വൈരുധ്യങ്ങളുടെ സമ്മിശ്രണം, ഇരട്ട ഏജന്റ്..; ഇന്ത്യ വിട്ടുകിട്ടാന്‍ ശ്രമിക്കുന്ന തഹാവുര്‍ റാണ, കാത്തിരിക്കുന്ന വിധി 17ന് വരും
''നത്തോലിയെ പിടിക്കാന്‍ അവര്‍ തിമിംഗലത്തെ ഉപയോഗിക്കുകയാണ്..'' 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട തഹാവുര്‍ റാണയുടെ അഭിഭാഷകന്‍ 2011ല്‍ ബോംബെ ഹൈക്കോടതിയില്‍ തന്റെ കക്ഷിയെ ന്യായീകരിച്ച് പറഞ്ഞ വാക്കുകളാണിത്. നത്തോലിയായാലും തിമിംഗലമായാലും റാണയെ വിചാരണ ചെയ്യാന്‍ വിട്ടുകിട്ടണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ഇന്ത്യ.
വൈരുധ്യങ്ങളുടെ സമ്മിശ്രണമാണ് തഹാവുര്‍ ഹുസൈന്‍ റാണ... പാകിസ്ഥാനിലെ കുലീന കുടുംബത്തില്‍ പിറന്ന് മെഡിക്കല്‍ ബിരുദം നേടി പാക് ആര്‍മി മെഡിക്കല്‍ കോര്‍പ്‌സില്‍ ക്യാപ്റ്റന്‍ റാങ്കില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിനിടെ അവിടെ നിന്ന് മുങ്ങി, കാനഡയില്‍ പൊങ്ങിയ റാണ അമേരിക്കയിലും ഇന്ത്യയിലുമെല്ലാം ശാഖകളുള്ള വലിയ ബിസിനസ്സ് സ്ഥാപനങ്ങളുടെ ഉടമകൂടിയായിരുന്നു. പട്ടാളത്തില്‍ നിന്ന് അനുമതി ഇല്ലാതെ മുങ്ങിയതിന് ഉള്‍പ്പെടെ ക്രിമിനല്‍ കേസ് നേരിടുകയും പാകിസ്ഥാനിലേക്ക് വരുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തയാള്‍ പിന്നീട് ലഷ്‌കറെ ത്വയ്ബയുടെ പ്രവര്‍ത്തകനായും പാകിസ്ഥാന്റെ ചാരനായും പ്രവര്‍ത്തിച്ചുവെന്ന് പറയപ്പെടുന്നതില്‍ നിന്ന് തന്നെ റാണയെന്ന മനുഷ്യനെ ഏകദേശം അളക്കാനാവും.
ഭീകരാക്രമണത്തിന് തൊട്ടു മുമ്പ് കുടുംബത്തോടൊപ്പം മുംബൈയില്‍
ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് 2008 നവംബറില്‍ തന്നെ റാണ മുംബൈയില്‍ സന്ദര്‍ശനം നടത്തിയത് ആക്രമണത്തിനാവശ്യമായ സഹായങ്ങള്‍ ചെയ്തുതരുന്നതിന് വേണ്ടിയായിരുന്നെന്നാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളും യു.എസ് പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി പറയുന്നത്. എന്നാല്‍, ഭാര്യക്കും മകള്‍ക്കുമൊപ്പമാണ് മുംബൈ സന്ദര്‍ശിച്ചതെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് റാണ ഇതിനെ ന്യായീകരിക്കുന്നത്. ഭാര്യ സംറാസും കൗമാരക്കാരിയായ മകള്‍ സോയയും അവരുടെ യഥാര്‍ഥ പേരുകള്‍ ഉപയോഗിച്ച് തന്നെയാണ് മുംബൈയിലേക്ക് വന്നതും. ഉത്തര്‍ പ്രദേശിലെ ഹാപൂരിലും മീററ്റിലുമുള്ള ബന്ധുക്കളെും ഈ യാത്രയ്ക്കിടെ മൂവരും സന്ദര്‍ശിക്കുകയും ചെയ്തു. ഒരു ഭീകരാക്രമണത്തിന് കൃത്യതയൊരുക്കാനെത്തിയയാള്‍ ഭാര്യയെയും മകളെയും പോലും കുടുക്കാനാവും വിധം യഥാര്‍ഥ പേരില്‍ സഞ്ചരിക്കുകയും തെളിവുകളവശേഷിപ്പിച്ച് മടങ്ങുകയും ചെയ്തത് മറ്റൊരു വൈരുധ്യമായെ കരുതാനൊക്കൂ. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ 9/11 ലെ ആക്രമണത്തിന് ശേഷം റാണ അമേരിക്കയ്ക്ക് വേണ്ടി ചാര പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെന്ന സംശയം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇതും റാണയിലെ മറ്റൊരു മനുഷ്യനെയാണ് അനാവരണം ചെയ്യുന്നത്.
