അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് എത്തും
ബംഗളുരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. തെരച്ചിൽ ദൗത്യത്തിനായി ഗോവയിൽ നിന്ന് കാർവാറിലെത്തിച്ച ഡ്രഡ്ജർ ഇന്ന് ഷിരൂരിലേക്ക് യാത്ര പുറപ്പെട്ടും. ഗംഗാവലിയിലെ പുതിയ പാലം സ്ഥിതി ചെയ്യുന്ന മഞ്ജുഗുണിയിൽ ബോട്ട് എത്തും. കാറ്റിന്റെ ഗതിയും, തിരമാലകളുടെ ഉയരവും, മഴക്കോളും നിരീക്ഷിച്ച ശേഷമായിരിക്കും കാർവാറിൽ നിന്നും ഷിരൂരിലേക്ക് ഡ്രഡ്ജർ പുറപ്പെടുക. വൈകീട്ടോടെ ഷിരൂരിലേക്ക് എത്തിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഗോവ തുറമുഖത്തു നിന്ന് ചൊവ്വാഴ്ച പുലർച്ചെ യാത്ര തിരിച്ച ഡ്രഡ്ജറിന്റെ യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് തടസപ്പെട്ടിരുന്നു. ഇന്നലെ രാവിലെയാണ് ഡ്രഡ്ജർ കാർവാർ തീരത്ത് എത്തിയത്. ഇന്ന് കാർവാറിൽ നിന്നും ഷിരൂരിലേക്ക് പുറപ്പെടുമെന്നാണ് ലഭ്യമായ വിവരം. ലോറിയുടെ മുകളിൽ പതിച്ച മുഴുവൻ മണ്ണും പാറകല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് ഡ്രഡ്ജിന്റെ പ്രവർത്തനം. ഇതിന് ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ഷിപ്പിംഗ് കമ്പനിയുടെ കണക്കുകൂട്ടൽ.
നാവികസേനയുടെ സോണാർ പരിശോധനയിൽ ലോഹ ഭാഗങ്ങൾ കണ്ടെത്തിയ ഭാഗത്തായിരിക്കും ആദ്യഘട്ടത്തിൽ മണ്ണ് നീക്കം ചെയ്യുക. തുടർന്ന് മറ്റിടങ്ങളിലേക്ക് ആവശ്യമെങ്കിൽ തിരച്ചിൽ നടത്തും.
അതേസമയം, കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നായിരുന്നു ഓഗസ്റ്റ് പതിനാറിന് ഷിരൂരിലെ തെരച്ചിൽ അവസാനിപ്പിച്ചത്. അർജുന്റെ മാതാപിതാക്കൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തെരച്ചിൽ വീണ്ടും നടത്താൻ അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് തെരച്ചിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."