സഞ്ജുവിന്റെ പുതിയ വജ്രായുധത്തിന് മൂർച്ച കൂടുന്നു; ഐസിസി റാങ്കിങ്ങിൽ വമ്പൻ കുതിപ്പ്
ദുബായ്: ഐസിസി റാങ്കിങ്ങിൽ മികച്ച മുന്നേറ്റം നടത്തി ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ. ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന ബൗളർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മഹീഷ് തീക്ഷണ എത്തിയത്.
തന്റെ കരിയറിലെ ഏറ്റവും മികച്ച സ്ഥാനമാണ് തീക്ഷണ സ്വന്തമാക്കിയത്. 663 റേറ്റിംഗ് പോയിൻ്റുകൾ സ്വന്തമാക്കിയാണ് താരം മൂന്നാം സ്ഥാനത്തെത്തിയത്. 669 പോയിന്റോടെ റാഷിദ് ഖാനും 665 പോയിന്റുമായി കുൽദീപ് യാദവും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്.
അടുത്തിടെ അവസാനിച്ച ന്യൂസിലാൻഡിനെതിരെയുള്ള തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെയാണ് തീക്ഷണ റാങ്കിങ്ങിൽ മികച്ച മുന്നേറ്റം നടത്തിയത്. മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഹാട്രിക് നേടിയായിരുന്നു തീക്ഷണ തിളങ്ങിയത്.
ഇതോടെ ശ്രീലങ്കക്കായി ഏകദിന ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഏഴാമത്തെ താരമായും തീക്ഷണ മാറിയിരുന്നു. ചാമിന്ദ വാസ് , ലസിത് മലിംഗ , ഫർവേസ് മഹ്റൂഫ്, തിസാര പെരേര, വനിന്ദു ഹസരങ്ക എന്നിവരായിരുന്നു ശ്രീലങ്കക്കായി ഏകദിനത്തിൽ ഹാട്രിക് നേടിയത്.
2025 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് തീക്ഷണ കളിക്കുക. മെഗാ ലേലത്തിൽ രണ്ട് കോടി രൂപക്കായിരുന്നു ശ്രീലങ്കൻ സ്പിന്നർ രാജസ്ഥാൻ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. കഴിഞ്ഞ സീസണിൽ ചെന്നൈക്ക് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ കീഴിലും തീക്ഷണ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമെന്നുതന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."