തഹാവുര്‍റാണയെ ഇന്ത്യക്ക് കൈമാറണമെന്ന ആവശ്യം സാന്‍ ഫ്രാന്‍സിസ്‌കോയിലെ നയന്‍ത്ത് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് കൂടി അംഗീകരിച്ചതിനെ തുടര്‍ന്ന് റാണ, യു.എസ് സുപ്രിംകോടതിയെ സമീപിച്ചതോടെയാണ് ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഭീകരനായ കനേഡയന്‍ ബിസിനസ്സുകാരന്‍ വീണ്ടും വാര്‍ത്തകളിലിടം നേടിയത്. തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് റാണ നല്‍കിയ അപ്പീല്‍ 2024 നവംബറിലാണ് കോടതി തള്ളിയത്. റാണയുടെ അപ്പീല്‍ അപേക്ഷ പരിഗണിച്ച അമേരിക്കന്‍ സുപ്രിംകോടതി, ജനുവരി 17ന് കേസില്‍ വിധി പറയും. ഇന്ത്യക്ക് കൈമാറാതിരിക്കാന്‍ വര്‍ഷങ്ങളായി റാണ നടത്തിക്കൊണ്ടിരിക്കുന്ന നിയമ പോരാട്ടങ്ങളുടെ പര്യവസാനം കൂടിയായിരിക്കും ഇത്. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം തഹാവുര്‍ റാണയെ കൈമാറണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
ഹെഡ്‌ലിയുമായുള്ള ബന്ധം
2008ലെ മുംബൈ ഭീകരമാക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഡേവിഡ് ഹെഡ്‌ലിയുമായി ബന്ധമുണ്ടെന്നും അയാള്‍ക്ക് ഇന്ത്യയില്‍ ഇതിനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തെന്നുമുള്ള കുറ്റമാണ് റാണക്കെതിരേ ചുമത്തിയിരിക്കുന്നത്. തഹാവുര്‍ റാണയും ഡേവിഡ് ഹെഡ്‌ലിയെന്ന ദാവൂദ് സെയ്ദ് ഗീലാനി യും ബാല്യകാല സുഹൃത്തുക്കളായിരുന്നു. ഹെഡ്‌ലിയുടെ മാതാവ് അമേരിക്കന്‍ വംശജയും പിതാവ് പാക് വംശജനുമാണ്. പാക് പഞ്ചാബിലെ ചിചാവത്‌നിയില്‍ ജനിച്ച് വളര്‍ന്ന റാണ, പാകിസ്ഥാനിലെ മിലിട്ടറി റെസിഡന്‍ഷ്യല്‍ കോളജായ ഹസന്‍ അബ്ദാല്‍ കാഡറ്റ് കോളജില്‍ പഠിക്കുന്നതിനിടെയാണ് ഹെഡ്‌ലിയുമായി അടുത്ത സൗഹൃദത്തിലാവുന്നത്. സഹോദരങ്ങളാണെന്ന് തോന്നും വിധമായിരുന്നു ഇരുവരുടെയും പെരുമാറ്റവും നടപ്പുമെല്ലാം. 2009 വരെ, അതായത് 26/11 മുംബൈ ഭീകരാക്രമണത്തില്‍ റാണയ്ക്ക് പങ്കുണ്ടെന്ന് ഹെഡ്‌ലി ആരോപിക്കുന്നതുവരെ ഈ ബന്ധം ഊഷ്മളമായി തന്നെ തുടര്‍ന്നുപോന്നു.
