തെളിമ പദ്ധതിക്ക് തുടക്കം: റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം
തിരുവനന്തപുരം: തെളിമ പദ്ധതിയിലൂടെ റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ജി.ആർ അനിൽ. റേഷൻ കാർഡുകൾ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്. 96 ലക്ഷം കുടുംബങ്ങൾക്ക് തെളിമ പദ്ധതി പ്രയോജനപ്പെടും. ഉടമയുടെയും അംഗങ്ങളുടെയും പേര്, വയസ്, മേൽവിലാസം കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താം. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷകൾ നിക്ഷേപിച്ചാൽ മതി.
അപേക്ഷകൾ കൃത്യമായി പരിശോധിച്ചു തെറ്റുകൾ തിരുത്തി കാർഡ് നൽകും. എൽ.പി.ജി, വൈദ്യുതി കണക്ഷൻ വിവരങ്ങൾ കാർഡിൽ ചേർക്കാം. അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാ, എ.എ.വൈ കാർഡുകളെക്കുറിച്ചുള്ള പരാതികളും ഈ രീതിയിൽ നൽകാമെന്ന് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."