സ്മാർട്ട് സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു
കൊച്ചി: സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ വീഴ്ചകൾ ഒാരോന്നായി പുറത്തുവരുന്നു. പദ്ധതി പൂർത്തീകരിക്കേണ്ട തീയതി നിശ്ചയിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പദ്ധതിയുടെ ഒരു ഘട്ടത്തിലും സർക്കാർ മേൽനോട്ടം ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കുന്നു. അഞ്ച് നടപടികൾ സർക്കാർ പൂർത്തിയാക്കുന്ന ദിവസം മുതൽ 10 വർഷത്തേക്ക് എന്നതാണ് കരാറിലെ വ്യവസ്ഥയെന്നായിരുന്നു സർക്കാർ വാദം.
എന്നാൽ, ഇതൊന്നും സർക്കാർ രേഖകളിലില്ല. സെസ് അനുമതി ലഭ്യമാക്കിയത് അടക്കം കൃത്യസമയത്ത് നടപടികൾ പൂർത്തിയാക്കിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും അതും രേഖയിലില്ല. ടീകോമിനെതിരേ സർക്കാരിന് മുന്നിലുണ്ടാകാവുന്ന നിയമവഴി അടച്ചതും സർക്കാർ തന്നെയെന്ന് ഈ രേഖകളിൽ നിന്ന് വ്യക്തമാണ്. വിഷയം കോടതിയിലെത്തിയാൽ പദ്ധതി പൂർത്തീകരിക്കേണ്ട തീയതി ഇല്ലാത്തതിനാൽ കരാർ ലംഘനമില്ലെന്ന് ടീകോമിന് വാദിക്കാം.
പത്ത് വർഷത്തിനകം 90,000 തൊഴിവസരങ്ങൾ, 83 ലക്ഷം ചതുരശ്ര അടിയിൽ ഐ.ടി ബിസിനസ് ടൗൺഷിപ്പ് എന്ന വാഗ്ദാനവുമായി ആരംഭിച്ച കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നുള്ള നഷ്ടപരിഹാരം നൽകിയുള്ള പിൻമാറ്റം കള്ളകളിയാണെന്ന് സർക്കാരിന്റെ മുൻ ഐ.ടി ഉപദേഷ്ടാവ് ജോസഫ് സി. മാത്യു തുറന്നടിച്ചിട്ടുണ്ട്. കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടായാൽ നഷ്ടപരിഹാരം ഈടാക്കണമെന്നും കരാർ പറയുന്നു. അതിന് ആറുമാസത്തെ നോട്ടിസ് കാലാവധി മാത്രമാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."