തനിക്കെതിരേ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുടെ സാക്ഷിയായി മൊഴി നല്‍കിയ ഹെഡ്‌ലിയെ ഒറ്റുകാരനെന്നാണ് റാണ പിന്നീട് വിശേഷിപ്പിച്ചത്. തന്റെ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഹെഡ്‌ലി സുഹൃത്തുക്കളെ ആവര്‍ത്തിച്ച് ഒറ്റിക്കൊടുക്കുകയാണെന്നും റാണ ആരോപിച്ചു. ഹെഡ്‌ലി തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും സര്‍ക്കാരിന്റെ മുഖ്യസാക്ഷിയായ ഹെഡ്‌ലി സ്ഥിരം കുറ്റവാളിയും നുണപറയുന്ന ആളുമാണെന്നും റാണ പറയുന്നു.
സൈന്യത്തില്‍നിന്ന് ഓളിച്ചോടിയ റാണ
പാകിസ്ഥാന്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്‌സില്‍ ക്യാപ്റ്റന്‍ ജനറല്‍ ഡ്യൂട്ടി പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചുവരുന്നതിനിടെയാണ് റാണ, സഹപ്രവര്‍ത്തകയും ഡോക്ടറുമായ സമ്രാസിനെ വിവാഹം കഴിച്ചത്. 1997ല്‍ സിയാച്ചിനിലേക്ക് മാറ്റിയതോടെ, കടുത്ത ശ്വാസതടസ്സത്തിനും മറ്റും കാരണമാകുന്ന പള്‍മണറി എഡിമ രോഗ ബാധിതനായി. ഇതോടയാണ് സൈന്യത്തിന്റെ അനുവാദമില്ലാതെ റാണ, കാനഡയിലേക്ക് മുങ്ങുന്നത്. ഒളിച്ചോടിയതിന് വിചാരണ നേരിടേണ്ടി വന്ന റാണയ്ക്ക് പിന്നീട് ഒരിക്കലും സ്വന്തം നാട്ടിലേക്ക് മടങ്ങാനായിട്ടില്ല. 2001 ജൂണില്‍ കനേഡിയന്‍ പൗരത്വം നേടി. കനേഡിയന്‍ തലസ്ഥാനമായ ഒട്ടാവയിലായിരുന്നു താമസം. ഇതിനിടെ, ഫസ്റ്റ് വേള്‍ഡ് ഇമിഗ്രേഷന്‍ സര്‍വിസസ് എന്ന പേരില്‍ ഇമിഗ്രേഷന്‍ സര്‍വിസ് ഏജന്‍സി ഉള്‍പ്പെടെ നിരവധി ബിസിനസുകള്‍ക്ക് റാണ തുടക്കമിട്ടിരുന്നു. ചിക്കാഗോയിലും വീടുണ്ടായിരുന്ന റാണ, ചിക്കാഗോ, ന്യൂയോര്‍ക്ക്, ടൊറന്റോ എന്നിവിടങ്ങളിലും ഇമിഗ്രേഷന്‍ സര്‍വിസ് ഏജന്‍സിയുടെ ഓഫിസുകള്‍ തുടങ്ങി.
