊടുക്കുന്ന മുദ്ര. ഭീകരക്കുറ്റം. അലപ്പോയിലേക്കാണ് ഹാലയെ കൊണ്ടുപോയത്. അതിനു ശേഷം നിരവധി ജയിലുകളില്‍ കഴിഞ്ഞു. ജയിലുകളില്‍ നിന്ന് ജയിലുകളിലേക്ക്. ഒടുവില്‍ അലപ്പോ സെന്‍ട്രല്‍ ജയിലില്‍ വിമതരെത്തി തടവുകാരെ മോചിപ്പിക്കും വരെ അതായിരുന്നു അവരുടെ ജീവിതം.
ഇത് സത്യമാണെന്ന് ഞങ്ങള്‍ക്ക് വിശ്വസിക്കാനാവുന്നില്ലായിരുന്നു. സന്തോഷം കൊണ്ട് ഞങ്ങള്‍ കൂക്കിവിളിച്ചു. ഒച്ചവെച്ചു- വാക്കുകള്‍ കിട്ടാതെ അവര്‍ വിറകൊണ്ടു. വീട്ടിലെത്തിയപ്പോള്‍ സന്തോഷം പതിന്മടങ്ങായി. എന്റെ പുതുജന്മമായാണ് എനിക്കിത് തോന്നിയത്- അവര്‍ പറഞ്ഞു.
136,614 പേരെയാണ് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തടവിലിട്ടത്. ബശ്ശാര്‍ ഭരണകൂടത്തെ സഹായിക്കുന്ന പ്രധാന സ്തംഭങ്ങളിലൊന്നായിരുന്നു സിറിയയിലെ ജയിലുകള്‍. കൊടിയ മര്‍ദനമുറകളും പട്ടിണിയുമാണ് ജയിലുകളില്‍ തടവുകാര്‍ അനുഭവിച്ചത്. മര്‍ദനത്തിനൊടുവില്‍ ജയിലറക്കുള്ളില്‍ 16 കാരി കൊല്ലപ്പെട്ട സംഭവവും ഹാല ഓര്‍ത്തെടുത്തു. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് ആ പെണ്‍കുട്ടി ജയിലിലായത്. യൂനിവേഴ്‌സിറ്റിയില്‍ പ്രതിഷേധം നടത്തിയവര്‍ക്കൊപ്പമാണ് അവളെയും അറസ്റ്റ് ചെയ്ത്‌കൊണ്ടുവന്നത്.
ജയിലിലെ ഓര്‍മകള്‍ ഒരിക്കലും മായ്ച്ചുകളയാന്‍ പറ്റില്ലെന്ന് 49 വയസുള്ള സാഫി അല്‍ യാസിന്‍ പറയുന്നു. അലപ്പോയിലെ ജയിലില്‍ നിന്നാണ് സാഫിയെ വിമതര്‍ മോചിപ്പിച്ചത്. താന്‍ കഴിഞ്ഞ ജയിലില്‍ 5000ത്തോളം തടവുകാരുണ്ടായിരുന്നുവെന്നും സാഫി പറഞ്ഞു. കൊല്ലപ്പണിക്കാരനായിരുന്നു ഇദ്ദേഹം. 2011ലെ ജനകീയ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് 31 വര്‍ഷത്തെ തടവിനാണ് ഇദ്ദേഹത്തെ ശിക്ഷിച്ചിരുന്നത്. 13 വര്‍ഷമായി ജയിലില്‍ കഴിയുന്നു. ഇക്കാലയളവില്‍ ശാരീരികമായും മാനസികമായും കൊടിയ പീഡനങ്ങള്‍ക്കാണ് വിധേയമായത്. മരണംവരെ അതൊന്നും മനസില്‍ നിന്ന് മാഞ്ഞുപോകില്ല- അദ്ദേഹം പറയുന്നു.
ബശ്ശാറുല്‍ അസദിന്റെ പതനം ലോകമെമ്പാടുമുള്ള സിറിയക്കാര്‍ ആഘോഷിക്കുകയാണ്. വിമതസേന പിടിച്ചടക്കും മുമ്പ് ബശ്ശാര്‍ സിറിയ വിട്ടിരുന്നു. ബശ്ശാറും കുടുംബവും റഷ്യയിലാണ് അഭയം തേടിയിരിക്കുന്നത്.
നവംബര്‍ 27നാണ് എച്ച്.ടി.എസ് സര്‍ക്കാര്‍ സേനക്കെതിരെ അപ്രതീക്ഷിത പോരാട്ടത്തിന് തുടക്കം കുറിച്ചത്. 2011ലെ പ്രക്ഷോഭത്തെ അതിജീവിച്ച് ഭരണത്തില്‍ തുടര്‍ന്ന ബശ്ശാറിന് പൊടുന്നനെയുണ്ടായ എച്ച്.ടി.എസ് മുന്നേറ്റത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മൂന്നു ദിവസത്തിനകം രാജ്യത്തെ രണ്ടാമത്തെ നഗരമായ അലപ്പോ കീഴടക്കി. കഴിഞ്ഞദിവസം രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹിംസ് കീഴടക്കിയ ശേഷമാണ് പ്രതിപക്ഷ സേന ദമസ്‌കസ് ലക്ഷ്യമാക്കി നീങ്ങിയത്. പ്രധാന നഗരങ്ങളില്‍നിന്ന് സര്‍ക്കാര്‍ സൈന്യം പിന്‍വാങ്ങിയതോടെ രക്തച്ചൊരിച്ചിലില്ലാതെ ഭരണം പിടിച്ചെടുക്കാനായി. 2018ല്‍ സര്‍ക്കാര്‍ സേന ദമസ്‌കസ് നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം വീണ്ടെടുത്തശേഷം ആദ്യമായാണ് പ്രതിപക്ഷ സേന ഇവിടെയെത്തുന്നത്.
കടപ്പാട് അല്‍ജസീറ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."