കേരളത്തിൽ വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഫെബ്രുവരി 24ന്
തിരുവനന്തപുരം: ഫെബ്രുവരി 24ന് സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വയനാട് ഒഴികെ 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
നാളെ (ജനുവരി 30 വ്യാഴാഴ്ച) വിജ്ഞാപനം പുറപ്പെടുവിക്കും. ഫെബ്രുവരി ആറ് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഫെബ്രുവരി ഏഴിന് വിവിധ കേന്ദ്രങ്ങളില്‍ സൂക്ഷ്മപരിശോധന വച്ച് നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 ആണ്. ഫെബ്രുവരി 24ന് രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ നടത്തും.
മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് വാര്‍ഡുകളിലും ഗ്രാമപഞ്ചായത്തുകളില്‍ മുഴുവന്‍ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടം നിലവിലുള്ളത്.
വോട്ടെടുപ്പിനായി 80 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും. ജനുവരി 28ന് ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ആകെ 60617 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതിൽ 28530 പുരുഷന്മാരും 32087 സ്ത്രീകളും ഉൽപ്പെടുന്നു. www.sec.kerala.gov.in തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടര്‍പട്ടിക ലഭ്യമാണ്.
കോര്‍പ്പറേഷനില്‍ 5000 രൂപയും, മുനിസിപ്പാലിറ്റിയിലും ബ്ലോക്ക് പഞ്ചായത്തിലും 4000 രൂപയും ഗ്രാമപഞ്ചായത്തില്‍ 2000 രൂപയുമാണ് നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം കെട്ടിവക്കേണ്ട തുക. അതേസമയം, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പകുതി തുക മതിയാകും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനുള്ളിൽ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിക്കണം.
Another by-election in Kerala; Polling on February 24
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."