ഒട്ടാവയിലെ വീട്ടില്‍ ഇപ്പോള്‍ റാണയുടെ സഹോദരനുള്‍പ്പെടെയാണ് താമസിക്കുന്നത്. മുംബൈയിലും റാണ ഇമിഗ്രേഷന്‍ സര്‍വിസ് ഏജന്‍സി തുടങ്ങിയിരുന്നു. ഈ ഓഫിസ് വഴിയാണ് ഹെഡ്‌ലിക്ക് മുംബൈ ഭീകരാക്രമണത്തിനാവശ്യായ സഹായങ്ങള്‍ ലഭ്യമാക്കിയതെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ കണ്ടെത്തിയത്. നാല് തവണ ഇന്ത്യ സന്ദര്‍ശിച്ച റാണ, 2008 നവംബറില്‍ കുടുംബ സമേതം മുംബൈ സന്ദര്‍ശിച്ചത് തന്റെ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ബിസിനസ്സുമായി ബന്ധപ്പെട്ട നിയമാനുസൃതമായ ആവശ്യങ്ങള്‍ക്കാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
വ്യവസായ രംഗത്തേക്ക്
2008 നവംബര്‍ 11 ന് ഇന്ത്യയിലെത്തിയ റാണ നവംബര്‍ 21 വരെ രാജ്യത്ത് തങ്ങിയെന്ന് മുംബൈ പൊലിസ് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, താജ് ഹോട്ടല്‍, ഛത്രപതി ശിവാജി ടെര്‍മിനല്‍ തുടങ്ങിയവടങ്ങളില്‍ ഭീകരാക്രമണം നടത്തുന്നതിന് നിരീക്ഷണം നടത്താനാണ് റാണ മുംബൈയിലെത്തിയതെന്നാണ് ഹെഡ്‌ലി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐക്ക് മൊഴിനല്‍കിയത്. 2016 മാര്‍ച്ചില്‍ മുംബൈയിലെ പ്രത്യേക കോടതിക്ക് മുമ്പാകെ നടന്ന ക്രോസ് വിസ്താരത്തിനിടെ, താന്‍ ചാരനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് റാണയ്ക്ക് അറിയാമായിരുന്നുവെന്നും ലഷ്‌കറുമായുള്ള ബന്ധത്തെയും ആക്രമണത്തില്‍ പങ്കെടുത്തതിനെയും റാണ എതിര്‍ത്തിരുന്നില്ലെന്നും ഹെഡ്‌ലി പറഞ്ഞിരുന്നു. ഹെഡ്‌ലിയുടെ ലക്ഷ്യങ്ങള്‍ക്ക് സഹായം നല്‍കുന്നതിനും ന്യൂഡല്‍ഹിയില്‍ ഇമിഗ്രേഷന്‍ ഏജന്‍സിയുടെ ഓഫിസ് സ്ഥാപിക്കുന്നതിനും സഹായിക്കാന്‍ ഐ.എസ്.ഐയുടെ മേജര്‍ ഇഖ്ബാല്‍ റാണയ്ക്ക് ഇമെയില്‍ അയച്ചിരുന്നുവെന്നും എഫ്ബിഐ പറയുന്നു.
ഭീകരാക്രമണ ശേഷം 'ഇന്ത്യക്കാര്‍ അതിന് അര്‍ഹരായിരുന്നു' എന്നും കൊല്ലപ്പെട്ട ഒമ്പത് ആക്രമണകാരികള്‍ക്കും പാകിസ്ഥാന്റെ പരമോന്നത സൈനിക ബഹുമതിയായ നിഷാന്‍ഇഹൈദര്‍ നല്‍കണമെന്നും റാണ തന്നോട് ആവശ്യപ്പെട്ടെന്നും ഹെഡ്‌ലി എഫ്.ബി.ഐക്ക് മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍, 26/11ന്റെ ആസൂത്രണത്തിലോ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലോ റാണ പങ്കാളിയായിരുന്നെന്നോ റാണയുമായി ആലോചിച്ചിരുന്നെന്നോ ഹെഡ്‌ലി ആരോപിച്ചിട്ടില്ല. ഹെഡ്‌ലിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ 2009 ഒക്ടോബറില്‍ ചിക്കാഗോ എയര്‍പോര്‍ട്ടില്‍ വച്ചാണ് അമേരിക്കന്‍ പൊലിസ് റാണയെ അറസ്റ്റ് ചെയ്യന്നത്. 2005ല്‍ പ്രവാകന്റെ കാര്‍ട്ടൂണുകള്‍ അച്ചടിച്ച ജിലാന്‍ഡ്‌സ് പോസ്റ്റണ്‍ എന്ന ഡാനിഷ് പത്രത്തിന്റെ ഓഫിസ് ആക്രമിക്കാന്‍ ലഷ്‌കറിന് പിന്തുണ നല്‍കിയെന്ന കുറ്റവും റാണക്കെതിരേയുണ്ട്. ഈ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2011ല്‍ ചിക്കാഗോയിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ഇല്ലിനോയ്‌സിലെ ഫെഡറല്‍ കോടതി റാണയെ ശിക്ഷിച്ചെങ്കിലും, റാണയ്‌ക്കെതിരായ മുംബൈ ആക്രമണത്തിന് പിന്തുണ നല്‍കിയെന്ന കുറ്റം ഒഴിവാക്കി. വിധിയില്‍ നിരാശ പ്രകടിപ്പിച്ച ഇന്ത്യ, ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഡല്‍ഹിയിലെ കോടതിയില്‍ റാണയ്‌ക്കെതിരേ കുറ്റം ചുമത്തുമെന്ന് വ്യക്തമാക്കി.
