ദുബൈയില്‍ ഒരുങ്ങുന്നു, ലോകത്തിലെ ഏറ്റവും ഉയരമുള്ള റിസോര്‍ട്ട്
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സുഖവാസ കേന്ദ്രം ദുബൈയില്‍ നിര്‍മിക്കുമെന്ന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. 'തെര്‍മെ ദുബൈ' എന്ന് പേരിട്ടിരിക്കുന്ന റിസോര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കൂടിയായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
ദുബൈ ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033ന്റെ ഭാഗമായാണ് ഈ സുഖവാസ കേന്ദ്രം നിര്‍മിക്കുന്നത്. സബീല്‍ പാര്‍ക്കില്‍ നിര്‍മിക്കുന്ന 100 മീറ്റര്‍ ഉയരത്തിലുള്ള തെര്‍മെ ദുബൈയുടെ നിര്‍മ്മാണം 2028ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2 ബില്യണ്‍ ദിര്‍ഹമാണ് റിസോര്‍ട്ടിന്റെ നിര്‍മ്മാണ ചെലവ്. പ്രതിവര്‍ഷം 1.7 ദശലക്ഷം പേര്‍ക്ക് സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഒരു ഇന്ററാക്ടീവ് പാര്‍ക്കും തെര്‍മെ ദുബൈ റിസോര്‍ട്ടിന്റെ ഭാഗമായി നിര്‍മ്മിക്കും.
500,000 ചതുരശ്ര അടി വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന റിസോര്‍ട്ടില്‍ വിനോദ ആവശ്യങ്ങള്‍ക്കായി മൂന്ന് മേഖലകളുണ്ട്. നഗരജൈവവൈവിധ്യവും പാരിസ്ഥിതിക സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിനും ദുബൈയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മനോഹരമായ അനുഭവങ്ങള്‍ സമ്മാനിക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.
2024ല്‍ ദുബൈയിലുടനീളം 216,500 മരങ്ങള്‍ നട്ടുപിടിപ്പിച്ചതായി ദുബൈ മുനിസിപ്പാലിറ്റി അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2023നെ അപേക്ഷിച്ച് 17 ശതമാനം വര്‍ധനവാണ് ഇതില്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം പ്രതിദിനം ശരാശരി 600 മരങ്ങളാണ് നട്ടുപിടിപ്പിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും മികച്ച താമസ സ്ഥലമായി ദുബൈയെ മാറ്റുക എന്ന ലക്ഷ്യത്തോടെ 2024 മെയ് മാസത്തിലാണ് ദുബൈ ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033 പ്രഖ്യാപിച്ചത്. ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളുടെ വികസനവും ഈ സംരംഭത്തിന്റെ ഭാഗമായി നടക്കും.
world's tallest resort Coming up in Dubai
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."