2024ല്‍ മാത്രം ദുബൈയില്‍ ഒരു വാഹനയാത്രികന് ഏകദേശം നഷ്ടമായത് 35 മണിക്കൂര്‍; എന്നിട്ടും ലോകനഗരങ്ങളില്‍ ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ 154-ാം സ്ഥാനത്ത്
ദുബൈ: ഇന്റിക്‌സ് 2024 ഗ്ലോബല്‍ ട്രാഫിക് സ്‌കോര്‍കാര്‍ഡ് അനുസരിച്ച്, ദുബൈ നഗരത്തിലെ ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും വര്‍ധിച്ചതിനാല്‍ 2024ല്‍ ദുബൈയിലെ വാഹനയാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്കില്‍പ്പെട്ട് നഷ്ടമായത് ഏകദേശം 35 മണിക്കൂര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2 മണിക്കൂര്‍ കൂടുതലാണിത്. ട്രാഫിക്കില്‍ നഷ്ടമായ മണിക്കൂറുകളുടെ എണ്ണം 2022നെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 2022മായി താരതമ്യം ചെയ്യുമ്പോള്‍ 45 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ വര്‍ഷം ആദ്യം മുതല്‍ ദുബൈയിലെ ജനസംഖ്യ 134,000ല്‍ അധികം വര്‍ദ്ധിച്ച് 3.8 ദശലക്ഷത്തിലെത്തിയിരുന്നു. 2021 ജനുവരി മുതല്‍ നഗരത്തിലെ ജനസംഖ്യ 378,000ലധികമാണ് വര്‍ധിച്ചിട്ടുള്ളത്. പ്രധാനമായും വിദേശ പ്രൊഫഷണലുകളുടെയും തൊഴിലാളികളുടെയും നിക്ഷേപകരുടെയും കുടിയേറ്റം കാരണമാണ് ജനസംഖ്യയില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. കോവിഡ് മഹാമാരിക്കു ശേഷമുള്ള കാലഘട്ടത്തില്‍ ദുബൈയിലെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളര്‍ച്ച പ്രാപിച്ചു. ഇതിന്റെ ഭാഗമായി തന്നെ തൊഴില്‍ ലക്ഷ്യമിട്ടു കുടിയേറിയ ആളുകളുടെ എണ്ണവും കൂടി.
നഗരത്തിന്റെ മാക്രോ ഇക്കണോമിക് വളര്‍ച്ച കാരണം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പ്രതിവര്‍ഷം 8.7 ശതമാനം വര്‍ധിച്ച് 4.3 ദശലക്ഷമായി ഉയര്‍ന്നതായി ദുബൈയിലെ ടോള്‍ ഗേറ്റ് ഓപ്പറേറ്റര്‍ സാലിക്കിന്റെ ഡാറ്റ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം പകല്‍ സമയങ്ങളില്‍ ദുബൈയിലെ നിരത്തുകളിലുണ്ടാകാറുള്ള വാഹനങ്ങളുടെ എണ്ണം ശരാശരി 3.5 ദശലക്ഷമാണ്. ആഗോള ശരാശരിയായ 24 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ 10 ശതമാനം വര്‍ധനയാണ് ദുബൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നിരുന്നാലും, നഗരത്തിലുടനീളമുള്ള ഗതാഗതം സുഗമമാക്കുന്നതിനുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തില്‍ ദുബൈ സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്. ഭവന, റോഡ് ശൃംഖലകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി റോഡ് ഗതാഗതം വികസിപ്പിക്കുന്നതിനായി കോടിക്കണക്കിന് ദിര്‍ഹമാണ് മാറ്റിവെക്കുന്നത്.
2024ല്‍ ദുബൈ ആഭ്യന്തര റോഡുകള്‍ക്കായുള്ള പഞ്ചവത്സര പദ്ധതിക്ക് (2025-2029) അംഗീകാരം നല്‍കിയിരുന്നു. 12 പാര്‍പ്പിട, വാണിജ്യ, വ്യാവസായിക മേഖലകളിലായി 21 പദ്ധതികള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. പുതിയതായി 634 കിലോമീറ്റര്‍ നിര്‍മ്മിക്കാനായി 3.7 ബില്യണ്‍ ദിര്‍ഹം ചെലവ് വരും. എമിറേറ്റിന്റെ ജനസംഖ്യാ വളര്‍ച്ചയ്ക്കും നഗരവികസനത്തിനും അനുസൃതമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഗതാഗതക്കുരുക്ക് കുറക്കുന്നതിനായി ദുബൈയിലെ മിക്ക സ്ഥാപനങ്ങളും ഫ്‌ലെക്‌സിബിള്‍ ജോലി സമയവും റിമോട്ട് വര്‍ക്ക് പോളിസികളും വിപുലീകരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഈ നയങ്ങള്‍ കൊണ്ട് എമിറേറ്റിലെ പ്രഭാത യാത്രാ സമയത്തിലെ ഗതാഗതക്കുരുക്ക് 30 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നാണ് അടുത്തിടെ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്.
ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ ദുബൈ 154ാം സ്ഥാനത്താണ്. അതായത് ലോകത്തിലെ പല പ്രധാന നഗരങ്ങളേക്കാളും മികച്ച തരത്തിലാണ് ദുബൈയില്‍ ഗതാഗതം നിയന്ത്രണം നടക്കുന്നതെന്നര്‍ത്ഥം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."