റണയെ യു.എസ് വിട്ടുതരുമോ?
2019 ഡിസംബര്‍ 4 നാണ് റാണയെ കൈമാറാന്‍ ഇന്ത്യ യുഎസിന് നയതന്ത്ര തലത്തില്‍ കത്ത് സമര്‍പ്പിച്ചത്. 2020 ജൂണ്‍ 10ന് കൈമാറല്‍ ലക്ഷ്യം വച്ച് റാണയെ താല്‍ക്കാലികമായി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ വീണ്ടും അമേരിക്കയെ സമീപിച്ചു. റാണയെ ഇന്ത്യക്ക് കൈമാറുന്നതിനെ പിന്തുണയ്ക്കുകയും അംഗീകരിക്കുകയും ചെയ്ത ബൈഡന്‍ ഭരണകൂടം, റാണയെ യു.എസില്‍ വീണ്ടും അറസ്റ്റ് ചെയ്തു. ഇരുരാജ്യങ്ങളും 1997ല്‍ ഒപ്പുവെച്ച കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമായിരുന്നു ഇത്. ഡാനിഷ് പത്രത്തിന്റെ ഓഫിസ് ആക്രമിച്ച കേസില്‍ ചിക്കാഗോയിലെ നോര്‍ത്തേണ്‍ ഇല്ലിനോയ്‌സിലെ ഫെഡറല്‍ കോടതി 2011ല്‍ ശിക്ഷ വിധിച്ചത് പ്രകാരം തെക്കന്‍ കാലിഫോര്‍ണിയയിലെ ടെര്‍മിനല്‍ ഐലന്‍ഡ് ജയിലിലായിരുന്ന റാണയെ, കോവിഡ് 19 ബാധിച്ചതിനെ തുടര്‍ന്ന് യുഎസ് കോടതി അനുകമ്പയുടെ അടിസ്ഥാനത്തില്‍ 2020ല്‍ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ റാണയെ അറസ്റ്റ് ചെയ്യണമെന്ന അപേക്ഷ വരുന്നതും ജൂണ്‍ 19ന് ലോസ് ഏഞ്ചല്‍സില്‍ വെച്ച് റാണ വീണ്ടും അറസ്റ്റിലാവുന്നതും.
ജയിലിലായ റാണ, തന്നെ ഇന്ത്യക്ക് കൈമാറരുതെന്നാവശ്യപ്പെട്ട് വിവിധ കോടതികളില്‍ ഹരജികള്‍ ഫയല്‍ചെയ്‌തെങ്കിലും യു.എസ് സര്‍ക്കാര്‍ കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ കോടതികളെല്ലാം റാണയെ ഇന്ത്യക്ക് കൈമാറണമെന്ന നിലപാടിലുറച്ചുനിന്നു. റാണയുടെ കൈമാറ്റം ശരിവച്ച് ആദ്യം ഉത്തരവ് പുറപ്പെടുവിച്ച അമേരിക്കന്‍ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരേ റാണ കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ റിട്ട് ഓഫ് സെര്‍ട്ടിയോരാരി നല്‍കിയെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല. സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതി വിധിക്കെതിരേ അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ കോടതിയും ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. ഇരു രാജ്യങ്ങളും കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉടമ്പടിയില്‍ റാണയുടെ കുറ്റകൃത്യം ഉള്‍പ്പെടുമെന്നു വ്യക്തമാക്കിയായിരുന്നു കോടതിയുടെ ഉത്തരവ്. ഇക്കാര്യത്തില്‍ ഇനി റാണയുടെ അവസാന അത്താണിയാണ് യു.എസ് സുപ്രിംകോടതി.
