ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍
കേരളത്തിലും എം പേക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എം പോക്‌സ്. നേരത്തെ മങ്കിപോക്‌സ് എന്ന പേരിലായിരുന്നു ഈ വൈറസ് വ്യാപനം അറിയപ്പെട്ടിരുന്നത്.തെറ്റിധാരണയ്ക്ക് സാധ്യതയുമുണ്ടെന്ന വാദങ്ങള്‍ വന്നതോടെയാണ് ലോകാരോഗ്യസംഘടന പേരുമാറ്റി എംപോക്‌സ് എന്നാക്കിയത്.
എന്താണ് എംപോക്‌സ്?
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എണ്‍പോക്‌സ്. മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സിന്റെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. 1970ല്‍ കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ ആദ്യമായി എംപോക്‌സ് (മങ്കിപോക്‌സ്) കണ്ടെത്തിയത്.
പകരുന്നതെങ്ങനെ?
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴിയുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് എം പോക്‌സ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. വിവിധ ഇനം കുരങ്ങുകള്‍, അണ്ണാന്‍, എലികള്‍ എന്നിവയുള്‍പ്പെടെയുള്ള മൃഗങ്ങളില്‍ എംപോക്‌സ് വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. അടുത്ത സമ്പര്‍ക്കത്തിലൂടെയും എംപോക്‌സ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരും.
രോഗ ലക്ഷണങ്ങള്‍
- പനി
- തീവ്രമായ തലവേദന
- നടുവേദന
- പേശി വേദന
- ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.
പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. കൈപ്പത്തി, ജനനേന്ദ്രിയം, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
ചികിത്സയും പ്രതിരോധവും
സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. രോഗ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും എം പോക്‌സ് ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. എംപോക്‌സിന്റെ വാക്‌സിനേഷന്‍ നിലവിലുണ്ട്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."