വ്യാജ സർട്ടിഫിക്കറ്റ് ; വിദേശത്തേക്ക് കടന്ന വിദ്യാർഥികളെക്കുറിച്ച് അന്വേഷണം
കോഴിക്കോട്: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച് വിദേശത്തേക്ക് കടന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം.
കോഴിക്കോട് പറയഞ്ചേരിയിലെ സ്‌കൈമാർക്ക് എജ്യുക്കേഷൻ എന്ന സ്ഥാപനം നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി വിദേശത്തേക്ക് കടത്തിയതായി പൊലിസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിദേശത്തേക്ക് കടന്ന വിദ്യാർഥികളുൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നത്. 400 ലേറെ പേരാണ് സ്ഥാപനത്തിന്റെ സഹായത്തോടെ വിദേശത്തെത്തിയത്. ഇതിൽ എത്രപേർ വ്യാജ സർട്ടിഫിക്കറ്റുകൾ കൈക്കലാക്കിയിട്ടുണ്ടെന്നത് സംബന്ധിച്ചാണ് അന്വേഷിക്കുന്നത്.
ഇവരുടെ മേൽവിലാസവും മറ്റു വിവരങ്ങളും പൊലിസ് ശേഖരിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ നിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഇവരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.
കോഴിക്കോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, കോട്ടയം, തിരുവനന്തപുരം, ജില്ലകളിലും സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നും പോയവരുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. നിലവിൽ കോഴിക്കോട് ഹൈലൈറ്റ് മാളിലേയും പറയഞ്ചേരിയിലേയും സ്ഥാപനത്തിൻ്റെ ഓഫിസുകളിൽ കഴിഞ്ഞ ദിവസം മെഡിക്കൽകോളജ് അസി.കമ്മിഷണറുടെ നിർദേശപ്രകാരം മിന്നൽ പരിശോധന നടത്തിയിരുന്നു.
മൊബൈൽ ഫോണും ലാപ്‌ടോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഉപരിപഠനത്തിനായി ബന്ധപ്പെട്ട വിദ്യാർഥിയോട്, പണം നൽകിയാൽ വിദേശത്ത് എം.ബി.എ പ്രവേശനം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥാപനം പണം തട്ടിയെടുത്തതായുള്ള അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമാണം സംബന്ധിച്ച വിവരം ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."