ജനുവരി 17ന് നിര്‍ണായക തീരുമാനം
ചിക്കാഗോയിലെ നോര്‍ത്തേണ്‍ ഇല്ലിനോയ്‌സിലെ ഫെഡറല്‍ കോടതി നടപടിക്രമങ്ങളുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് റാണ യു.എസ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. 2008ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കുറ്റങ്ങളുള്‍പ്പെടെ ചുമത്തി ചിക്കാഗോയിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ഇല്ലിനോയ്‌സിലെ ഫെഡറല്‍ കോടതി തന്നെ വിചാരണ ചെയ്യുകയും കുറ്റവിമുക്തനാക്കുകയും ചെയ്തതാണ്. കേസില്‍ ഇന്ത്യയിലേക്ക് അയക്കുന്നതോടെ ഒരേ കേസില്‍ രണ്ടു തവണ വിചാരണ നേരിടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും. അതിനാല്‍ കൈമാറ്റം ഒഴിവാക്കണം എന്നാണ് റാണ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കഴിഞ്ഞമാസം റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നത് ഒഴിവാക്കാന്‍ സമര്‍പ്പിച്ച ഹരജി തള്ളണമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഡിസംബര്‍ 23 ന് റാണയുടെ അഭിഭാഷകന്‍, യു.എസ് ഗവണ്‍മെന്റിന്റെ നിര്‍ദേശത്തെ ചോദ്യം ചെയ്യുകയും തന്റെ റിട്ട് അംഗീകരിക്കണമെന്ന് സുപ്രിംകോടതിയോട് അപേക്ഷിക്കുകയും ചെയ്തു. ചിക്കാഗോ കോടതിയിലെ വിചാരണയ്ക്ക് സമാനമായ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കുറ്റങ്ങള്‍ ചുമത്തി അദ്ദേഹത്തെ ഇന്ത്യക്ക് വിചാരണയ്ക്കായി കൈമാറാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഹരജിയിലുണ്ട്. ഇതു പ്രകാരമാണിപ്പോള്‍ കേസ് 17ന് വിധിപറയാന്‍ മാറ്റിയത്.
റാണ നിരപരാധിയാണെന്നാണ് അദ്ദേഹത്തിന്റെ സഹോദരങ്ങളും കുടുംബങ്ങളും പറയുന്നത്. 2008 നവംബറില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പമാണ് റാണ മുംബൈ സന്ദര്‍ശിച്ചത്. ആക്രമണം അടുത്ത തിയ്യതിയില്‍ സൂത്രധാരന്‍ ഭാര്യയെയും മകളെയും കൂട്ടി അവരുടെയൊക്കെ ശരിയായ പേരുകള്‍ നല്‍കി സന്ദര്‍ശനം നടത്തുമോ എന്നാണ് റാണയുടെ അഭിഭാഷകന്‍ ചോദിക്കുന്നത്. എന്നാല്‍, റാണ മുംബൈയില്‍ ഉള്‍പ്പെടെ ബിസിനസ് തുടങ്ങിയത് പോലും ഭീകര പ്രവര്‍ത്തന ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നെന്ന് സംശയിക്കും വിധമാണ് പിന്നീടുണ്ടായ റാണയുടെ ഓരോ പ്രവര്‍ത്തനങ്ങളും. പാക്ക് ചാര സംഘടനയായ ഐഎസ്‌ഐക്ക് സഹായം നല്‍കിയോ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നോ എങ്ങിനെയെങ്കിലും സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങളാണ് റാണ നടത്തിക്കൊണ്ടിരുന്നത്. ഇത് സ്വാഭാവികമായും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ആക്രമണങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന രീതിയിലേക്ക് മാറുകയും ചെയ്തു. ഏതായാലും റാണയുടെ അഭിഭാഷകന്‍ തന്നെ പറഞ്ഞ പോലെ ഒരിക്കലുമൊരു പരല്‍ മീനല്ലാത്ത, തിമിംഗലം പോലെ ഭൂമിയിലെ തന്നെ നമ്പര്‍ വണ്ണായ ഒരാള്‍, അയാള്‍ തികച്ചും വ്യത്യസ്തനാണെങ്കില്‍ പോലും 166 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ പങ്കാളിയായിരുന്നോ എന്ന് വിസ്തരിക്കാന്‍ ഇന്ത്യക്കുള്ള അവകാശം ഒരിക്കലും ഇല്ലാതാവുന്നില്ല.
Who is Canadian pak citizen Tahawwur Hussain Rana
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."