12 വർഷത്തെ യുവരാജിന്റെ റെക്കോർഡും തകർത്തു; ചരിത്രംകുറിച്ച് അഭിഷേക് ശർമ്മ
കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 132 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഇന്ത്യൻ ബാറ്റിങ്ങിൽ അഭിഷേക് ശർമ മികച്ച പ്രകടനമാണ് നടത്തിയത്. 34 പന്തിൽ 79 റൺസാണ് അഭിഷേക് നേടിയത്. മൂന്ന് ഫോറുകളും എട്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഈ ഇന്നിങ്സിന് പിന്നാലെ ഒരു തകപ്പൻ നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. ടി-20യിൽ ചെയ്സ് ചെയ്‌ത് വിജയിച്ച മത്സരങ്ങളിൽ ഏറ്റവും വേഗത്തിൽ 70+ റൺസ് നേടുന്ന താരമായാണ് അഭിഷേക് മാറിയത്.
ഇതിനു മുമ്പ് ഈ റെക്കോർഡ് യുവരാജ് സിംഗിന്റെ പേരിലാണ് ഉണ്ടായിരുന്നത്. 2013ൽ ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു യുവരാജ് ഈ നേട്ടം സ്വന്തമാക്കിയത്. രാജ്കോട്ടിൽ നടന്ന മത്സരത്തിൽ 35 പന്തിൽ നിന്നും 77 റൺസായിരുന്നു താരം നേടിയത്. നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് ഈ റെക്കോർഡ് അഭിഷേക് ശർമ്മ മറികടന്നത്.
ഇന്ത്യൻ ബൗളിംഗിൽ വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ അർഷ്ദീപ് സിങ്, അക്‌സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റും നേടി. ഇംഗ്ലണ്ട് ബാറ്റിങ്ങിൽ ജോസ് ബട്ലർ അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 44 പന്തിൽ 68 റൺസാണ് ബട്ലർ നേടിയത്. എട്ട് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.
നിലവിൽ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിനു മുന്നിലാണ് ഇന്ത്യ. ജനുവരി 25നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."