നവീന്‍ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണമില്ല; ഭാര്യയുടെ ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.
എസ്.ഐ.ടിയുടെ അന്വേഷണം കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ മേല്‍നോട്ടത്തിലാകണം. അന്വേഷണ സംഘം അന്വേഷണത്തിലെ പുരോഗതി ഹരജിക്കാരിയെ അറിയിക്കണം. റേഞ്ച് ഡി.ഐ.ജിയുടെ അനുമതിയോടെ മാത്രമേ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പാടുള്ളൂ എന്നീ നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം കോടതി തള്ളിയത്.
നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് വിധി പറഞ്ഞത്. അതേസമയം, ഹൈക്കോടതി വിധി തൃപ്തികരമല്ലെന്ന് അറിയിച്ച മഞ്ജുഷ, അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കി.
പൊലിസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കുടുംബത്തിന്റെ എല്ലാ ആശങ്കയും പരിശോധിക്കുമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അത് ബലപ്പെടുത്തുന്ന ഒട്ടേറെ വസ്തുതകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ കോടതിയെ സമീപിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗമായ പ്രതിക്ക് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ പൊലിസില്‍നിന്ന് നിഷ്പക്ഷമായ അന്വേഷണവും തുടര്‍നടപടികളും പ്രതീക്ഷിക്കുന്നില്ലെന്നും ആരോപിച്ചിരുന്നു.
ലോക്കല്‍ പൊലിസിലുള്ള പലരേയും ചേര്‍ത്താണ് പ്രത്യേക അന്വേഷണ സംഘം ഉണ്ടാക്കിയത്. പ്രോട്ടോകോള്‍ പ്രകാരം പ്രതിയേക്കാള്‍ താഴെയുള്ള ഇന്‍സ്പെക്ടറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രതിയെ സംരക്ഷിക്കാനാണ് സംഘം തെളിവുകളുണ്ടാക്കുന്നത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗമായ പ്രതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി, കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം, കരിക്കുലം കമ്മിറ്റിയംഗം, കുടുംബശ്രീ മിഷന്‍ ഭരണസമിതിയംഗം, ജില്ലാ ആസൂത്രണസമിതി ചെയര്‍പേഴ്സണ്‍ എന്നീ പദവികളും വഹിക്കുന്നു. സാക്ഷിയായ പ്രശാന്തന്റെ പേരും ഒപ്പും മാറിയിട്ടും നടപടിയുണ്ടാകാത്തത് സ്വാധീനത്തിന്റെ ഭാഗമാണെന്നും ഹരജിക്കാരി കോടതിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."