ഗ്രാറ്റു വിറ്റി: സ്വകാര്യ സ്ഥാപനങ്ങളിൽ കർശനം, സർക്കാരിന് ബാധകമല്ല
കൽപ്പറ്റ: ഗ്രാറ്റുവിറ്റി നിയമം സ്വകാര്യ സ്ഥാപനങ്ങളിൽ കർശനമാക്കിയ സർക്കാർ, സ്വന്തം ജീവനക്കാരെ ഇതിൽ പരഗിണിക്കുന്നില്ലെന്ന് ആക്ഷേപം. പങ്കാളിത്ത പെൻഷൻ ജീവനക്കാരുടെ കാര്യത്തിലാണ് സർക്കാരിന് ഗ്രാറ്റുവിറ്റിയിൽ നിയമം ബാധകമല്ലാത്തത്. വിരമിച്ച പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട സർക്കാർ ജീവനക്കാരെയാണ് സർക്കാർ ഗ്രാറ്റ്വിറ്റി നൽകാതെ വഞ്ചിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് മരണാനന്തര വിരമിക്കൽ ഗ്രാറ്റുവിറ്റി എന്ന രീതിയിലാണ് നിലവിൽ ഡി.സി.ആർ.ജി (ഗ്രാറ്റുവിറ്റി) അനുവദിക്കുന്നത്.
പത്തോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് 1972ലെ പെയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ടിലെ വ്യവസ്ഥകൾ പ്രകാരം ഗ്രാറ്റ് വിറ്റി നൽകിയില്ലെങ്കിൽ തൊഴിലുടമയ്ക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കുന്ന സർക്കാർ, പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട് വിരമിച്ച 3,500ഓളം സർക്കാർ ജീവനക്കാർക്ക് അത് അനുവദിക്കേണ്ടതില്ലെന്ന് നിയമസഭയിൽ ഉൾപ്പെടെ പറഞ്ഞ് ജീവനക്കാരെ അപമാനിക്കുകയാണെന്നാണ് ജീവനക്കാരുടെ പരാതി.
ഡി.സി.ആർ.ജി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന റിവ്യൂ കമ്മിറ്റി ശുപാർശ പോലും സർക്കാർ അംഗീകരിച്ചിട്ടില്ല. നാല് വർഷത്തിനിപ്പുറവും ഇതുസംബന്ധിച്ച ഫയലിന്മേൽ സർക്കാർ തീരുമാനമെടുക്കാൻ തയാറായിട്ടില്ല. പദ്ധതി നടപ്പാക്കിയ കേന്ദ്രസർക്കാർ ജീവനക്കാർക്കും മറ്റ് ഇതര സംസ്ഥാന സർക്കാർ ജീവനക്കാർക്കുംഗ്രാറ്റുവിറ്റി നൽകുമ്പോഴാണ് തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്ന കേരളത്തിൽ ഈ അവഗണന.
കെ.എസ്.ആർ പാർട്ട് മൂന്നിലാണ് സർക്കാർ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകുന്നത് പറയുന്നത്. എന്നാൽ 2013 ഏപ്രിൽ ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് ഇത് ബാധകമല്ലെന്ന് വിജ്ഞാപനം ഉള്ളതിനാലാണ് ഡി.സി.ആർ.ജി നൽകാൻ സാധിക്കാത്തതെന്ന ന്യായമാണ് സർക്കാർ പറയുന്നത്. പ്രത്യേക ഉത്തരവുകൾ ഇറങ്ങാത്തതിനാലാണ് നൽകാത്തതെന്ന് ധനകാര്യ വകുപ്പും പറയുന്നു.
അതേസമയം 2013ന് ശേഷം സർവിസിൽ പ്രവേശിച്ച മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് ഡി.സി.ആർ.ജി നൽകുന്നുണ്ട്. ഇവർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതിയും നടപ്പിലാക്കിയിട്ടില്ലെന്നതാണ് വസ്തുത. ഇന്ത്യയിൽ എല്ലാ വിഭാഗം ജീവനക്കാർക്കും ഡി.സി.ആർ.ജി അനുവദിക്കുമ്പോഴാണ് കേരളത്തിലെ പങ്കാളിത്ത പെൻഷൻകാരെ മാത്രം പുറത്തു നിർത്തുന്നത്. ഇതിനെതിരേ സമരത്തിന് ഒരുങ്ങുകയാണ് പങ്കാളിത്ത പെൻഷൻ ജീവനക്കാർ.
തൊഴിൽ വകുപ്പിനും അറിയില്ല
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകുന്നില്ലെന്ന കാര്യം അറിയില്ലെന്ന് തൊഴിൽവകുപ്പ്. പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട ജീവനക്കാർക്ക് ഡി.സി.ആർ.ജി. അനുവദിക്കുന്നുണ്ടോ എന്ന വിവരാവകാശത്തിന് തൊഴിൽ വകുപ്പിൽ നൽകുന്നുണ്ടെന്ന മറുപടിയാണ് നൽകിയത്. എന്നാൽ ഇവിടെ ജോലി ചെയ്യുന്നവർക്കും ഗ്രാറ്റുവിറ്റി നൽകുന്നില്ലെന്നതാണ് വാസ്തവം. സർക്കാർ മേഖലയിലെ ഈ അനീതി ചോദ്യം ചെയ്യാൻ തൊഴിൽവകുപ്പും സർവിസ് സംഘടനകളും ഒരു ശ്രമവും ഇതുവരെ നടത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."