നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണം; പിവി അന്‍വറിന്റെ അനുയായി അറസ്റ്റില്‍
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസിൽ അൻവറിന്റെ അനുയായി ഇഎ സുകു അറസ്റ്റിൽ. പിവി അൻവർ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സുകുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഎം മുൻ ലോക്കൽ സെക്രട്ടറിയായിരുന്ന ഇഎ സുകു അൻവറിന്റെ അടുത്ത അനുയായിയാണ്.
വഴിക്കടവ് ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചാണ് സുകുവിനെ കസ്റ്റഡിയിൽ എടുത്തത്. അൻവർ ജയിൽ നിന്ന് ഇറങ്ങുമ്പോൾ താൻ കയറയുന്നത് ട്വിസ്റ്റ് ആകുമെന്ന് സുകു പ്രതികരിച്ചു. പിവി അൻവർ ഉൾപ്പടെ 11 പേരാണ് കേസിലെ പ്രതികൾ. അതിൽ എംഎൽഎയെക്കൂടാതെ മറ്റ് നാലുപേരെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു.
ശനിയാഴ്ച രാത്രി കരുളായി ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് അൻവറിന്റെ നേതൃത്വത്തിലെത്തിയ ഡിഎംകെ പ്രവർത്തകർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തത്. പൂട്ടുതകർത്ത് ഉള്ളിൽക്കയറി സാധനസാമഗ്രികൾ നശിപ്പിച്ചതിന്റെപേരിൽ എംഎൽഎയെ ഒന്നാംപ്രതിയാക്കി കേസെടുത്തിരുന്നു. രാത്രി 11.30 ഓടെ നിലമ്പൂർ ഫസ്റ്റ്ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തവനൂർ ജയിലിലേക്ക് മാറ്റി. തിങ്കളാഴ്ച അൻവറിന് നിലമ്പൂർ കോടതി ജാമ്യം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."