ബംഗളൂരുവിലേക്കും മിന്നൽ വരുന്നു ; നടപടി വേഗത്തിലാക്കി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് മിന്നൽ സർവിസ് തുടങ്ങാൻ കെ.എസ്.ആർ.ടി.സി. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഈയിടെ മൂകാംബിക, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് ആരംഭിച്ച മിന്നൽ സർവിസുകൾ ലാഭകരമായ സാഹചര്യത്തിലാണ് പുതിയ നീക്കം. മിന്നലിന്റെ സ്റ്റോപ്പുകളും റൂട്ടും ഈ മാസം തന്നെ തീരുമാനിക്കുമെന്നാണ് വിവരം.
തിരുവനന്തപുരത്ത് നിന്നും നിലവിൽ കെ.എസ്.ആർ.ടി.സിയുടെ സ്കാനിയ, വോൾവോ, എ.സി സ്ലീപ്പർ, നോൺ എ.സി സ്ലീപ്പർ, സൂപ്പർ ഡീലക്സ് തുടങ്ങിയ ബസുകൾ ബംഗളൂരുവിലേക്ക് സർവിസ് നടത്തുന്നുണ്ട്. കുറഞ്ഞ സ്റ്റോപ്പുകളുമായി മിന്നൽ ബസ് എത്തുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ മൂകാംബികയിലേക്ക് പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ദിവസവും രാത്രി എട്ടിന് പുറപ്പെടുന്ന ബസ് പിറ്റേന്ന് പുലർച്ചെ 6.20ന് കൊല്ലൂരിലെത്തും.
കൊല്ലൂരിൽ നിന്ന് രാത്രി 8ന് പാലക്കാട്ടേക്കും സർവിസ് നടത്തും. പാലക്കാട് സ്റ്റാൻഡിൽ നിന്ന് ദിവസവും വൈകിട്ട് 7.30ന് പുറപ്പെടുന്ന ബസ് പുലർച്ചെ 4.45ന് കന്യാകുമാരിയിലെത്തും. തിരിച്ച് കന്യാകുമാരിയിൽ നിന്ന് വൈകിട്ട് 7.45ന് പാലക്കാട്ടേക്ക് സർവിസ് ആരംഭിക്കും. 2017ലാണ് കെ.എസ്.ആർ.ടി.സി മിന്നൽ സർവിസ് തുടങ്ങിയത്.
സാധാരണ ഡീലക്സ് ബസിലെ നിരക്കും കുറഞ്ഞ സ്റ്റോപ്പുകളും മൂലം ബസ് സർവിസുകൾ പെട്ടെന്ന് ജനപ്രിയമായി. ഇതോടെ വിവിധ ഡിപ്പോകളിൽ നിന്നും ദീർഘദൂര സർവിസുകൾ മിന്നലായി അവതരിച്ചു. ഇവയെല്ലാം മികച്ച കളക്ഷനോടെ സർവിസ് തുടരുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."