ധോണിയുടെ കീഴിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ഓൾ റൗണ്ടർ ഏകദിനത്തിൽ നിന്നും വിരമിച്ചു
ഇന്ത്യൻ ഓൾ റൗണ്ടർ റിഷി ധവാൻ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. എംഎസ് ധോണിയുടെ കീഴിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ധവാൻ ഇന്ത്യക്കായി മൂന്ന് ഏകദിനവും ഒരു ട്വന്റി ട്വന്റിയിലുമാണ് കളിച്ചിട്ടുള്ളത്. 2016ൽ നടന്ന ഓസ്‌ട്രേലിയൻ പര്യടനത്തിൽ ആയിരുന്നു റിഷി ധവാൻ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇതേ വർഷം തന്നെ സിംബാബ്‌വെയ്‌ക്കെതിരെ ആയിരുന്നു താരം ട്വന്റി ട്വന്റിയിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം റിഷി ധവാന് ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമാവുകയായിരുന്നു.
2008ൽ ഹിമാചൽ പ്രദേശിനായിട്ടാണ് റിഷി ധവാൻ ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ഹിമാചൽ പ്രദേശിൻ്റെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായി റിഷി ധവാൻ മാറുകയായിരുന്നു. 2021-22 സീസണിൽ മികച്ച പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്. ആ സീസണിൽ വിജയ് ഹസാരെ ട്രോഫിയിൽ ഹിമാചൽ പ്രദേശിനെ കിരീടത്തിലേക്ക് നയിക്കാൻ റിഷി ധവാന് സാധിച്ചു. ലിസ്റ്റ് എ ടൂർണമെൻ്റിൽ 458 റൺസും 17 വിക്കറ്റും ആണ് താരം നേടിയത്.
135 ട്വന്റി ട്വന്റി മത്സരങ്ങളിൽ നിന്നും1740 റൺസും 118 വിക്കറ്റുകളും ആണ് താരം നേടിയത്. 134 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 2906 റൺസും 186 വിക്കറ്റുകളും റിഷി നേടി. ഏകദിനത്തിൽ നിന്നും വിരമിച്ചെങ്കിലും റിഷി ധവാൻ റെഡ് ബോൾ ക്രിക്കറ്റ് കളിക്കുന്നത് തുടരും. ജനുവരി 23ന് നടക്കുന്ന രഞ്ജി ട്രോഫിയിൽ റിഷി ധവാൻ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."